കോഴിക്കോട്∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ് കഴിഞ്ഞ് 5 മാസമായിട്ടും രാജ്യാന്തര താരങ്ങൾക്കുള്ള സമ്മാനത്തുകയടക്കം കുടിശികയായെന്ന് ആരോപണം. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച രാജ്യാന്തര കയാക്കിങ് മത്സരമാണ് കോഴിക്കോട് കോടഞ്ചേരിയിലെ പുലിക്കയത്തും തിരുവമ്പാടിക്കടുത്ത് ഇലന്തുകടവിലുമായി നടക്കുന്നത്. ടൂറിസം വകുപ്പും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലുമടക്കമുള്ളവരാണ് മത്സരങ്ങൾ നടത്തുന്നത്. കഴിഞ്ഞ ജൂലൈ 27നാണ് ഈ സീസണിലെ മത്സരങ്ങൾ സമാപിച്ചത്.
60 കയാക്കർമാർ പങ്കെടുത്തിരുന്നു. യുഎസും റഷ്യയുമടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള കയാക്കർമാർ ഒരു മാസത്തോളം ഇവിടെ താമസിച്ചാണ് മത്സരിച്ചത്.
വിജയികൾക്കുള്ള സമ്മാനത്തുക എഴുതിയ ചെക്കിന്റെ വലിയ മാതൃക സമാപനവേദിയിൽ കൈമാറി.
എന്നാൽ സമ്മാനത്തുക ഇതുവരെ നൽകിയിട്ടില്ലെന്നു ചില മത്സരാർഥികൾ പറഞ്ഞു. മത്സരത്തിനെത്തുന്ന വിദേശതാരങ്ങളുടെ യാത്രച്ചെലവ് 15 ദിവസത്തിനകം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആ തുകയും നൽകിയില്ലെന്നും ആരോപണമുണ്ട്.
കയാക്കിങ് മത്സരത്തിനു പുഴയിലേക്ക് ഉയരത്തിൽനിന്ന് കയാക്കുമായി എടുത്തുചാടാനുള്ള റാംപ് പണിതവർക്കും 50,000 രൂപയോളം കിട്ടാനുണ്ട്.
മത്സര ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങളുടെ ഉടമകൾക്കും തുക കുടിശികയാണ്. 9 വിദേശതാരങ്ങളെ ബെംഗളൂരുവിൽനിന്ന് കൊണ്ടുവരികയും തിരിച്ചെത്തിക്കുകയും ചെയ്ത വകയിൽ ഒരു ടാക്സി ഉടമയ്ക്കു മാത്രം 40,000 രൂപയോളം കിട്ടാനുണ്ട്. നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന കയാക്കർമാർക്ക് കോഴിക്കോട്ടെ മലയോരമേഖലയിലെ പുഴയുടെ ഒഴുക്ക് ഇഷ്ടമാണ്. പ്രകൃതിഭംഗിയും നാട്ടുകാരുടെ ആതിഥേയത്വവും അവരെ വീണ്ടും ഓരോ വർഷവും മത്സരത്തിനെത്തിക്കും.
എല്ലാ വർഷവും വാഗ്ദാനം ചെയ്ത തുക നൽകാൻ വൈകാറുണ്ട്. എന്നാൽ ഇത്തവണ പണം നൽകുന്നതു സംബന്ധിച്ച് ഒരു മറുപടിയും ടൂറിസം വകുപ്പ് അധികൃതർ നൽകിയില്ലെന്നാണ് മത്സരാർഥികളും മറ്റും ആരോപിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

