പട്ന: ബീഹാറിലെ ഗംഗാ സമതലങ്ങളിലെ സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
ഈ വിഷയത്തിൽ പുറത്തുവരുന്ന ആദ്യത്തെ വിലയിരുത്തലാണിത്. ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങളുടെ വിഷാംശം കാരണം ഇതിനോടകം ഏറെ ആശങ്കകൾ നിലനിൽക്കുന്ന മേഖലയാണ് ബീഹാറിലെ ഗംഗാ സമതലം.
സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് പഠനം നടത്തിയത്. നവജാത ശിശുക്കൾക്ക് അത്യന്താപേക്ഷിതമായ മുലപ്പാൽ തന്നെ അതീവ അപകടകാരിയായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂഗർഭജലത്തിലെ യുറേനിയം സാന്നിധ്യം ബീഹാറിലെ ജനജീവിതത്തിന് വലിയ ഭീഷണിയാണ്. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലായി 151 ജില്ലകളിൽ ഭൂഗർഭജലത്തിൽ യുറേനിയത്തിന്റെ അപകടകരമായ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ 1.7 ശതമാനവും ബീഹാറിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 40 അമ്മമാരെയും നവജാത ശിശുക്കളേയും പഠനവിധേയമാക്കി ബീഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള 40 മുലയൂട്ടുന്ന അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ നിന്ന് ശേഖരിച്ച മുലപ്പാൽ സാംപിളുകളിൽ യുറേനിയം 238-ന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഇതോടൊപ്പം, മുലയൂട്ടുന്ന അമ്മമാരിലെ കാർസിനോജെനിക് റിസ്കും ഹസാഡ് ക്വോഷിയന്റും വിലയിരുത്തി. യുറേനിയത്തിന്റെ തോത് അപകടകരമാംവിധം ഉയർന്ന നിലയിലാണെന്ന് പഠനത്തിൽ വ്യക്തമായി.
പരിശോധിച്ച എല്ലാ സാംപിളുകളിലും യുറേനിയം 238 കണ്ടെത്തിയതായും പഠനം വിശദമാക്കുന്നു. ഇത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും പഠനം മുന്നോട്ടുവെക്കുന്നു.
മുതിർന്നവരെ അപേക്ഷിച്ച് ശിശുക്കളുടെ ശരീരത്തിൽ നിന്ന് യുറേനിയം പുറന്തള്ളുന്നതിന്റെ അളവ് കുറവാണ് എന്നതാണ് പ്രധാന കാരണം. മുലപ്പാലിൽ കണ്ടെത്തിയ യുറേനിയത്തിന്റെ അളവ് വളരെ ഉയർന്നതാണെന്നും പഠനം പറയുന്നു.
പഠനത്തിന് വിധേയരായ 70 ശതമാനം കുട്ടികൾക്കും ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ശരീരഭാരം കുറവായതിനാൽ നവജാത ശിശുക്കൾ ഇത്തരം മൂലകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യും.
അവയവ വളർച്ച പൂർത്തിയാകാത്ത ശിശുക്കളിൽ യുറേനിയം അതീവ അപകടകാരിയാകാൻ ഇതാണ് കാരണം. യുറേനിയം അമിതമായി ശരീരത്തിലെത്തുന്നത് വൃക്കകളുടെ തകരാറ്, മാനസിക വൈകല്യങ്ങൾ, വളർച്ചാ മുരടിപ്പ്, ക്യാൻസർ സാധ്യത, തലച്ചോറിന്റെയും എല്ലുകളുടെയും വളർച്ചയെ പ്രതികൂലമായി ബാധിക്കൽ എന്നിവയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

