ഇരിങ്ങാലക്കുട ∙ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട
10 ലക്ഷം രൂപയിലധികം മൂല്യമുള്ള ക്രിപ്റ്റോ കറൻസി റൂറൽ പൊലീസ് തിരികെപ്പിടിച്ചു. കറൻസി തുടർന്ന് കോടതിയുടെ ഉത്തരവുപ്രകാരം ഔദ്യോഗിക ഹാർഡ്വെയർ ക്രിപ്റ്റോ വോലറ്റിലേക്ക് സുരക്ഷിതമായി മാറ്റി.
ക്രിപ്റ്റോ കറൻസി, ബിറ്റ് കോയിൻ തട്ടിപ്പുകൾ വഴി നഷ്ടപ്പെട്ട പണം തിരികെപ്പിടിക്കുന്നത് കേരളത്തിൽ ആദ്യമായാണെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 2023 നവംബർ 24 മുതൽ 2024 ജനുവരി 28 വരെയുള്ള കാലയളവിൽ 1.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
ഇതു സംബന്ധിച്ച് നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നൽകിയ പരാതിയെത്തുടർന്ന് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ പ്രതിയുടെ സെബ്പേ എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് വാലറ്റിൽ ഏകദേശം 10 ലക്ഷം രൂപ മൂല്യമുള്ള 11,72 യൂണിറ്റ് യുഎസ്ഡിടി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
ഈ തുക തിരികെപ്പിടിക്കുന്നതിനായി അന്വേഷണ സംഘം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇത്തരം സൈബർ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിൽ തട്ടിപ്പിനിരയാകുന്നവരുടെ പണം തിരികെ ലഭിക്കാനായി പൊലീസ് പ്രത്യേക ഹാർഡ്വെയർ വോലറ്റ് നേരത്തെ വാങ്ങിയിരുന്നു.
പ്രതിയിൽ നിന്ന് ഈ സുരക്ഷിത വോലറ്റിലേക്ക് പൊലീസ് മാറ്റുന്ന ക്രിപ്റ്റോ കറൻസി കോടതിയുടെ അന്തിമ ഉത്തരവ് ലഭിക്കുന്നതിന് ശേഷം പരാതിക്കാരന്റെ സ്വന്തം വോലറ്റിലേക്ക് മടക്കി നൽകുമെന്നും പൊലീസ് അറിയിച്ചു.
ഡിസിആർബി ഡിവൈഎസ്പി വർഗീസ് അലക്സാണ്ടർ, റൂറൽ സൈബർ ക്രൈം സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്.സുജിത്, എസ്ഐ ബെന്നി ജോസഫ്, ജിഎസ്ഐ അനൂപ്, സിപിഒ ശ്രീനാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

