ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് ഇടിഞ്ഞു. ഇന്ന് വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ രൂപ 89.48 വരെയെത്തി.
സെപ്റ്റംബർ അവസാനം കുറിച്ച 88.80 എന്ന റെക്കോർഡ് പഴങ്കഥയായി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാൽ ഡോളർ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ 98ൽ ആയിരുന്നത് ഇപ്പോൾ 100ന് മുകളിലെത്തി.
യുഎസിൽ തൊഴിൽ വിപണി വീണ്ടും ഉഷാറായ പശ്ചാത്തലത്തിലാണ് പലിശയിളവിനുള്ള സാധ്യത കുറഞ്ഞത്. കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത ഇല്ല.
ഇന്ത്യൻ ഓഹരി വിപണികൾ നേരിട്ട
തളർച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ൽ ഇതുവരെ ഇന്ത്യൻ ഓഹരികളിൽ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും അനിശ്ചിതത്വം വിട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മർദമായി.
യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മൂല്യം ഇടിയാനുള്ളൊരു കാരണമാണ്. ഇന്ത്യയുടെ വിദേശ നാണയ ശേഖരം (ഫോറക്സ് റിസർവ്) നവംബർ 7ന് സമാപിച്ച ആഴ്ചയിൽ 2.7 ബില്യൻ ഡോളർ ഇടിഞ്ഞ് 687.03 ബില്യൻ ഡോളറിൽ എത്തിയിരുന്നു.
ഒറ്റദിവസം, വൻ വീഴ്ച
രൂപ ഇന്ന് ഒറ്റദിവസം ഡോളറിനെതിരെ താഴ്ന്നത് 80 പൈസ.
കഴിഞ്ഞ മേയ് 8നുശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു.
അതേസമയം, രൂപ കൂടുതൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് ഇടപെട്ടേക്കും. പൊതുമേഖലാ ബാങ്കുകൾ വഴി കരുതൽ ശേഖരത്തിൽനിന്ന് ഡോളർ വൻതോതിൽ വിറ്റൊഴിഞ്ഞാകും റിസർവ് ബാങ്കിന്റെ ‘രക്ഷാപ്രവർത്തനം’.
ഇന്ന് രാവിലെ ഡോളറിനെതിരെ 3 പൈസ ഉയർന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വൻ വീഴ്ച.
പ്രവാസികൾക്ക് നേട്ടം, ആഭ്യന്തര വിപണിക്ക് കോട്ടം
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ഉയർന്ന താരിഫ് ഭാരം തിരിച്ചടിയാകുന്നുണ്ട്.
രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.
∙ ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും.
∙ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്വ്യവസ്ഥയെയും സമ്മർദത്തിലാക്കും.
∙ വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്.
ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും.
∙ പ്രവാസികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്. നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനുള്ള സുവർണാവസരം.
ഉദാഹരണത്തിന് കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 88 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 89.48 രൂപ. കഴിഞ്ഞമാസം 1000 ഡോളർ അയച്ചപ്പോൾ കിട്ടിയത് 88,000 രൂപയാണെങ്കിൽ ഇപ്പോൾ 89,480 രൂപ.
∙ ഡോളറിന് ആനുപാതികമായി ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നു.
∙ യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം പണമയക്കലിന് ഏറെ അനുകൂലമെന്നു കരുതുന്ന റേഞ്ചായ 24ന് മുകളിലാണുള്ളത്. ചില ഫോറക്സ് സ്ഥാപനങ്ങൾ 24.5 രൂപവരെ ദിർഹത്തിന് നൽകുന്നുണ്ട്.
∙ നിലവിൽ ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

