റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള റിഫൈനറിയിൽ ഇനിമുതൽ റഷ്യൻ എണ്ണയ്ക്കുപകരം ഗൾഫ് മേഖലയിൽ നിന്നുംമറ്റുമുള്ള ബദൽ എണ്ണയായിരിക്കും ഉപയോഗിക്കുക.
ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയാണ് റിലയൻസിന് കീഴിൽ ജാംനഗറിലുള്ളത്.
യൂറോപ്പ്, യുഎസ്, മറ്റ് ചില രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഊന്നിയാണ് റിഫൈനറിയുടെ പ്രവർത്തനം. നവംബർ 20നകം തന്നെ റഷ്യൻ എണ്ണയുടെ ഇറക്കുമതി അവസാനിപ്പിച്ചെന്നും ഡിസംബർ ഒന്നുമുതൽ ജാംനഗറിൽ നിന്നുള്ള കയറ്റുമതി പൂർണമായും റഷ്യൻ ഇതര എണ്ണയുടേതാകുമെന്നും റിലയൻസ് അധികൃതർ പറഞ്ഞു.
ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് (സെസ്) പ്രതിദിനം 14 ലക്ഷം ബാരൽ സംസ്കരണശേഷിയുള്ള റിലയൻസിന്റെ റിഫൈനറി.
ഇതു പൂർണമായും കയറ്റുമതിക്കുള്ളതാണ്. ഒപ്പം, ആഭ്യന്തര വിപണിയിലെ വിതരണം ലക്ഷ്യമിട്ടുള്ള പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.
യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ചട്ടങ്ങളെ എന്നും പാലിച്ചിട്ടുള്ള ചരിത്രമാണ് റിലയൻസ് ഇൻഡസ്ട്രീസിനുള്ളതെന്നും റഷ്യൻ എണ്ണയുടെ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനൊപ്പം കമ്പനി നിൽക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് റഷ്യൻ എണ്ണക്കമ്പനികളായ ലൂക്കോയില്, റോസ്നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുമേഖയിൽ നിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിട്ടുണ്ട്.
നേരത്തേയുള്ള കരാർ പ്രകാരമുള്ള എണ്ണമാത്രമാണ് നിലവിൽ എത്തുന്നത്.
റോസ്നെഫ്റ്റുമായി റിലയൻസിന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം എണ്ണ ഇറക്കുമതി ചെയ്യാൻ കരാർ ഉണ്ടായിരുന്നു. ഉപരോധ പശ്ചാത്തലത്തിൽ കരാർ അനുസരിച്ചുള്ള ഇറക്കുമതിയും നടത്തില്ലെന്ന് റിലയൻസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയ ഉപോൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യുകയാണ് ജാംനഗർ റിഫൈനറിയിലൂടെ റിലയൻസ് നടത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

