ആലപ്പുഴ ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കു വൻതുകകൾ വന്നെന്നു കണ്ടെത്തൽ. ആലപ്പുഴ ഡിഇഒ ഓഫിസിലെ ഒരു ക്ലാർക്കിന്റെ അക്കൗണ്ടിലേക്ക് 1.40 ലക്ഷം രൂപ യുപിഐ വഴി നിക്ഷേപിച്ചതായി കണ്ടെത്തി.
കുട്ടനാട് ഡിഇഒ ഓഫിസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ടു സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്കിന്റെ അക്കൗണ്ടിലേക്ക്, ഇതിനു കീഴിൽ വരുന്ന സ്കൂളുകളിലെ രണ്ടു ക്ലാർക്കുമാരുടെ അക്കൗണ്ടിൽ നിന്ന് 77,500 രൂപ യുപിഐ വഴി അയച്ചതായി കണ്ടെത്തി. പല ഓഫിസുകളിലും ഫയലുകൾ അകാരണമായി വച്ചു താമസിപ്പിക്കുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ ഇന്നലെ രാവിലെ മുതലായിരുന്നു വിജിലൻസ് പരിശോധന.
ജില്ലയിൽ ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡിഇഒ ഓഫിസുകളിലും ചെങ്ങന്നൂർ ആർഡിഡി ഓഫിസിലും ചെങ്ങന്നൂർ വിഎച്ച്എസ്സി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലുമാണു പരിശോധന നടത്തിയത്.ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എയ്ഡഡ് സ്കൂളുകളിലെ അധ്യാപക–അനധ്യാപകരുടെ സർവീസ് സംബന്ധമായ വിഷയങ്ങളിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും 7 റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലും 7 അസി. ഡയറക്ടർ ഓഫിസുകളിലുമാണു റെയ്ഡ് നടത്തിയത്.ജില്ലയിൽ ആലപ്പുഴ വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി കെ.വി.ബെന്നി, ഇൻസ്പെക്ടർമാരായ എം.കെ.പ്രശാന്ത് കുമാർ, എം.സി.ജിംസ്റ്റൽ, ഷൈജു ഇബ്രാഹിം, സജു എസ്.ദാസ്, മനു എസ്.നായർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

