മരങ്ങാട്ടുപിള്ളി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈപ്പൻ നടന്ന ദൂരമെത്രയാകും? തൊണ്ടു വഴിയും കുത്തുകല്ലും നിറഞ്ഞ വഴിയിലൂടെ നടന്നു തുടങ്ങിയ ഈപ്പൻ പുതുവഴികളിലൂടെയും വോട്ടഭ്യർഥനയുമായി നടപ്പിലാണ്. 91ാം വയസ്സിലാണ് പത്തൊൻപതുകാരനെപ്പോലെ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് പുത്തൻപറമ്പിൽ പി.എം.ഈപ്പൻ പ്രചാരണത്തിൽ സജീവമാകുന്നത്.
കേരള കോൺഗ്രസ് രൂപീകരണ കാലം മുതൽ കെ.എം.മാണിക്കൊപ്പം. ഇപ്പോഴും കേരള കോൺഗ്രസി (എം) ൽ സജീവം.
1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചതു മുതൽ നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ്.
ആദ്യം പാലായിൽ. 2011 മുതൽ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയിൽ.
ഇത്രയും വർഷം നിയോജക മണ്ഡലം കമ്മിറ്റിയിൽ അംഗമായ മറ്റൊരാളില്ല. 1934ൽ ജനിച്ച ഈപ്പൻ 1956ലാണു കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ സജീവമായത്.
1964 മുതൽ കേരള കോൺഗ്രസിൽ.
സംഘാടനത്തിൽ അന്നു മുതൽ സജീവം. വർഷം ഓർമയില്ലെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിലെ രസകരമായ ഒരു ഓർമ ഈപ്പൻ പറയുന്നു: പാലാ ബസ് സ്റ്റാൻഡ് പരിസരത്ത് രാഷ്ട്രീയ സംഘർഷം.
കല്ലുകൾ മഴ പോലെ പെയ്യുന്നു. ഓടി സ്റ്റാൻഡിലേക്ക് കയറിയപ്പോൾ പൊലീസ് ഓടിയെത്തുന്നു.
ഒരു പൊലീസുകാരൻ ഷർട്ടിൽ കുത്തിപ്പിടിച്ചു.
അടി കിട്ടിയെന്ന് ഉറപ്പിച്ചു. അടി മേടിക്കാതെ ഏതെങ്കിലും ബസിൽ കയറിപ്പോടാ..
പൊലീസുകാരന്റെ ശബ്ദം കേട്ടാണ് മുഖമുയർത്തിയത്. ഷർട്ടിൽ പിടികൂടിയത് ക്ലാസ്മേറ്റായ പി.കെ.കേശവൻ.
തല്ലു കിട്ടാതെ അന്ന് രക്ഷപ്പെട്ടു. ഓർമത്തിളക്കത്തിൽ ഈപ്പന്റെ മുഖത്ത് ചെറു പുഞ്ചിരി.
കേശവൻ കുറച്ചു വർഷം മുൻപ് അന്തരിച്ചുവെന്നു പറഞ്ഞപ്പോൾ ഓർമകളിൽ സങ്കടനനവ്.
1980ൽ പഞ്ചായത്തംഗമായി. അയൽതർക്കം തീർക്കലായിരുന്നു അന്നു മുഖ്യം.
ആരെയെങ്കിലും പൊലീസ് പിടിച്ചാൽ ജാമ്യത്തിൽ എടുക്കുക അടുത്ത ജോലി. മണ്ണുവഴികളാണ് അന്ന്.
റോഡ് ടാർ ചെയ്യാനുള്ള ഫണ്ട് അന്നു പഞ്ചായത്തിനില്ല. പഞ്ചായത്തംഗമായാൽ കയ്യിൽനിന്ന് കാശുപോകുന്ന അവസ്ഥയാണ്.
പ്രചാരണച്ചെലവ് സ്വന്തമായാണു വഹിച്ചിരുന്നത്. ചെണ്ടക്കപ്പയാണ് പ്രചാരണത്തിനിടയിലെ പ്രധാന വിഭവം.
രാത്രി യോഗം കഴിഞ്ഞ് മെഴുകുതിരി തെളിച്ച് വീട്ടിലേക്ക് ഒറ്റ നടപ്പാണ്.ചെറിയ തൊണ്ടു വഴികളാണ് കൂടുതൽ.
വീട്ടുകാരെയൊക്ക പേരെടുത്ത് വിളിക്കും. അവരോട് സംസാരിക്കും.
അതാണ് അന്നത്തെ ജനസമ്പർക്കം. തിരഞ്ഞെടുപ്പിന് വീടു കയറുമ്പോൾ ഈ ബന്ധം സഹായിക്കും.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ ഇപ്പോഴും ഈപ്പന്റെ ഉപദേശം തേടുന്നുണ്ട്. യോഗങ്ങളിൽ പങ്കെടുക്കും.
വീടു കയറാൻ ഇപ്പോഴും സ്ഥാനാർഥികൾക്ക് ഒപ്പം പോകും. ചെറു ദൂരങ്ങൾ നടക്കാൻ മടിയില്ല.
ചെറിയ കേൾവിക്കുറവ് മാത്രമാണ് ആരോഗ്യ പ്രശ്നം.
ജീവിതശൈലീ രോഗങ്ങൾ ഒന്നുമില്ല. വൈകിട്ട് സ്ഥിരം 3–4 കിലോമീറ്റർ നടപ്പുണ്ട്.
ചിക്കനും ചില മീനുകളും ഒഴികെ എന്തും കഴിക്കും. വൈകിട്ട് 4ന് ആഹാരം കഴിച്ചാൽ പിന്നെ പിറ്റേന്നു രാവിലെ മാത്രമാണ് ഭക്ഷണം.
ഇതാണ് ഈപ്പൻ സ്റ്റൈൽ ഡയറ്റ്. തിരഞ്ഞെടുപ്പായാൽ ആവേശമാണ്.
മാണി സാറിന്റെ ഓർമകൾ എപ്പോഴും കൂടെയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

