കൊരട്ടി ∙ മധുരവാക്കിന്റെ തേൻതുള്ളി കിനിയുന്ന മലയാള മനോരമ ഹോർത്തൂസ് ‘പദ’യാത്രയെ സാംസ്കാരിക ജില്ലയായ തൃശൂർ ഹൃദയപൂർവം വരവേറ്റു. പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലായിരുന്നു ജില്ലയിലെ പര്യടനത്തിന്റെ തുടക്കം.
കൊരട്ടിയുടെ നാട്ടുവാക്കായി നൈപുണ്യ ക്യാംപസ് ‘നെടുങ്കോട്ട’യെ യാത്രയിൽ എഴുതിച്ചേർത്തു. ടിപ്പുവിന്റെ പടയോട്ടത്തെ തകർക്കാൻ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളുടെ അതിരിനോടു ചേർന്നു കാർത്തിക തിരുനാൾ രാമവർമ വൻമതിൽ പോലെ നിർമിച്ച കോട്ടയാണു പിന്നീടു കൊരട്ടിയുടെ വായ്മൊഴിയിൽ നെടുങ്കോട്ടയെന്ന പേരിൽ പെരുമ നേടിയത്.
വാക്കിന്റെ ചാരുതയ്ക്കൊപ്പം ആട്ടവും പാട്ടും ചോദ്യങ്ങളും ഉത്തരങ്ങളും കൈനിറയെ സമ്മാനങ്ങൾ ലഭിച്ചതിന്റെ സന്തോഷക്കെട്ടു പൊട്ടിച്ച ആരവങ്ങളും കോളജിന്റെ മുറ്റത്ത് അലയടിച്ചു.
കോളജ് പ്രിൻസിപ്പൽ ഫാ.ഡോ.പോൾ കൈത്തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ഗ്ലാഡ്സൺ ജോർജ്, മലയാള മനോരമ ന്യൂസ് റപ്രസന്റേറ്റീവ് ലാലുമോൻ ചാലക്കുടി, വിദ്യാർഥി പ്രതിനിധി ഏയ്ഞ്ചലീന സജീവ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ മെറിൻ ജോസ് ബാബു, ആൻ സലോമി ജോസ്, റോസ്ന ബൈജു, ഹെൽന തോമസ്, ലയ തെരേസ പ്രിൻസ്, ദയ സുരേഷ്, കെ.എസ്.ഗോപിക എന്നിവരാണു കലാപരിപാടികൾക്കു നേതൃത്വം നൽകിയത്.
മണ്ണുത്തിയിലെ ഗഡികൾ
മണ്ണുത്തി∙ ഡോൺ ബോസ്കോ കോളജ് പാട്ടും നൃത്തവും മത്സരങ്ങളുമായാണ് പദയാത്രയെ വരവേറ്റത്. വൈസ് റെക്ടർ ഫാ.ദേവസ്സിക്കുട്ടി കൊല്ലംകുടി, ‘ഗഡി’ എന്ന വാക്ക് എഴുതിയപ്പോൾ കുട്ടികൾ ആവേശത്തോടെ ആ വാക്ക് ഏറ്റുവിളിച്ച് തൃശൂരിന്റെ സ്വന്തം ഗഡികളായി.
അഡ്മിനിസ്ട്രേറ്റർ ഫാ.എം.റൂബിൻ, കോളജ് കൗൺസിലർ ഫാ. ജോർജ് നെടുംകല്ലേൽ, വൈസ് പ്രിൻസിപ്പൽ മിനു തോമസ്, മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ എന്നിവർ പ്രസംഗിച്ചു.
വാക്കിന്റെ വൻമതിൽ
ചാലക്കുടി ∙ മനോരമ ഹോർത്തൂസ് പദയാത്രയെ വരവേൽക്കാൻ നാട്ടുവാക്കുകൾ കൊണ്ടു വൻമതിലൊരുക്കി സേക്രഡ് ഹാർട്ട് കോളജ്.
ഒപ്പം വസ്തുക്കളെ പ്രദർശിപ്പിച്ച് അവയ്ക്കു പ്രാദേശികമായ പേരുകളും അവർ കുറിച്ചിട്ടു.നാടൻപാട്ടിന്റെയും അഭിനയത്തിന്റെയും സുൽത്താനായിരുന്ന കലാഭവൻ മണിയുടെ നാട്ടിൽ കലയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും പൂരമായി പദയാത്ര മാറി. വാക്കുകൾക്കൊപ്പം നടന്നും ആടിയും പാടിയും ആർപ്പുവിളിച്ചും സേക്രഡ് ഹാർട്ട് ചാലക്കുടിയുടെ ആവേശമറിയിച്ചു.
നാടിന്റെ വാക്കായി ‘ചങ്ങായി’യെ ക്യാംപസ് തിരഞ്ഞെടുത്തു.
വിവിധ ജില്ലകളിൽ നിന്നു പഠിക്കാനെത്തി ചാലക്കുടിക്കാരായി മാറിയ വിദ്യാർഥികൾ സംശയമൊന്നുമില്ലാതെ തിരഞ്ഞെടുത്ത ആ വാക്കിന്റെ മനോഹാരിതയെ ചങ്ങാത്തത്തിന്റെയും സംസ്കാരത്തിന്റെയും ചിരിയുടെയും നാട്ടടയാളമായി എഴുതിയിട്ടു.പര്യടനം ഉദ്ഘാടനം ചെയ്ത കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ഐറിൻ വാക്ക് പ്രകാശനം ചെയ്തു. കെമിസ്ട്രി വിഭാഗം മേധാവി ഡോ.സന്തോഷ് പോൾ പ്രസംഗിച്ചു.
യൂണിയൻ കോഓർഡിനേറ്റർമാരായ ഡോ.
എ.എൽ.ലൈന, പി.അഞ്ചൽ ജോസഫ്, ഫൈൻ ആർട്സ് കോഓർഡിനേറ്റർമാരായ വി.പി.പൗർണമി, സി.ബി.മേഘ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കെ.ചന്ദന എന്നിവർ നേതൃത്വം നൽകി. കലയുടെ ചേല് കാഴ്ച വച്ച മിടുക്കികൾക്കു കൈനിറയെ സമ്മാനങ്ങൾ നൽകിയായിരുന്നു യാത്ര അടുത്ത കേന്ദ്രത്തിലേക്കു നീങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

