മൂന്നാർ ∙ സ്പെഷൽ പ്രോസിക്യൂട്ടർമാർ വാഴാതെ ദേവികുളത്തെ അതിവേഗ പോക്സോ കോടതി. ഒന്നര മാസം മുൻപ് ചുമതലയേറ്റ സ്പെഷൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് പോക്സോ കോടതിയുടെ പ്രവർത്തനം വീണ്ടും അവതാളത്തിലായത്.
ഒന്നര വർഷമായി പ്രോസിക്യൂട്ടർമാരില്ലാതെ പ്രവർത്തനം നിലച്ചു കിടന്ന കോടതിയിൽ കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെയാണ് ദേവികുളം സ്വദേശിനിയായ അഭിഭാഷക നിയമിതയായത്. ചുമതലയേറ്റെങ്കിലും വ്യക്തിപരമായ കാരണങ്ങൾ മൂലം ഇവർ കഴിഞ്ഞ ദിവസം രാജിവയ്ക്കുകയായിരുന്നു.
പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ ദേവികുളം പോക്സോ കോടതിയിൽ കഴിഞ്ഞ ഒന്നര വർഷമായി ഇരുനൂറിലധികം കേസുകളാണ് വിചാരണയും വിധിയും കാത്തു കിടക്കുന്നത്.
2022 ഡിസംബറിൽ സ്ഥാപിതമായ കോടതിയിൽ ജോലി ചെയ്തിരുന്ന പ്രോസിക്യൂട്ടർ 2024 ജൂലൈ 31ന് രാജിവച്ചു. ഇതിനു ശേഷം ഇടുക്കി പോക്സോ കോടതിയിലെ പ്രോസിക്യൂട്ടർക്ക് പകരം ചുമതല നൽകിയെങ്കിലും യാത്രാദുരിതം മൂലം ഇദ്ദേഹം ജാമ്യാപേക്ഷകളിലും മറ്റും ഓൺലൈനായി പങ്കെടുക്കുക മാത്രമാണ് ചെയ്തിരുന്നത്.
പ്രോസിക്യൂട്ടർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളായ ഓഫിസ് മുറി, കേസ് ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, അതിജീവിതകളുമായി രഹസ്യ സംഭാഷണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഒന്നും പോക്സോ കോടതിയിലില്ല.
ഒന്നര വർഷത്തിനു ശേഷം നിയമിച്ച പ്രോസിക്യൂട്ടറും രാജിവച്ചതോടെ വിചാരണകളോ വിധികളോ നടത്താൻ കഴിയാതെ പ്രത്യേക കോടതിയുടെ പ്രവർത്തനം വീണ്ടും അവതാളത്തിലായിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

