ശബരിമല ∙ സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണ സംഘം ശബരിമല സന്നിധാനത്തെ പാളികളിലെ സ്വർണ സാംപിളുകൾ ശേഖരിച്ചു. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയതും അതിനു ശേഷം 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൊണ്ട് സ്വർണം പൂശിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയാണു പരിശോധനയുടെ ലക്ഷ്യം.
സ്വർണ കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം സാംപിൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം പ്രത്യേക സംഘം കോടതിയെ അറിയിക്കും.
ഇന്നലെ ഉച്ചപ്പൂജയ്ക്കു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്ഞവാങ്ങിയായിരുന്നു തുടക്കം.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം , ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്വർണം, ചെമ്പ് എന്നിവയുടെ മൂലവും കാലപ്പഴക്കവും തിരിച്ചറിയാൻ വിദഗ്ധൻ അനു അനന്തനെയും എത്തിച്ചിരുന്നു.
ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് വശത്തെ മൂലയിലുള്ള സ്വർണപ്പാളി ആദ്യം ഇളക്കിയെടുത്തു.
പിന്നീട് 3 മൂലയിലെയും കൂടി ഇളക്കി. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ സാംപിൾ ശേഖരിക്കാനായിരുന്നു ഇത്.
പിന്നീട് 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളി ഇളക്കി എടുത്തു തൂക്കം നോക്കി. കേസിൽ ഉൾപ്പെട്ട
ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തി.
ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെയും സാംപിൾ ശേഖരിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശി നൽകിയ ദ്വാരപാലക ശിൽപത്തിലെ പീഠമാണ് പരിശോധനയ്ക്കായി അഴിച്ചെടുത്തത്.
ഓരോ ഭാഗം അഴിക്കുമ്പോഴും പൊലീസ് ഫൊട്ടോഗ്രഫർ അതിന്റെ ചിത്രങ്ങൾ എടുത്തു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് ഇവയുടെ തൂക്കം പരിശോധിച്ച് രേഖപ്പെടുത്തിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി എക്സിക്യൂട്ടീവ് ഓഫിസിനു സമീപം ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും മുറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്കുള്ള ലാബ് ക്രമീകരിച്ചിരുന്നത്.
ശേഖരിച്ച സാംപിളുകൾ ഫിസിക്കൽ, കെമിക്കൽ, സ്പെക്ട്രോസ്കോപിക് അനാലിസിസ്, മൈക്രോ സ്ട്രക്ചർ തുടങ്ങിയ പരിശോധനകൾക്കു വിധേയമാക്കി.
സ്വർണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും (പ്യൂരിറ്റി) കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പുറമേ ദേവസ്വം ബോർഡ് മുൻ കമ്മിഷണറും മുൻ പ്രസിഡന്റുമായ എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർ റിമാൻഡിലാണ്.
മറ്റുപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള പ്രതികളെ പ്രത്യേക സംഘം ചോദ്യം ചെയ്യുക.
ആറാംപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിലെ ആറാംപ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ചെമ്പഴന്തി സ്വദേശി എസ്.
ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കെ.
ബാബുവാണു ഹർജി പരിഗണിച്ചത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയതുമായി ബന്ധപ്പെട്ട
2019 ജൂലൈ 19ലെയും 20ലെയും മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളെന്ന നിലയിലാണു ശ്രീകുമാറിനെ പ്രതിചേർത്തത്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ മഹസറുകളിൽ സാക്ഷിയായി ഒപ്പിടുകയായിരുന്നെന്നും ഹർജിയിൽ അറിയിച്ചു.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഡിസംബർ ഒന്നിനു വീണ്ടും പരിഗണിക്കും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

