കുമ്പള ∙ ആരിക്കാടി ടോൾ പ്ലാസ പ്രശ്നത്തിൽ പ്രദേശവാസികൾക്ക് ടോൾ ഒഴിവാക്കി പ്രശ്നപരിഹാരത്തിന് നീക്കവുമായി എൻഎച്ച്എഐ. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രയും ചർച്ച നടത്തിയാണ് ഈ പരിഹാരം മുന്നോട്ടു വയ്ക്കുന്നതെന്നാണ് സൂചന.
ആരിക്കാടിയിലെ ടോൾ പിരിവ് ഉടൻ ആരംഭിക്കാൻ കഴിഞ്ഞാൽ ടോൾ പ്ലാസയ്ക്ക് 5 കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്ക് യാത്ര സൗജന്യമാക്കും. ടോൾ പ്രവർത്തിക്കുന്ന അത്ര കാലവും ഇതു തുടരും.
വാഹനങ്ങളുടെ നമ്പർ വച്ചായിരിക്കും സൗജന്യ യാത്രയെന്നാണ് വിവരം.
മറ്റു റജിസ്ട്രേഷനുകളുള്ള വാഹന ഉടമകൾക്ക് വീട്ടുനമ്പർ, വൈദ്യുതി ബിൽ തുടങ്ങിയവ കാട്ടിയും സൗജന്യമായി ടോൾ കടക്കാമെന്ന് ദേശീയപാത അതോറിറ്റിയോട് അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു. പക്ഷേ, ടോൾ ഉടൻ ആരംഭിക്കാൻ സാധിച്ചലേ ഇതു നടപ്പാക്കൂ എന്നാണ് സൂചന.
ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ വിധി വരുന്നതു വരെ കാത്തിരുന്നാൽ ഈ സൗജന്യമുണ്ടാകില്ല.
അങ്ങനെ വന്നാൽ സമീപവാസികൾക്കും ടോൾ നൽകേണ്ടി വരും. കേസ് ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു.
കലക്ടറടക്കം ഇടപെട്ട സാഹചര്യത്തിലാണ് എൻഎച്ച്എഐ ഇത്തരമൊരു നീക്കം നടത്തുന്നത്.
ടോൾ പ്ലാസയ്ക്കെതിരെ മാസങ്ങളായി ആക്ഷൻ കമ്മിറ്റി സമരം നടത്തുകയാണ്.
ഇതോടൊപ്പം ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു. കോടതിയിൽ ഹർജി പരിഗണിക്കുന്നത് പലപ്പോഴായി നീട്ടുകയായിരുന്നു.
ഇതിനിടെ ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി.
ആരിക്കാടിയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെ കർണാടകയിലെ തലപ്പാടിയിൽ മറ്റൊരു ടോൾ പ്ലാസയുണ്ട്. ഇത്രയും ദൂരത്തിനിടയിൽ 2 ടോൾ പ്ലാസകൾ പാടില്ലെന്ന നിയമം ലംഘിച്ചാണ് ടോൾ പിരിക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റി വാദം.
ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമായി മാത്രം നിർമിച്ചതാണ് എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
രണ്ടാം റീച്ച് ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നതു വരെ മാത്രമാണ് ആരിക്കാടിയിൽ ചുങ്കം പിരിക്കുകയെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

