കൊച്ചി/പത്തനംതിട്ട ∙ ശബരിമലയിൽ കാനനപാതയിലൂടെ ഓരോ ദിവസവും കടത്തിവിടാവുന്ന തീർഥാടകരുടെ എണ്ണം കണക്കാക്കി പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
ജില്ലാ പൊലീസ്, ആരോഗ്യ സേവന വിഭാഗം, ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ് എന്നിവയുമായി ഏകോപനം നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനു നടപടി സ്വീകരിക്കണം.
ഭൂപ്രകൃതി, ജനങ്ങളുടെ എണ്ണം, അടിയന്തര സാഹചര്യങ്ങളിൽ ഒഴിപ്പിക്കാനുള്ള സൗകര്യം, പരിസ്ഥിതി തുടങ്ങിയവ കണക്കിലെടുക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട
ദേവസ്വം ബെഞ്ച് നിർദേശം നൽകി.
ശബരിമല നട തുറക്കുന്ന ദിവസത്തിന് മുൻപ് എരുമേലിയിൽ നിന്നുള്ള കാനനപാത തുറന്നുനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ താമസിക്കുന്ന വി.ശ്യാംമോഹൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് നിർദേശങ്ങൾ.
കാനന പാതയിൽ പ്രതികൂല കാലാവസ്ഥ, അടിയന്തര സാഹചര്യം തുടങ്ങിയവയെ തുടർന്ന് സ്വീകരിക്കുന്ന നിയന്ത്രണങ്ങളും അറിയിക്കണം.
തീർഥാടകരുടെ എണ്ണം പരമാവധിയിലും അധികമാകുമ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ നൽകണം, ഇതനുസരിച്ചുള്ള നിയന്ത്രണങ്ങളും അറിയിക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, ആരോഗ്യ സേവന വിഭാഗം, വനം വകുപ്പ്, എൻഡിആർഎഫ് എന്നിവരുടെ സംയോജിത കൺട്രോൾ റൂം പ്രവർത്തിക്കണം. വിവരങ്ങളും മാർഗനിർദേശങ്ങളും വെർച്വൽ ക്യൂ, പോർട്ടൽ, അയ്യൻ മൊബൈൽ ആപ് തുടങ്ങിയവയിൽ നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മതസ്വാതന്ത്ര്യം നിയന്ത്രണ വിധേയമെന്ന് കോടതി
കൊച്ചി ∙ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് പൊതുക്രമത്തിന്റെയും ധാർമികതയുടെയും പൊതുജനാരോഗ്യത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല നട തുറക്കുന്ന ദിവസത്തിനു മുൻപ് കാനന പാത തുറന്നു നൽകാത്തതു തന്റെ മത സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന ഹർജിക്കാരന്റെ വാദത്തെ തള്ളിയാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ ജീവനു സംരക്ഷണം നൽകാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് മതസ്വാതന്ത്ര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നു കോടതി ചൂണ്ടിക്കാട്ടി.
ഭരണപരവും സുരക്ഷിതവുമായ വിവിധ വശങ്ങളും വിലയിരുത്തിയാണ് കാനനപാത തുറക്കുന്നത്.
വ്യക്തിപരമായ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന് നിർബന്ധിക്കാനാവില്ലെന്നു കോടതി പറഞ്ഞു. പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തണമെന്ന് ആചാരപരമായ നിർദേശമില്ല.
അതിനാൽ ഹർജിക്കാരന് ഏകപക്ഷീയമായി ഈ ആവശ്യം ഉന്നയിക്കാനാകില്ല. നട
തുറക്കുന്ന 17ന് തന്നെ ദർശനത്തിന് ചീട്ടെടുത്തതിനാൽ 15ന് കാനനപാത തുറക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ 17ന് മാത്രമേ തുറക്കൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

