അച്ചൻകോവിൽ∙ ശബരിമല മണ്ഡലകാലം എത്തിയിട്ടും 40 കിലോമീറ്റർ ദൂരമുള്ള അച്ചൻകോവിൽ അലിമുക്ക് റോഡിന്റെ കാലക്കേടിനു മാറ്റമില്ല. പാത ഗതാഗതയോഗ്യമാക്കണമെന്ന വർഷങ്ങൾ നീണ്ട
ആവശ്യത്തിനു നടപടിയില്ല. കാനന നടുവിലെ ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്താനുള്ള തീർഥാടകരുടെ തീരാദുരിതം പരിഹരിക്കാൻ വനംവകുപ്പിനും മരാമത്ത് വകുപ്പിനും നേരമില്ല.
ഇതോടെ ഇക്കുറിയും നാട്ടുകാർ ദിനവും നേരിടുന്ന ദുരിതം തീർഥാടകർക്കും നേരിടേണ്ടി വരും. പാതയിൽ വാഹനങ്ങൾ കേടായാൽ നന്നാക്കാൻ പെടാപാടുപെടേണ്ട
അവസ്ഥയിൽ തീർഥാടകരുടെ യാത്ര തീർത്തും കല്ലും മുള്ളും നിറഞ്ഞതാകും.
ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത സജ്ജമാക്കണമെന്ന നിർദേശത്തിനു പുല്ലുവില.
പുനലൂർ, കോന്നി, അച്ചൻകോവിൽ വനം ഡിവിഷനുകളിൽ ഉൾപ്പെട്ട അലിമുക്ക് അച്ചൻകോവിൽ റോഡിനെ ദിവസവും ആശ്രയിക്കുന്ന യാത്രക്കാർക്കും ദുരിതം ഒഴിയുന്നില്ല.
ഓരോ സീസണിലും പാത നന്നാക്കുമെന്ന പതിവു പ്രഖ്യാപനം കേട്ടുമടുത്ത നാട്ടുകാർ പോംവഴിയില്ലാതെ സമരത്തിനുള്ള തയാറെടുപ്പിലാണ്. കുഴിയടയ്ക്കൽ എങ്കിലും നടത്താൻ നടപടിയില്ലെങ്കിൽ ഡിഎഫ്ഒ ഓഫിസിലേക്കു മാർച്ചും ധർണയും നടത്താനാണു തീരുമാനം.
കഴിഞ്ഞ സീസണിലും മാർച്ചും ധർണയും നടത്തിയിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
മഹാദേവർമൺ മുതൽ തുടങ്ങുന്ന നട്ടെല്ലൊടിക്കുന്ന യാത്രയിൽ പാതയിലേക്ക് വീണു കിടക്കുന്ന വള്ളിപ്പടർപ്പുകളും മറ്റും മറികടന്നു വേണം പോകാൻ. വാഹനങ്ങളുടെ ചില്ലുകൾ തകർക്കുന്ന വള്ളിപ്പടർപ്പുകളും പാതയോരത്തെ കാടുകളും നീക്കാൻ നടപടിയില്ല.
വലിയ കുളങ്ങൾക്കു സമമായ റോഡിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആടിയുലഞ്ഞും വേണം കടക്കാൻ. റോഡ് തകർച്ച രൂക്ഷമായ ഭാഗങ്ങളിൽ വേലി കെട്ടി മുന്നറിയിപ്പ് നാട്ടിയിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും നവീകരണം നടത്താതെ ഉപേക്ഷിച്ച നിലയിലാണ്.
വലിയ വാഹനങ്ങൾ പാതയിൽ കേടായാൽ പിന്നെ ഇരുദിശയിലേക്കും ഗതാഗതം മുടങ്ങേണ്ട
ഗതികേടാണിപ്പോഴും. കാട്ടാനകളുടെ അടക്കം വന്യമൃഗങ്ങളുടെ ശല്യമുള്ള പാതയിൽ തീർഥാടകർക്കു സുരക്ഷിത സഞ്ചാരം ഒരുക്കാൻ വേണ്ട
നടപടികൾക്കു ദേവസ്വം ബോർഡും മിനക്കെടുന്നില്ല. മണ്ഡലകാലത്തിന്റെ അവസാനമാണു ക്ഷേത്രത്തിൽ ഭഗവാനു തിരുവാഭരണങ്ങൾ ചാർത്തുന്ന മണ്ഡല ഉത്സവം.
ശബരിമല തീർഥാടകർ കൂടാതെ വലിയ ഭക്തജനത്തിരക്കുള്ള മണ്ഡലകാലത്ത് ഗതാഗതദുരിതം പരിഹരിക്കാൻ നടപടി ഇല്ലാത്തതും തീർഥാടകരെ വലയ്ക്കും. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ ചെങ്കോട്ടയിലൂടെയാണ് അച്ചൻകോവിൽ ക്ഷേത്രത്തിലെത്തുന്നത്.
ഇവിടെ നിന്നും അലിമുക്ക് പാതയിലൂടെയാണ് പമ്പയിലേക്കുള്ള യാത്ര. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

