തിരുവനന്തപുരം∙ റീൽസും ബ്രോയും ഡ്യൂഡുമൊക്കെ നിറഞ്ഞ ക്യാംപസുകളിൽ പെട്ടെന്നു നാടൻപദങ്ങള തേടിയൊരു തരംഗം. മറന്നുപോയ തനി നാടൻ വാക്കുകളും നാട്ടുഭാഷാ പ്രയോഗങ്ങളും കുട്ടികളും അധ്യാപകരുമൊക്കെ ചേർന്നു കണ്ടെത്തി പുതുജന്മമേകി ‘മനോരമ ഹോർത്തൂസിന്റെ അക്ഷര പദയാത്രയ്ക്കു കൈമാറി.
ഹോർത്തൂസിന്റെ ഭാഗമായി ഇന്നലെ പദയാത്ര എത്തിച്ചേർന്ന എംജി കോളജ്, വഴുതക്കാട് ഗവ.വിമൻസ് കോളജ്, സ്വാതി തിരുനാൾ സംഗീത കോളജ് എന്നിവിടങ്ങളിൽനിന്നു കിട്ടിയത് കൈ നിറയെ വാക്കുകൾ. മലയാളം വല്യ പിടിയില്ല അല്ലേ എന്ന് ഇനി ഈ ന്യൂ ’ജെൻ കുട്ടികളോട് ചോദിക്കാനാകാത്തവിധം ഭാഷയിലും നാട്ടുഭാഷാ പ്രയോഗങ്ങളിലും മുങ്ങിത്തപ്പിയാണ് ഹോർത്തൂസിലേക്ക് അവർ വാക്കുകൾ സമ്മാനിച്ചത്.
14 ജില്ലകളിലെയും തിരഞ്ഞെടുത്ത ക്യാംപസുകളിൽനിന്ന് ഇങ്ങനെ ശേഖരിക്കുന്ന പദങ്ങൾ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ പ്രദർശിപ്പിക്കും.
വാക്കുയിരും എന്തരാന്താരിയും
ഹോർത്തൂസ് പദയാത്രയ്ക്ക് ഇന്നലെ ഏറ്റവുമധികം പദങ്ങൾ സംഭാവന നൽകിയത് കേശവദാസപുരം എംജി കോളജ്. വാക്കുയിർ, എന്തരാന്താരി, ചെറയുക, മൊട, പുനൂതം എന്നീ പഴയ വാക്കുകളാണ് കുട്ടികളും അധ്യാപകരും സമ്മാനിച്ചത്.
വാക്കിന്റെ ജീവൻ, എന്തരോ എന്തോ, ദേഷ്യപ്പെടുക, കലിപ്പ്, മൂല്യമേറിയത് എന്നിവയാണ് ഈ വാക്കുകളുടെ അർഥം. നാടൻ വാക്കുകളുടെ തനിമ കണ്ടെത്താൻ കുട്ടികളോടൊപ്പം ജെൻസി വൈബുള്ള അധ്യാപക സുഹൃത്തുക്കളും അണിനിരന്നതായി മലയാള വിഭാഗം പ്രഫസർ ഡോ.ആർ.ഐ.
ആശ(ആശ നജീബ്) പറഞ്ഞു.
വാക്കിനൊപ്പം വിശദമായ അർഥവും ഇവർ എഴുതി നൽകി. വാക്കിന്റെ പൂക്കാലത്തിന് പിന്നാലെ കുട്ടികളുടെ പാട്ടും നൃത്തവും മറ്റു കലാപരിപാടികളും ഒന്നൊന്നായി ഇഴ ചേർന്നു.
ആഘോഷാന്തരീഷത്തിനു മാറ്റുകൂട്ടി കുട്ടികൾക്കു സമ്മാനങ്ങളും നൽകി. പ്രിൻസിപ്പൽ ഡോ.വി.എം.ആനന്ദ്കുമാർ ഉദ്ഘാടനം ചെയ്തു.
ഡോ.ആർ.ഐ.ആശ, ഡോ.എൻ.കെ.സുനിൽ കുമാർ, പ്രഫ.വൈശാഖൻ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപികയായ ഡോ.ശ്രുതി നൃത്തം അവതരിപ്പിച്ചു.
വാക്കിനെ വരവേറ്റ് വാക്കു നൽകി വിമൻസ്
പഴയ പദങ്ങൾക്കു പുതുജന്മം നൽകാൻ വഴുതക്കാട് ഗവ.വിമൻസ് കോളജും മുന്നിൽ നിന്നു.
‘മൊണ്ടി’, ‘കണ്ണാക്ക്’ തുടങ്ങിയ പദങ്ങളായിരുന്നു സംഭാവന. ‘പ്രശ്നമാക്കുക’.
‘അന്ത്യാജ്ഞലി നേരാൻ പോകുക’ എന്നിവയാണ് ഈ വാക്കുകളുടെ അർഥം. പ്രിൻസിപ്പൽ ഡോ.വി.ഉമാജ്യോതി ഉദ്ഘാടനം ചെയ്തു.
പ്രഫ.പി.ലക്ഷ്മി, പ്രഫ.എം,വി.നീന, വൈസ് ചെയർമാൻ വി.എസ്.പാർവതി തുടങ്ങിയവർ ആശംസകൾ നേർന്നു. ‘അമ്പിളി’ എന്ന ചിത്രത്തിലെ ‘ആരാധികേ..’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക മധുവന്തി നാരായണൻ അതേ ഗാനം ഹോർത്തൂസ് പദയാത്രയ്ക്കായി ആലപിച്ചു.
മറ്റു വിദ്യാർഥിനികളുടെ നൃത്ത–സംഗീത പരിപാടികളും മത്സരങ്ങളും അരങ്ങേറി. എല്ലാവർക്കും ഹോർത്തൂസിന്റെ സമ്മാനങ്ങളും കൈമാറി.
മ്യൂസിയത്തിലും ആവോളം വാക്കുകൾ
ആകാശച്ചെരുവിൽ ചുവപ്പും സന്ധ്യയും എത്തിയപ്പോഴാണ് പദയാത്ര ജില്ലയിലെ അവസാന പ്രയാണ സ്ഥലമായ മ്യൂസിയം അങ്കണത്തിൽ എത്തിയത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇടങ്ങളിൽ നിന്നെത്തിയവർ പദയാത്രാപ്പുസ്തകത്തിൽ തങ്ങളുടെ പ്രദേശങ്ങളിലെ വാക്കുകൾ എഴുതി നിറച്ചതു കൗതുകക്കാഴ്ചയായി.
ആറ്റിങ്ങലിൽനിന്ന് വാക്കുകളുമായി കൃഷ്ണൻകുട്ടി നായർ
മനോരമ ഹോർത്തൂസിനു നാട്ടുവാക്കു നൽകാൻ അവസരമുണ്ടെന്നറിഞ്ഞ് അതിരാവിലെ തന്നെ ആറ്റിങ്ങലിൽനിന്ന് ഒരാൾ എംജിയിലെത്തി. മനോരമയിൽ ഹോർത്തൂസ് പദയാത്ര എത്തുന്ന വിവരമറിഞ്ഞ് 2 പദങ്ങളുമായാണ് ജി.
കൃഷ്ണൻകുട്ടി നായർ വന്നത്. ‘പ്നാൽ’, ‘പ്നാട്ടുക’ എന്നിങ്ങനെ 2 വാക്കുകൾ കൈമാറി.
മത്സ്യത്തിന്റെ ചെതുമ്പൽ എന്നാണ് പ്നാൽ എന്നതിനർഥം. അലോസരപ്പെടുത്തുക എന്നതാണ് പ്നാട്ടുക.
വാക്കുമായി എത്തിയ അദ്ദേഹത്തെ അധ്യാപകരും കുട്ടികളും വരവേറ്റു.
വാക്കുകളെ കല കൊണ്ടു വരവേറ്റ് സ്വാതി തിരുനാൾ ഗവ.സംഗീത കോളജ്
ഹോർത്തൂസ് പദയാത്രയ്ക്കു സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളവും ചുവടുമൊരുക്കി വരവേറ്റു നഗരഹൃദയത്തിലെ കലാകേന്ദ്രമായ സ്വാതി തിരുനാൾ സംഗീത കോളജ്. കുട്ടികളുടെ ക്ലാസിക്കൽ നൃത്തശിൽപത്തിന് അധ്യാപകർ പശ്ചാത്തല സംഗീതവും വാദ്യവുമൊരുക്കിയത് വേറിട്ട
കാഴ്ചയായി. ചിട്ടയായ എന്നർഥമുള്ള പ്രാദേശിക ഭാഷാപദം ‘കചിതം’ ആണ് ഹോർത്തൂസിന് ഇവിടെനിന്നു ലഭിച്ചത്.
പ്രിൻസിപ്പൽ പ്രഫ.വി.ആർ.വീണ ഉദ്ഘാടനം ചെയ്തു. മൃദംഗ വിഭാഗം എച്ച്ഒഡി പ്രഫ.
രാജേഷ് നാഥ്, വോക്കൽ എച്ച്ഒഡി ദിവ്യ വിജയൻ, സ്റ്റാഫ് സെക്രട്ടറി പി.അനിൽകുമാർ, വയലിൻ എച്ച്ഒഡി പ്രഫ.പി.എൽ.സുജീർ എന്നിവർ നേതൃത്വം നൽകി. സംഗീതത്തിലും നൃത്തത്തിലും വാദ്യോപകരണങ്ങളിലും അസാധാരണ പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾ ഹോർത്തൂസ് പദയാത്രയ്ക്കു വേണ്ടുവോളം കലാഭിവാദ്യം നേർന്നാണ് തങ്ങളുടെ ക്യാംപസിന്റെ ആദരം അറിയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

