കണ്ണൂർ ∙ യുഡിഎഫ് ഭരണത്തിലിരിക്കുന്ന കോർപറേഷനിൽ സീറ്റ് തർക്കത്തിൽ കോൺഗ്രസും മുസ്ലിം ലീഗും അയയുന്നില്ല. ഇരുപാർട്ടികളും ഇന്നലെ പ്രത്യേകം യോഗം ചേർന്നെങ്കിലും യോജിപ്പിന്റെ അന്തരീക്ഷം തെളിഞ്ഞില്ല.
വിട്ടുവീഴ്ചയ്ക്ക് ഇരുപാർട്ടികളും തയാറാവാത്തതാണു കാരണം. 21 സീറ്റ് വേണമെന്നതാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞ തവണ 18 സീറ്റിലാണു മത്സരിച്ചത്.
കോർപറേഷൻ ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളുടെ കാര്യത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്നും അർഹമായ പരിഗണന കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന്റെ കയ്യിലുള്ള വെറ്റിലപ്പള്ളി, വാരം, ആദികടലായി എന്നീ ഡിവിഷനുകൾ തങ്ങൾക്കു വേണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുന്നത്.
എന്നാൽ, പ്രശ്ന പരിഹാരത്തിന് ആദികടലായി, വെറ്റിലപ്പള്ളി എന്നീ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയാവാമെന്ന നിലപാട് ലീഗ് നേതൃത്വത്തിൽ ചിലർക്കുണ്ട്.
വാരം സീറ്റ് വേണമെന്ന ആവശ്യത്തിൽ നേതൃത്വം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുകയാണ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് യോഗം ഈ ആവശ്യത്തിൽ ഉറച്ചു നിൽക്കാനാണു തീരുമാനിച്ചത്.
സംസ്ഥാന നേതാക്കളായ ഉമ്മർ പാണ്ടികശാല, എൻ.ഷംസുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സീറ്റുകളുടെ കാര്യത്തിൽ അനാവശ്യ അവകാശവാദമാണ് ലീഗിന്റേതെന്നാണ് കോൺഗ്രസ് നിലപാട്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ലീഗിന്റേതെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
ഇന്നലെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലും ഇതേ വിലയിരുത്തലാണ് ഉണ്ടായത്. കോർപറേഷനിൽ തത്തുല്യസീറ്റ് പരസ്പര ധാരണയോടെ വച്ചുമാറാമെന്ന കോൺഗ്രസ്– ലീഗ് ധാരണയനുസരിച്ച് വാരം സീറ്റ് ലീഗിന് നൽകാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.
കോൺഗ്രസിന്റെ വാരം സീറ്റ് നൽകുകയാണെങ്കിൽ ലീഗിന്റെ അതിരകം, പള്ളിപ്രം സീറ്റുകൾ തങ്ങൾക്കു വേണമെന്ന നിലപാടിൽ അയവു വരുത്താൻ കോൺഗ്രസും തയാറായിട്ടില്ല.
കോർപറേഷനിൽ എൽഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. എൽഡിഎഫ് സ്ഥാനാർഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.
ആദികടലായി സീറ്റിൽ സിപിഐ അവകാശ വാദം ഉന്നയിച്ചതാണ് സീറ്റ് വിഭജനത്തിൽ സിപിഎമ്മിന് കല്ലുകടിയായത്. യുഡിഎഫിലെ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നു. ബിജെപി ആദ്യഘട്ടത്തിൽ 42 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ബാക്കിയുള്ള 14 സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.
പടിയിറങ്ങാൻ നേരം മെംബർ പിടിച്ചത് പുലിവാൽ..!
കുമ്പള ∙ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ കേസും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങലുമായി പഞ്ചായത്തംഗം.
വാർഡിലെ ശ്മശാനം നവീകരണത്തിനായി കാടു വെട്ടിത്തെളിച്ചപ്പോൾ മരവും മുറിച്ചുവിറ്റതാണ് പഞ്ചായത്തംഗത്തിന് കുരുക്കായത്. കുമ്പള പഞ്ചായത്തിൽ മഡുവ ഏഴാം വാർഡിലെ അംഗമായ കോൺഗ്രസിലെ കെ.എസ്.രവിരാജിനെതിരെ(38) ആണ് കുമ്പള പൊലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പിനു മുൻപേ നവീകരണം തുടങ്ങേണ്ടതാണെന്നതിനാൽ അംഗവും ചിലരും ചേർന്ന് ശ്മശാനത്തിലെ കാട് വെട്ടിത്തെളിച്ചു. ഇതിനിടെ വിറകിനും മറ്റുമായി ഉപയോഗിക്കാനാവുന്ന വിവിധ മരങ്ങളും മുറിച്ചു എന്നാണു പറയുന്നത്.
ഇതു വിറ്റാൽ കാട് വെട്ടിത്തെളിച്ചവർക്കും മറ്റുമായി വേതനവും നൽകാമെന്നു കരുതി. ഇതിനിടെ രാഷ്ട്രീയ എതിരാളികൾ മരം മുറിച്ചു കടത്തിയെന്ന പരാതിയുമായി പഞ്ചായത്തിലെത്തിയതോടെയാണ് അംഗത്തിന് ‘പണി’ കിട്ടിയത്. 124 മരങ്ങൾ മുറിച്ചു കടത്തി എന്നു കാണിച്ചു പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇതോടെ കെ.എസ്.രവിരാജിനെതിരെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഇത്തവണ ഈ അംഗത്തിന് കോൺഗ്രസ് സീറ്റു നൽകിയിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

