ചങ്ങനാശേരി ∙ പാടശേഖരങ്ങളിൽ പുഞ്ചക്കൃഷി ആരംഭിച്ചു. പലയിടത്തും വിത്തുവിത നടക്കുകയാണ്.
ഈ മാസം അവസാനത്തോടെ വിത പൂർത്തിയാക്കാമെന്നാണ് കർഷകരുടെ പ്രതീക്ഷ. ചങ്ങനാശേരി, നീലംപേരൂർ, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് കൂടുതൽ നെൽക്കൃഷി നടക്കുന്നത്.
ഒക്ടോബർ അവസാനത്തോടെയുണ്ടായ ശക്തമായ മഴ പുഞ്ചക്കൃഷി ഒരുക്കങ്ങളെ ബാധിച്ചിരുന്നു. പായിപ്പാട് പഞ്ചായത്തിലെ കാപ്പോണപ്പുറം, കൊല്ലത്ത് ചാത്തങ്കരി തുടങ്ങിയ പല പാടശേഖരങ്ങളിലും മടവീഴ്ചയുമുണ്ടായി.
പ്രതിസന്ധികളില്ലാതെ നെൽക്കൃഷി പൂർത്തിയാക്കണമെന്ന പ്രതീക്ഷയിലാണ് കർഷകർ ഇത്തവണ പാടത്തേക്കിറങ്ങുന്നത്.
അധികൃതർ കണ്ണുതുറന്നില്ല; തോട്ടിലെ പോള നീക്കി കർഷകർ
വാഴപ്പള്ളി കൃഷിഭവനു കീഴിലെ കടമ്പാടം – ചേരിക്കലകം പാടശേഖരത്തിലെ കർഷകരാണ് തോട്ടിലെ പോള നീക്കം ചെയ്തത്. 350 ഏക്കറോളം വരുന്ന പാടശേഖരത്തിനു ഭീഷണിയായിരുന്നു പോള. വള്ളത്തിൽ വിത്തും വളവും എത്തിക്കാൻ പ്രയാസമായിരുന്നു.
സംഭരിച്ച നെല്ല് വള്ളത്തിൽ കയറ്റി കൊണ്ടുപോകാനും പോള തടസ്സമായി. 6000 രൂപയിലധികം വള്ളക്കാർക്ക് നൽകിയാണ് കഴിഞ്ഞ തവണ നെല്ല് പുറത്തെത്തിച്ചതെന്നു കർഷകർ പറയുന്നു.
പോള കാരണം തോടിനു നീരൊഴുക്ക് ഇല്ലാത്തതും മടവീഴ്ചയ്ക്കു കാരണമായി.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ ഇത്തവണ കർഷകർ നേരിട്ടിറങ്ങി പോള നീക്കം ചെയ്യുകയായിരുന്നു. തകർന്ന് കിടക്കുന്ന കൽക്കെട്ടും തകർന്ന നടപ്പാലവും കടമ്പാടം ചേരിക്കൽ പാടശേഖരത്തിലുള്ളവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
സർക്കാരിന്റെ നെല്ല് സംഭരണത്തിലെ പ്രതിസന്ധി കാരണം പരമ്പരാഗത നെൽവിത്തായ 1285ലേക്ക് കടമ്പാടം ചേരിക്കൽ പാടശേഖരത്തിലെ ചില കർഷകർ മാറിയിട്ടുണ്ട്. സ്വകാര്യ മില്ലുടമകൾ മെച്ചപ്പെട്ട
തുക നൽകി ഈ നെല്ല് സംഭരിക്കുമെന്നാണു കർഷകർ പറയുന്നത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ
∙ വിതയ്ക്കു വേണ്ട നെൽവിത്ത് പൂർണമായും സബ്സിഡി നിരക്കിൽ ലഭിക്കുന്നില്ല.
∙ നെൽവിത്ത് ലഭിക്കാനുള്ള താമസം. നെൽവിത്തുകളിലെ കിളിർപ്പ് കേട്.
∙ വരമ്പ് ബലപ്പെടുത്തതിനും കളപറിക്കലിനും ഞാറുനടീലിനും തൊഴിലാളി ക്ഷാമം. ∙ കൃഷിയുടെ ചെലവ് അധികമാകുന്നു.
∙ വോൾട്ടേജ് ക്ഷാമം പമ്പിങ്ങിനെ ബാധിക്കുന്നു. ∙ തകർന്ന കൽക്കെട്ടുകളും ബണ്ടുകളും മട
വീഴ്ചയ്ക്ക് കാരണമാകുന്നു. ∙ തോട്ടിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പോള നീക്കം ചെയ്യാത്തത്.
∙ ചില പാടശേഖരങ്ങളിലേക്ക് വാഹനഗതാഗത സൗകര്യമില്ലാത്തതും തോട്ടിൽ പോള മൂലം വള്ളം ഇറക്കാൻ കഴിയാത്തതും കാരണം വിത്തും വളവും പാടത്തേക്ക് എത്തിക്കാൻ പ്രതിസന്ധി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

