ന്യൂയോര്ക്ക്: അതിതീവ്രമായ സൗരജ്വാലയെത്തുടർന്ന് യൂറോപ്പിലും ആഫ്രിക്കയിലും ഹൈ-ഫ്രീക്വൻസി റേഡിയോ സിഗ്നലുകൾ തടസ്സപ്പെട്ടു. ഈ സൗരചക്രത്തിലെ ഏറ്റവും ശക്തമായ സൗരജ്വാലകളിലൊന്നാണ് നവംബർ 11-ന് സംഭവിച്ചത്.
എക്സ് 5.1 (X5.1) വിഭാഗത്തിൽപ്പെട്ട ഈ സൗരജ്വാല സൂര്യപ്രകാശമേൽക്കുന്ന ഭൂമിയുടെ ഭാഗങ്ങളിൽ ഗുരുതരമായ റേഡിയോ തടസ്സങ്ങൾക്ക് (ആർ-3 ലെവൽ) കാരണമായി.
2024 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും തീവ്രമായ സൗരജ്വാലയാണിത്. എക്സ് 5.1 സൗരജ്വാല: വ്യാപകമായ അറോറയ്ക്ക് സാധ്യത സൂര്യനിലെ AR4274 എന്ന സൺസ്പോട്ടിൽ നിന്നാണ് അതിശക്തമായ ഈ സൗരജ്വാലയുണ്ടായത്.
സമീപ ദിവസങ്ങളിൽ നിരവധി തീവ്രജ്വാലകൾക്ക് ഈ സൺസ്പോട്ട് കാരണമായിരുന്നു. നവംബർ 9-ന് എക്സ് 1.7 വിഭാഗത്തിലും, നവംബർ 10-ന് എക്സ് 1.2 വിഭാഗത്തിലുമുള്ള സൗരജ്വാലകൾ ഇതേ സൺസ്പോട്ടിൽ നിന്നുണ്ടായി.
ഇതിന് പിന്നാലെ നവംബർ 11-നുണ്ടായ എക്സ് 5.1 തീവ്രതയുള്ള സൗരജ്വാല, ഉപഗ്രഹ വാർത്താവിനിമയം, ജിപിഎസ്, പവർ ഗ്രിഡ് എന്നിവയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശേഷിയുള്ളതാണ്. തുടർച്ചയായുണ്ടാകുന്ന ഈ സൗരജ്വാലകൾ അതിശക്തമായ കൊറോണൽ മാസ് ഇജക്ഷനുകൾക്കും (CMEs), ജി4 വിഭാഗത്തിൽപ്പെട്ട
സൗരക്കൊടുങ്കാറ്റിനും, വ്യാപകമായ അറോറയ്ക്കും കാരണമായേക്കാമെന്ന് NOAA-യുടെ സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ മുന്നറിയിപ്പ് നൽകുന്നു. നവംബർ 13 വരെ സൗരക്കൊടുങ്കാറ്റിന്റെ സ്വാധീനം ഭൂമിയുടെ അന്തരീക്ഷത്തിൽ തുടരാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ജി4 സൗരക്കൊടുങ്കാറ്റും അറോറയും തീവ്രതയനുസരിച്ച് സൗരജ്വാലകളെ എ, ബി, സി, എം, എക്സ് എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായ എക്സ്-ക്ലാസ് വിഭാഗത്തിൽപ്പെട്ടതാണ് നവംബർ 11-നുണ്ടായ X5.1 ജ്വാല.
ഇത് ഭൂമിയിലേക്ക് അതിശക്തമായ എക്സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ അയച്ചു. ഈ തീവ്ര വികിരണങ്ങളാണ് യൂറോപ്പിലും ആഫ്രിക്കയിലും റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമായത്.
ഈ സൗരജ്വാല നവംബർ 12-ഓടെ അതിതീവ്രമായ ജി4 സൗരക്കൊടുങ്കാറ്റിന് വഴിവെക്കുമെന്നും, ഇത് ധ്രുവദീപ്തിക്ക് (അറോറ) കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

