സിപിഎം പ്രാഥമിക പട്ടിക ജില്ലാ സെക്രട്ടേറിയറ്റിൽ; എ.മഹേന്ദ്രൻ പട്ടികയിലെ ഏക ജില്ലാ സെക്രട്ടേറിയറ്റംഗം
ആലപ്പുഴ ∙ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ചു. സെക്രട്ടേറിയറ്റിൽനിന്ന് എ.മഹേന്ദ്രൻ മാത്രമാണു പട്ടികയിലുള്ളത്. ആര്യാട് ഡിവിഷനിൽ ആർ.റിയാസ്, കഞ്ഞിക്കുഴിയിൽ ജില്ലാ കമ്മിറ്റിയംഗം എസ്.രാധാകൃഷ്ണൻ, വെളിയനാട്ട് രാംജിത്ത്, കൃഷ്ണപുരത്ത് അംബുജാക്ഷി, കരുവാറ്റയിൽ അനില രാജു, മുളക്കുഴയിൽ നിതിൻ ചെറിയാൻ, മാന്നാറിൽ സുരേഷ് കുമാർ എന്നിവരുടെ പേരുകളാണുള്ളത്.
എ.മഹേന്ദ്രൻ മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനാണ്.
ഭൂരിപക്ഷം നേടിയാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു മഹേന്ദ്രനെയാകും പരിഗണിക്കുക. പുന്നപ്രയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ആർ.രാഹുലിന്റെ പേര് പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഏരിയ കമ്മിറ്റി പി.ജി.സൈറസിനെയാണു നിർദേശിച്ചിരുന്നത്.
ഇക്കാര്യം ഇന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റി വീണ്ടും ചർച്ച ചെയ്യും.
പള്ളിപ്പുറത്ത് ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി ജിസ്മി ജനാർദനനെയാണു പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ജനറൽ സീറ്റായിരുന്ന ചമ്പക്കുളത്തു മത്സരിച്ച കേരള കോൺഗ്രസ് ഇത്തവണ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ ഈ ഡിവിഷനുകളിൽ അന്തിമ തീരുമാനമായിട്ടില്ല. വെളിയനാടും കേരള കോൺഗ്രസ് ചോദിച്ചെങ്കിലും അതു സിപിഎം വിട്ടുകൊടുക്കാൻ സാധ്യതയില്ല. മുളക്കുഴയിൽ പരിഗണിക്കുന്ന നിതിൻ ചെറിയാൻ മന്ത്രി സജി ചെറിയാന്റെ സഹോദരന്റെ മകനാണ്.
ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ ഏരിയ കമ്മിറ്റികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ കമ്മിറ്റികളുടെയും ചർച്ചയ്ക്കായി നൽകി. അവിടങ്ങളിലെ ചർച്ചകൾക്കു ശേഷമേ പട്ടിക അന്തിമമാക്കൂ. തർക്കമുള്ള ചില ഡിവിഷനുകളുണ്ട്.
അവയിൽ ഇന്നു തീരുമാനമാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
സിപിഎം 16 സീറ്റിൽ
ആലപ്പുഴ ∙ ജില്ലാ പഞ്ചായത്തിലേക്കു സിപിഎം 16 സീറ്റിൽ മത്സരിക്കും. സിപിഐ 5 സീറ്റിൽ.
ബാക്കിയുള്ള 3 സീറ്റുകൾ കേരള കോൺഗ്രസ്, ജനതാദൾ, എൽജെഡി എന്നിവർക്കു നൽകിയേക്കും. ഇന്നലെ ചേർന്ന എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണു ധാരണയായത്.
എന്നാൽ, ഓരോ പാർട്ടിയുടെയും സീറ്റുകൾ ഏതൊക്കെയെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നു നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികളെ 14ന് തീരുമാനിക്കും
ആലപ്പുഴ∙ ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ 14ന് ചേരുന്ന ജില്ലാ കോർ കമ്മിറ്റി യോഗം തീരുമാനിക്കും. ഇതിനായി നിയോജക മണ്ഡലം കോർ കമ്മിറ്റികളോട് അതതു ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേര് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥികളെയും ഇതേ മാതൃകയിൽ നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നിർദേശം പരിഗണിച്ചാണു തീരുമാനിക്കുക. കഴിഞ്ഞ വട്ടം കോൺഗ്രസ് 21 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ആർഎസ്പി, കേരള കോൺഗ്രസ് പാർട്ടികൾ ഓരോ ഡിവിഷനിലുമാണു മത്സരിച്ചത്. ഇത്തവണ മുസ്ലിം ലീഗ് അമ്പലപ്പുഴ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച അമ്പലപ്പുഴ വിട്ടുകൊടുക്കാനാവില്ലെന്ന് കോൺഗ്രസ് പറയുന്നു. പകരം പുന്നപ്ര ഡിവിഷൻ വാഗ്ദാനം ചെയ്തെങ്കിലും ലീഗ് വഴങ്ങിയിട്ടില്ല. കഴിഞ്ഞ വട്ടം ചെന്നിത്തല ഡിവിഷനിൽ മത്സരിച്ച കേരള കോൺഗ്രസ് ഇത്തവണ പകരം ചമ്പക്കുളം ഡിവിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ച രണ്ടു ദിവസത്തിനകം പൂർത്തിയാക്കി 14ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

