കാസർകോട് ∙ ജില്ലാ ആസ്ഥാനത്തെ വിദ്യാഭ്യാസ ഓഫിസുകൾ ‘ഇൻ ചാർജ്’ ഭരണത്തിൽ. ഇതോടെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് അധ്യാപകരുൾപ്പെടെയുള്ളവർ.
ഡിഡിഇ, ഡിഇഒ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അവധിയിലായതിനാൽ വകുപ്പ് നാഥനില്ലാത്ത അവസ്ഥയിലാണ്.വിദ്യാനഗറിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെയും കാസർകോട്ടെ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെയും ഉയർന്ന തസ്തകിയിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ അവധിയിലാണ്. 2 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഇവരുടെ ചുമതലകൾ വിവിധ ഓഫിസുകളിലെ ജീവനക്കാർക്കു നൽകിയിട്ടുണ്ട്.
ഡിസംബറിൽ വിരമിക്കുന്ന വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.വി.മധുസൂദനൻ മെഡിക്കൽ അവധിയിലാണ്. ഡിഡിഇ ചുമതല കാസർകോട് ഡിഇഒ പി.സവിതയ്ക്കായിരുന്നു ആദ്യം നൽകിയിരുന്നത്. ഇതിനിടെ ഡിഇഒയും അവധി എടുത്തതോടെ ചുമതല കെഎഎസുകാരനായ, അടുത്തിടെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസറായി നിയമനം ലഭിച്ച രോഹിത് രാജിനാണ്. അവധിയിൽ പ്രവേശിച്ച കാസർകോട് ഡിഇഒയുടെ ചുമതല ഇതേ ഓഫിസിലെ പഴ്സനൽ അസിസ്റ്റന്റായ ജി.
ബിജിമോനും.
ഇതിനു പുറമേ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (എഎ), അസി. പ്രോവിഡന്റ് ഫണ്ട് ഓഫിസർ (എപിഎഫ്ഒ) എന്നീ തസ്തികകളിൽ ആളില്ല.
കാഞ്ഞങ്ങാട് ഡിഇഒയുടെ പഴ്സനൽ അസിസ്റ്റന്റിനാണ് ഡിഡിഇ ഓഫിസിലെ എഎയുടെ ചുമതല. ഡിഡിഇ ഓഫിസിലെ അക്കൗണ്ട് ഓഫിസർ (എഒ), അസി.
പ്രോവിഡന്റ് ഫണ്ട് ഓഫിസർ (എപിഎഫ്ഒ) എന്നിവരുടെ ചുമതലകൾ ഇതേ ഓഫിസിലെ സീനിയർ സൂപ്രണ്ടുമാർക്കാണ്. സസ്പെൻഷനിലായ ബേക്കൽ ഉപജില്ലാ ഓഫിസർക്കു പകരം നിയമിച്ചിട്ടില്ല.
എന്നാലും ചുമതല കൈമാറിയിട്ടുണ്ട്.
ഇതിനു പുറമേ ഡിഡിഇ, കാസർകോട്, കാഞ്ഞങ്ങാട് ഡിഇഒ ഓഫിസുകളിൽ നിന്നായി ഒട്ടേറെപ്പേരെ ബിഎൽഒ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. കാസർകോട് നഗരസഭയുടെ റിട്ടേണിങ് ഓഫിസർ കാസർകോട് ഡിഇഒയും മീഞ്ച പഞ്ചായത്തിന്റെ റിട്ടേണിങ് ഓഫിസർ ഡിഡിഇ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാണ്. അതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു തടസ്സമാകുമെന്നുമാണ് ആശങ്ക.
മേളകളുടെ നടത്തിപ്പിനെയും ബാധിച്ചു
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫിസർമാരുടെ അഭാവം സ്കൂൾ മേളകളുടെ നടത്തിപ്പിനെ ബാധിച്ചിച്ചതായി അധ്യാപകർ.
ഉപജില്ലാ സ്കൂൾ മേളകൾ ഏറ്റെടുത്തുനടത്താൻ പല വിദ്യാലയങ്ങളും വിമുഖത കാണിച്ചിരുന്നു. ഒട്ടേറെ വിവാദങ്ങളുമുണ്ടായി.
കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥിയെ മർദിച്ചെന്ന ആരോപണവും കുമ്പള സ്കൂളിലെ കലോത്സവത്തിനിടെയുണ്ടായ പരാതികളിലും വിദ്യാഭ്യാസ മന്ത്രിതന്നെ നേരിട്ട് ഇടപെട്ട് റിപ്പോർട്ട് തേടിയിരുന്നു.
ഇതുൾപ്പെടെ ഓഫിസർ ചുമതല ഏറ്റെടുക്കുന്നവർക്കു പതിവിലധികം സമ്മർദമുണ്ടാക്കിയെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. ജില്ലാ സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണത്തിനിടെ ഉണ്ടായ തർക്കം അപ്പോൾതന്നെ പരിഹരിക്കാൻ സാധിക്കാത്തതിനും കാരണം പരിചയസമ്പന്നരായ ഓഫിസർമാരുടെ അഭാവമാണെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

