ചാല∙ കോർപറേഷൻ പരിധിയിലെ ചാല വയലിലും പരിസരത്തേക്കും ഒഴുകിയെത്തുന്ന മഴവെള്ളം ദേശീയപാതയ്ക്ക് അടിയിലൂടെ ചാല തോട്ടിലേക്ക് എത്തിക്കാനുള്ള ഓടകളുടെ നിർമാണം പാതിവഴിയിലായതിൽ പ്രദേശവാസികൾ ആശങ്കയിൽ. ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിന് മുൻപ് ഓട
നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ പിന്നെ ഓട നിർമിക്കാൻ കഴിയില്ല.
ഇക്കാര്യം റോഡ് നിർമാണ കരാർ കമ്പനി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഓട നിർമാണം തുടങ്ങാതെ റോഡിന്റെ നിർമാണം നടത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ഉയർന്ന പ്രദേശങ്ങളായ ചാല 12 കണ്ടി, അമ്മൂപറമ്പ്, തോട്ടട
എന്നിവിടങ്ങളിൽ നിന്നുള്ള മഴവെള്ളം താഴ്ന്ന പ്രദേശമായ ചാല അമ്പലം പരിസരം, വയൽ പരിസരം എന്നിവിടങ്ങളിലേക്കാണ് വിവിധ നീർച്ചാലുകൾ വഴി എത്തുന്നത്. വയലിൽ എത്തിച്ചേരുന്ന മഴവെള്ളം ദേശീയ പാതയുടെ അടിയിലൂടെ ചാല തോട്ടിലേക്ക് കടത്തി വിടാൻ നിർമിച്ച ഓടയുടെ പ്രവൃത്തിയാണ് പാതിവഴിയിൽ നിലച്ചത്.
ഓട
നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ചാലയിൽ കോർപറേഷൻ പരിധിയിലെ വയൽ മേഖല, ചാല അമ്പലം പരിസരം എന്നിവിടങ്ങളിൽ അടുത്ത മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഉറപ്പാണ്. ദേശീയപാത നിർമാണം നടത്താൻ വയലിൽ മണ്ണിട്ട് ഉയർത്തിയത് മുതൽ കഴിഞ്ഞ മൂന്ന് വർഷത്തെ മഴക്കാലത്ത് ചാല വയൽ മേഖലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കുടുംബങ്ങൾക്ക് ബന്ധുവീടുകളിലേക്കും മറ്റും ഒഴിഞ്ഞു പോകേണ്ട
അവസ്ഥയുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ ദേശീയപാത അധികൃതരെ കണ്ട് നിവേദനവും പരാതികളും നൽകിയതിനെ തുടർന്നാണ് ഓട
നിർമിക്കാമെന്ന് സമ്മതിച്ചത്.
ഓട നിർമാണം പൂർത്തിയാക്കാതെ റോഡ് നിർമാണം നടത്തുന്നത് ശ്രദ്ധയിൽപെട്ട
നാട്ടുകാർ കരാർ കമ്പനി അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയപ്പോൾ ഓടയുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടന്നിട്ടില്ല. അതേ സമയം ദേശീയപാത പ്രധാന റോഡ് ഭാഗം മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തികൾ നടക്കുന്നുമുണ്ട്.
ഉയർത്തി നിർമിക്കുന്ന ദേശീയപാത പൂർത്തിയായാൽ പിന്നെ റോഡിന് കുറുകേ ഓട നിർമിക്കണമെങ്കിൽ റോഡ് വീണ്ടും പൊളിക്കേണ്ടി വരില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് മറുപടി ഇല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

