കുറ്റ്യാടി ∙ ഫീസ് വർധന, ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥി സൗഹൃദ തീരുമാനങ്ങൾ ഭരണകൂടത്തിന്റെ പക്ഷത്ത് നിന്ന് ഉണ്ടാകണമെന്നും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഭരണകൂടം ഒരുക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ആവശ്യപ്പെട്ടു.
ജാമിഅ തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദ ദാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക വിദ്യാഭ്യാസവും സമൂഹത്തെ അറിയുന്ന അനുഭവങ്ങളും ആഴത്തിൽ പഠിച്ച പണ്ഡിതരാണ് ഹാദി ബിരുദം സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്കും കാലത്തിനും ആവശ്യമുള്ള നന്മയും പുരോഗതിയും നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഈ വിദ്യാർഥികൾ പുറത്തിറങ്ങുന്നത്.
വിദ്യാഭ്യാസ സമ്പ്രദായങ്ങൾ കാലികമായി നവീകരിക്കണം. നൂതന സാങ്കേതിക വിദ്യയും പഠന അവസരങ്ങളും നമ്മുടെ നാട്ടിൽ തന്നെ നടപ്പാക്കാൻ ആകണം.
അതുവഴി വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന വിദ്യാർഥികളെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോഗിക്കാൻ ആകും. ആധുനികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പുതിയ തലമുറയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കാനും ഭരണകൂടത്തിനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറ്റ്യാടി സിറാജുൽ ഹുദ ക്യാംപസിൽ വിവിധ പ്രോഗ്രാമുകളാണ് മൂന്നു ദിവസങ്ങളിലായി ബിരുദ ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്നത്.
ഞായറാഴ്ച വൈകിട്ട് നടന്ന ബിരുദ ദാന സമ്മേളനത്തിൽ 916 ഹാദികളാണ് സനദ് സ്വീകരിച്ചത്. ബാച്ലർ ഇൻ ഇസ്ലാമിക് സയൻസസിൽ പഠനം പൂർത്തീകരിച്ചവർ ഫാളിൽ ഹാദി ബിരുദവും മാസ്റ്റർ ഇൻ ഇസ്ലാമിക് സയൻസസ് പൂർത്തീകരിച്ചവർ കാമിൽ ഹാദി ബിരുദവുമാണ് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി 17 സോണുകളിൽ നിന്നെത്തിയ വിദ്യാർഥികളുടെ അക്കാദമിക് ഫെസ്റ്റ്, അക്കാദമിക് കോൺഫറൻസ്, യൂണിവേഴ്സിറ്റി ലീഡേഴ്സ് സമ്മിറ്റ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ബിരുദ ദാന- സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, കെ പി മുഹമ്മദ് മുസല്യാർ കൊമ്പം, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം എന്നിവർ പ്രസംഗിച്ചു. മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഡോ.
ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹിയിദ്ദീൻ കുട്ടി മുസല്യാർ താഴപ്ര, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ പി കരീം ഹാജി ചാലിയം, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. പി.എ.
മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ സമസ്തയുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതാക്കൾ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

