വടക്കഞ്ചേരി∙ രണ്ടാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടത്–വലത് കനാലുകളിലേക്കു വെള്ളം തുറന്നുവിടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മംഗലംഡാമിലെ ജലം ഉപയോഗിച്ച് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശേരി പഞ്ചായത്തുകളിലെ ആറായിരം ഏക്കർ സ്ഥലത്തെ കൃഷി നടത്തുന്നു എന്നാണ് കണക്ക്.
പല പാടശേഖരങ്ങളും പാടങ്ങളൊരുക്കി കൃഷിയിറക്കാൻ തയാറെടുത്തിരിക്കുകയാണ്. മഴ നിലച്ചതോടെ ഡാമിലെ വെള്ളം എത്തിയാൽ മാത്രമേ ഞാറ്റടി തയാറാക്കൽ ഉൾപ്പെടെ ചെയ്യാനാകൂ എന്ന് പാടശേഖര സമിതി ഭാരവാഹി ഡിനോയ് കോമ്പാറ പറഞ്ഞു.
എന്നാൽ മംഗലംഡാം ഇടത്–വലത് കനാൽ വൃത്തിയാക്കൽ പൂർത്തിയായിട്ടില്ല. സബ് കനാലുകളുടെയും കാഡ കനാലുകളിലെയും തകർന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും നന്നാക്കാത്തതുമൂലം വെള്ളം പാഴായിപ്പോകുമെന്ന് കർഷകർ പറഞ്ഞു.
കനാലുകളുടെ സ്ലൂയിസുകളിലെ ഷട്ടർ ഇല്ലാത്ത ഭാഗങ്ങളും നന്നാക്കിയിട്ടില്ല. കനാൽ വെള്ളം തുറന്നുവിട്ടില്ലെങ്കിൽ ഞാറു നടാൻ കഴിയാത്ത അവസ്ഥ വരുമെന്നും കനാൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.അരവിന്ദാക്ഷൻ പറഞ്ഞു.
നവംബർ ഒന്നിനാണ് സാധാരണ കനാൽ തുറക്കുന്നത്.
ഇടതുകര കനാൽ പറശ്ശേരിയിൽനിന്ന് തുടങ്ങി പുതുക്കോട് മണപ്പാടം വഴി 23 കിലോമീറ്റർ താണ്ടി കണക്കന്നൂരിലാണ് അവസാനിക്കുന്നത്. വലതുകര കനാൽ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 24 കിലോമീറ്റർ പിന്നിട്ട് തോണിക്കടവിൽ അവസാനിക്കുന്നു. കനാൽ കടന്നുപോകുന്ന എല്ലാ വാർഡുകളിലും വൃത്തിയാക്കൽ ഉടൻ പൂർത്തിയാകുമെന്നും കർഷകർ ആവശ്യപ്പെടുന്ന സമയത്ത് കനാൽ തുറക്കുമെന്നും ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

