കണ്ണൂർ ∙ കോർപറേഷനിൽ അഴിമതിഭരണം ആരോപിച്ച് എൽഡിഎഫ് നടത്തിയ പ്രതിഷേധത്തിൽ മുങ്ങി കോർപറേഷൻ കൗൺസിൽ. നടുത്തളത്തിലും മേയറുടെ ഡയസിലും ഇരച്ചെത്തിയ എൽഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളി തുടർന്നതോടെ യുഡിഎഫ് കൗൺസിലർമാർ ചെറുത്തു.
ഡയസിനു മുന്നിൽ മേയർക്ക് പ്രതിരോധം തീർത്ത് യുഡിഎഫ് കൗൺസിലർമാർ നിലയുറപ്പിച്ചു.
പ്രതിഷേധത്തിനിടെ അടിയന്തര കൗൺസിലിൽ ഉൾപ്പെട്ട 17 അജൻഡകളും അംഗീകരിച്ചതായി അറിയിച്ചു മേയർ ചേംബറിലേക്കു മടങ്ങി.
പ്രതിഷേധ മുദ്രാവാക്യം വിളികളോടെ എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കും. കൗൺസിൽ ഹാളിൽ പിണറായി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു യുഡിഎഫ് കൗൺസിലർമാരും പ്രതിഷേധിച്ചു.
അതിനിടെ അജൻഡകളിൽ സംസാരിക്കാനുണ്ടെന്ന സ്ഥിരസമിതി അധ്യക്ഷൻ പി.കെ.രാഗേഷിന്റെ അഭ്യർഥന മേയർ പരിഗണിച്ചില്ല.
അജൻഡകളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ലെന്ന് രാഗേഷ് പരാതി ഉന്നയിച്ചു. സംഘർഷസാധ്യത പരിഗണിച്ച് കൗൺസിൽ ഹാളിന് പുറത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പൊലീസിന് ഇടപെടേണ്ടി വന്നില്ല.
‘കണ്ണൂരിന് അപമാനം ഈ ഭരണം, അഴിമതിയിൽ മുങ്ങി കണ്ണൂർ കോർപറേഷൻ യുഡിഎഫ് ഭരണം’ എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുമായാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.
എനിക്കെതിരെ അഴിമതി ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആസ്തി അന്വേഷിക്കണം. രാഗേഷിന്റെ സ്വത്ത് എങ്ങനെ ഇത്രയും വർധിച്ചുവെന്നു പരിശോധിക്കണം
മുസ്ലിഹ് മഠത്തിൽ, മേയർ.
സർവമേഖലയിലും അഴിമതി നടത്തുകയാണു കോർപറേഷൻ.
പദ്ധതി ടെൻഡറുകൾ മേയർക്കും ഭരണസമിതിക്കും വേണ്ടപ്പെട്ടവർക്കും നൽകുകയാണ്
ടി.രവീന്ദ്രൻ, സിപിഎം കൗൺസിലർ.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് എൽഡിഎഫ് കൗൺസിലർമാർ കളിച്ചത്. സുതാര്യമായ ഭരണമാണു നടത്തുന്നത്
ടി.ഒ.മോഹനൻ, യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ.
അടിയന്തിര കൗൺസിലിൽ പങ്കെടുത്തതായി കൗൺസിലർമാർ ആരും ഒപ്പിട്ടില്ല.
കോർപറേഷന് അഴിമതി നടത്താനാണു നടപടിക്രമം പാലിക്കാതെ അടിയന്തര കൗൺസിൽ ചേർന്നതും അജൻഡകൾ പാസാക്കിയതും
പി.കെ.രാഗേഷ്, സ്ഥിരസമിതി അധ്യക്ഷൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

