പാലക്കാട്: കാറിനെ മറികടന്നതിൻ്റെ പേരിൽ പെട്ടി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. കൂറ്റനാട് സ്വദേശിയായ ബെന്നിക്കാണ് നടുറോഡിൽ ആക്രമണത്തിനിരയാകേണ്ടി വന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളിലൊരാൾ മുൻപ് എസ്ഐയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടയാളാണ്.
പാൽ വിതരണക്കാരനായ ബെന്നി, ബുധനാഴ്ച സൊസൈറ്റിയിൽ പാൽ നൽകി മടങ്ങിവരുമ്പോഴാണ് ആക്രമണത്തിനിരയായത്. കൂറ്റനാട് സെൻ്ററിലെ സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ, ബെന്നി ഓടിച്ചിരുന്ന പെട്ടി ഓട്ടോയ്ക്ക് മുന്നിൽ അക്രമിസംഘം കാർ കുറുകെയിട്ടു.
തുടർന്ന് കാറിൽ നിന്നിറങ്ങിയ രണ്ട് യുവാക്കൾ ബെന്നിയെ റോഡിലേക്ക് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ‘ഞങ്ങളുടെ കാറിനെ മറികടക്കാൻ നീയാരാടാ’ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനമെന്ന് ബെന്നി പോലീസിന് മൊഴി നൽകി.
ആക്രമണത്തിൽ ബെന്നിയുടെ മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുകളുണ്ട്.
ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ ചാലിശ്ശേരി പോലീസ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ അലൻ അഭിലാഷ്, കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

