തൃശൂർ: മസ്ക്കുലാർ ഡിസ്ട്രോഫി ബാധിച്ച് ചലനശേഷി പരിമിതമായ 32-കാരിക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തളിക്കുളം ആസാദ് നഗർ സ്വദേശിനിയായ പണിക്കവീട്ടിൽ അനീഷ അഷ്റഫിനാണ് ഈ അവസരം ലഭിച്ചത്.
സമാനമായ പരീക്ഷകൾ ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാൻ സൗകര്യമൊരുക്കണമെന്ന അനീഷയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ നടപടി. നേരത്തെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും അനീഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി വിജയിച്ചിരുന്നു.
സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷയ്ക്കായി അനീഷയുടെ വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. ഈ മുറിയിൽ വിദ്യാർത്ഥിനിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ.
പരീക്ഷാ നടത്തിപ്പിന്റെ പൂർണ്ണ ചുമതല പരീക്ഷാഭവൻ സെക്രട്ടറിക്കായിരിക്കും. കഴിഞ്ഞ വർഷം നടന്ന നവകേരള സദസ്സിൽ വെച്ച് ആരോഗ്യമന്ത്രിയുടെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും മുന്നിൽ താനടക്കമുള്ള ഭിന്നശേഷി വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ അനീഷ അവതരിപ്പിച്ചിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലും, ‘സി എം വിത്ത് മീ’ എന്ന പരിപാടിയിലും അനീഷ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പിലാണ് സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്കായി കഴിഞ്ഞ 16 മാസമായി അനീഷ തയ്യാറെടുത്തിരുന്നത്.
വരുന്ന നവംബർ 8-നാണ് പരീക്ഷ ആരംഭിക്കുന്നത്. സർക്കാർ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്നും, ഒരുപാട് ആഗ്രഹിച്ച് തുടങ്ങിയ പഠനം പൂർത്തിയാക്കാൻ അവസരം നൽകിയ സർക്കാരിന് നന്ദി പറയുന്നുവെന്നും അനീഷ പ്രതികരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനീഷയെ വീഡിയോ കോളിൽ വിളിച്ച് ആശംസകൾ അറിയിച്ചു.
എട്ടാം വയസ്സിൽ രോഗബാധിതയായ അനീഷയ്ക്ക് പതിനൊന്നാം വയസ്സിൽ നടക്കാനുള്ള ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. ഇതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘ഉണർവ്വ്’ ഓൺലൈൻ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം അനീഷയ്ക്കായിരുന്നു. 2023-ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അനീഷയെ തേടിയെത്തി.
തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറും അനീഷയ്ക്ക് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

