പേരാമ്പ്ര ∙ ചേർമല സാംബവ ഉന്നതിയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി ഉപഭോക്താക്കൾ. 9 മാസമായി ചേർമല സാംബവ ഉന്നതിയിൽ ജലപദ്ധതി തകരാറിലായിട്ട്. ടൂറിസം പദ്ധതിക്കു വേണ്ടി വെള്ളം എടുക്കാൻ മോട്ടർ കൂടുതൽ സമയം പ്രവർത്തിച്ചതാണ് തകരാറാകാൻ കാരണമെന്ന് പറയുന്നു.
വെള്ളം എത്തിക്കുന്ന പൈപ്പും പൂർണമായി പൊട്ടിയ നിലയിലാണ്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ പൈപ്പും മാറ്റാൻ ഫണ്ട് വച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി നടത്താൻ കഴിഞ്ഞിട്ടില്ല.
വെള്ളം കിട്ടാതായപ്പോൾ 2 ആഴ്ച മുൻപ് ഉന്നതിയിലെ സ്ത്രീകൾ വാർഡ് മെംബറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ച കൊണ്ട് പരിഹരിച്ചില്ലെങ്കിൽ കുടിവെള്ളം പഞ്ചായത്ത് ടാങ്കറിൽ എത്തിക്കുമെന്ന് അന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. വെള്ളം തുള്ളി പോലും കിട്ടാത്ത സാഹചര്യത്തിലാണ് വാർഡ് മെംബർ അർജുൻ കറ്റയാട്ടിന്റെ നേതൃത്വത്തിൽ അറുപതോളം ഗുണഭോക്താക്കൾ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി കുത്തിയിരിപ്പ് സമരം നടത്തിയത്.
മെംബർ പി.കെ.രാഗേഷ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപിൽ എത്തി സംസാരിച്ചു.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിവെള്ളം ടാങ്കറിൽ എത്തിച്ചിട്ടുണ്ടെന്നും മറ്റൊരു മോട്ടർ ഉപയോഗിച്ച് കുടിവെള്ളം ടാങ്കിൽ നിറയ്ക്കാൻ നടപടി സ്വീകരിക്കും എന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗുണഭോക്താക്കളിൽ ഒരാളും പഞ്ചായത്ത് ജീവനക്കാരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
എന്നാൽ സെക്രട്ടറി പറഞ്ഞത് തെറ്റാണെന്നു ബോധ്യപ്പെട്ട സമരക്കാർ സെക്രട്ടറിയുടെ മുറിയിൽ ഉപരോധ സമരം ആരംഭിക്കുകയും പഞ്ചായത്ത് ഓഫിസിന്റെ മുൻവശത്തെ വാതിൽ പൂട്ടി പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.
സംഭവം വഷളായപ്പോൾ പഞ്ചായത്ത് മെംബർ പി.കെ.രാഗേഷ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പഞ്ചായത്ത് മെംബർ പി.കെ.രാഗേഷും ചേർമല സന്ദർശിക്കുകയും തിരിച്ചെത്തി പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷിദിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അവസാനിപ്പിക്കുകയുമായിരുന്നു. മോട്ടർ നന്നാക്കി പ്രവൃത്തി പൂർത്തീകരിക്കും വരെ ദിവസം മുപ്പതിനായിരം ലീറ്റർ വെള്ളം നൽകുമെന്ന രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് വാർഡ് മെംബർ അർജുൻ കറ്റയാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സമരം അവസാനിപ്പിച്ചത്.
നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അർജുൻ കറ്റയാട്ട് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

