പാലക്കാട് ∙ ജല അതോറിറ്റി പൊളിച്ചിട്ട മേഴ്സി കോളജ് റോഡിൽ ദുരിതയാത്രയ്ക്കൊപ്പം അപകടവും ഗതാഗതക്കുരുക്കും പതിവാകുന്നു.
മേഴ്സി കോളജിൽ നിന്നു തിരുനെല്ലായിലേക്കുള്ള പ്രധാന പാതയാണിത്. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് പ്രവൃത്തിക്കു ശേഷം പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.
നിരപ്പു വ്യത്യാസവും പരിഹരിച്ചിട്ടില്ല. ചിലയിടങ്ങളിൽ വാഹനങ്ങൾ റോഡിൽ നിന്ന് താഴേക്ക് തെന്നിയിറങ്ങിയതിന്റെ പാടുകളുമുണ്ട്.കൗൺസിലർമാർ ഇക്കാര്യം ഒട്ടേറെത്തവണ നഗരസഭ മുഖേന ജല അതോറിറ്റിയെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
മഴ പെയ്താൽ റോഡ് ചെളിക്കുളമാകും.
മേഴ്സി കോളജിനു തൊട്ടു മുൻപിലും ഇതാണു സ്ഥിതി. മേഴ്സി കോളജ് ജംക്ഷൻ മുതൽ വെങ്കടേശ ഗാർഡൻസ് വരെ റോഡിന്റെ ഇടതുവശം പൂർണമായും പൊളിച്ചിട്ടിരിക്കുകയാണ്.
നേരത്തെ അമൃത് ഒന്ന് പദ്ധതിയിൽ ശുദ്ധജല വിതരണ പൈപ്പിട്ട ശേഷം നവീകരിച്ച റോഡാണ് വീണ്ടും പൈപ്പിടാനായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.
തിരക്കേറിയ റോഡിൽ മഴ പെയ്താൽ ചെളി കാരണം കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണ്. വെയിലുറച്ചാൽ ഇവിടെ പൊടിശല്യവും രൂക്ഷമാണ്.
പൊളിച്ചിട്ട ഭാഗത്ത് മെറ്റലിട്ടെങ്കിലും റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.
താരേക്കാട് റോഡ് തകർക്കുന്ന ചോർച്ചയ്ക്കും പരിഹാരമില്ല
താരേക്കാട് ജംക്ഷനിൽ ഡിവൈഡറിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി ദിവസങ്ങളായി.
ഇവിടെ റോഡും പുറത്തേക്ക് തള്ളിത്തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ജല അതോറിറ്റി ഇതുവരെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല.
ഇതേ റോഡിൽ മോയൻ സ്കൂൾ ജംക്ഷൻ കഴിഞ്ഞ് ഹെഡ്പോസ്റ്റ് ഓഫിസ് റോഡിലും പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പോകുന്നുണ്ട്. ഇതിൽ ചിലതു പരിഹരിച്ചു.
ഒരിടത്ത് ചോർച്ച പരിഹരിച്ചെങ്കിലും റോഡ് നേരെയാക്കിയിട്ടില്ല. നഗരത്തിലെ തിരക്കേറിയ റോഡാണിത്.
നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ടെങ്കിലും ജല അതോറിറ്റി തിരിഞ്ഞു നോക്കുന്നില്ല. ഒപ്പം റോഡും തകരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

