മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരിക്ക് നേരെ ടാക്സി ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായ സംഭവത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മൂന്നാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സാജു പൗലോസ്, ഗ്രേഡ് എസ്.ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി.
കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. സംഭവം അതീവ ദൗർഭാഗ്യകരമാണെന്നും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും ടൂറിസം മന്ത്രി പി.എ.
മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളമെന്നും ഒറ്റപ്പെട്ട
സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നാര് സംഭവത്തിൽ പോലീസ് കേസെടുത്തു ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയായ യുവതിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു.
യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പോലീസിന്റെ നടപടി. അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 30-ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയും അസിസ്റ്റന്റ് പ്രൊഫസറുമായ ജാൻവിക്കാണ് ദുരനുഭവമുണ്ടായത്.
ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രാദേശിക ടാക്സി ഡ്രൈവർമാർ സംഘം ചേർന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
ഇത്തരമൊരു മോശം അനുഭവത്തെ തുടർന്ന് ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജാൻവി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

