ഉദയംപേരൂർ∙ മത്സ്യത്തൊഴിലാളികൾക്കു ചങ്കിടിപ്പേറ്റി വേമ്പനാട് കായലിൽ പോളപ്പായൽ വീണ്ടുമെത്തി. പൂത്തോട്ട, തെക്കൻ പറവൂർ, ഉദയംപേരൂർ, മരട്, കുമ്പളം, പനങ്ങാട്, ചേപ്പനം, നെട്ടൂർ, പെരുമ്പളം മേഖലകളിലെല്ലാം പല ഭാഗത്തായി കിലോമീറ്ററുകളോളം പായൽ നിറഞ്ഞു. ഒരോ വർഷവും പായൽ നീക്കാൻ കാര്യക്ഷമമായ നടപടിയൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. പ്രളയശേഷം എക്കലടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതും മാലിന്യം തള്ളൽ കൂടിയതും ദുരിതമായി തുടരുമ്പോഴാണ് പായൽ ശല്യം രൂക്ഷമായത്.
വലയിടാൻ പോയിട്ട്, വഞ്ചിയിറക്കാൻ പോലും ആകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
പായൽ തിങ്ങിനിറഞ്ഞതു കൃഷിയും മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. ഊന്നിവല, ചീനവല, ഒഴുക്കുവല, കക്ക വാരൽ എന്നീ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ പായൽശല്യം രൂക്ഷമായതോടെ ബുദ്ധിമുട്ടിലാണ്. വള്ളങ്ങൾ ഫിഷ് ലാൻഡിങ് സെന്ററുകളിൽ അടുപ്പിക്കാനോ, കായലിലേക്ക് ഇറക്കാനോ വളരെ ബുദ്ധിമുട്ടാണ്.
വേമ്പനാട്ട് കായലിനു സമീപത്തുള്ള കോണത്തുപുഴയിലും മില്ലുങ്കൽ കനാലിലും ദിവസം ചെല്ലുന്തോറും പായൽ വന്ന് അടിയുകയാണ്.
ഇതോടെ വള്ളങ്ങൾക്കു പോളകൾക്കിടയിലൂടെ പോകാനും സാധിക്കുന്നില്ല. പോള ഇല്ലാതാക്കുന്നതു ലക്ഷ്യമിട്ട് മുൻപ് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല.
വർഷങ്ങളായി കന്നി – തുലാം മാസങ്ങളിലാണു കായലിൽ പോളപ്പായൽ ശല്യം രൂക്ഷമാകുന്നത്.
കുട്ടനാട്ടിൽ നിന്നാണ് പായൽ തെക്കൻ കാറ്റിനു വേമ്പനാട്ടു കായലിൽ എത്തുന്നത്. പ്രശ്നത്തെ സർക്കാർ ഗൗരവമായി എടുക്കണമെന്നാണ് ആവശ്യം.
ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സഹായവും സർക്കാർ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

