തൃശൂർ ∙ മാലിന്യമലയും സമരപോരാട്ടങ്ങളും മൂലം പതിച്ചു കിട്ടിയ മേൽവിലാസം മായ്ച്ചുകളഞ്ഞു ലാലൂർ ഇന്നു പുതിയ ചരിത്രമെഴുതുന്നു. ഒന്നാംഘട്ട
നിർമാണം പൂർത്തീകരിച്ച ഐ.എം.വിജയൻ രാജ്യാന്തര കായിക സമുച്ചയം ഇന്നു വൈകിട്ട് 5നു ലാലൂരിൽ മന്ത്രി വി.അബ്ദു റഹ്മാൻ നാടിനു സമർപ്പിക്കും. ഇൻഡോർ സ്റ്റേഡിയം, ബാഡ്മിന്റൻ, വോളിബോൾ, ബാസ്കറ്റ് ബോൾ, ഹാൻഡ് ബോൾ കോർട്ടുകൾ, ഫുട്ബോൾ ഗ്രൗണ്ട്, പ്രാക്ടീസ് പൂൾ, പവിലിയൻ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. കായിക സമുച്ചയത്തിലെ മൈതാനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അക്വാറ്റിക് കോംപ്ലക്സ് മന്ത്രി കെ.രാജനും പവിലിയൻ മന്ത്രി ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്യും.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ടെന്നിസ് കോർട്ടിന്റെയും ഉദ്ഘാടനം എംഎൽഎമാരായ പി.ബാലചന്ദ്രനും എ.സി.മൊയ്തീനും നിർവഹിക്കും. മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിക്കും.
ലാലൂർ സമരഭടന്മാരെ ചടങ്ങിൽ ആദരിക്കും. 3ന് ലാലൂർ കായിക സമുച്ചയം പരിസരത്തു നിന്ന് ഘോഷയാത്ര. 4നു പുതിയ ഇൻഡോർ സ്റ്റേഡിയത്തിൽ നാഷനൽ മീറ്റ് ജേതാക്കളെ ആദരിക്കും.
5ന് ഉദ്ഘാടന ചടങ്ങിനു ശേഷം സൂംബ സ്റ്റേജ് പ്രോഗ്രാം, യോഗ എന്നിവ നടക്കും. ഐ.എം.വിജയൻ ടീമും റെസ്റ്റ് ഓഫ് കേരളയും തമ്മിൽ ഫുട്ബോൾ മത്സരവും അരങ്ങേറും
കിട്ടുന്നത് പുതിയ മേൽവിലാസം
മാലിന്യമെന്നാൽ ലാലൂർ എന്ന് ഓർത്തെടുത്തിരുന്ന കാലത്തു നിന്നു സ്റ്റേഡിയം എന്ന പുതുചരിത്രത്തിലേക്കുള്ള യാത്രയ്ക്ക് 24 വർഷത്തെ സമരപോരാട്ടത്തിന്റെ കഥ കൂടി ഈ നാടിനു പറയാനുണ്ട്.
ജീവിക്കാനുള്ള അവകാശത്തിനായി ലാലൂർ ജനത 1988ൽ ആരംഭിച്ച ചെറുത്തുനിൽപ് 2012ൽ ലാലൂർ ട്രെഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള മാലിന്യനീക്കം നിലയ്ക്കും വരെ തുടർന്നു. ലാലൂർ നിവാസികളുടെയും ലാലൂർ മലിനീകരണ വിരുദ്ധ സമര സമിതിയുടെയും വിജയം കൂടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഐ.എം.വിജയൻ സ്പോർട്സ് കോംപ്ലക്സ്. ലാലൂരും മാലിന്യവുമായി ബന്ധപ്പെട്ട
ചരിത്രം തുടങ്ങുന്നത് 1940കളുടെ തുടക്കത്തിൽ ആണ്. കൊച്ചി രാജഭരണ കാലത്താണു
ലാലൂരിലേക്ക് ആദ്യമായി മാലിന്യമെത്തുന്നത്.
ജനവാസം കുറഞ്ഞ, വിജനമായ പ്രദേശമായിരുന്നു എന്നതായിരുന്നു കാരണം. ഗ്രൗണ്ടിന്റെ ഒരുവശത്ത് മൃതശരീരങ്ങളും മറവുചെയ്തിരുന്നു.
എൺപതുകളുടെ മധ്യത്തോടെ മാലിന്യത്തിന്റെ വരവും അളവും ആപത്കരമായി കൂടി.മനുഷ്യവിസർജ്യം മുതൽ ആശുപത്രി മാലിന്യം വരെ കുന്നുകൂടി. ത്വക് രോഗങ്ങളും ആസ്തമയും അലർജിയും രൂക്ഷമായി.
‘ലാലൂർ, നഗരത്തിന്റെ കുപ്പത്തൊട്ടിയല്ല’ എന്ന മുദ്രാവാക്യമുയർത്തി അയ്യന്തോൾ പഞ്ചായത്ത് ഓഫിസിനു മുൻപിൽ 1988 ഒക്ടോബർ 2ന് ലാലൂർ മലിനീകരണ വിരുദ്ധ സമരസമിതി സത്യഗ്രഹം ആരംഭിച്ചു. എ.വി.ആര്യൻ ചെയർമാനും ടി.കെ.വാസു വൈസ് ചെയർമാനുമായാണ് സമരസമിതി രൂപീകരിച്ചത്.
സുകുമാർ അഴീക്കോട് ആണ് ആദ്യ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.
ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ ശുപാർശ പ്രകാരം 1992ൽ ആണ് സമരസമിതിക്ക് അനുകൂലമായി നിയമ പരിരക്ഷ ലഭിച്ചത്. പഴയപടി മാലിന്യം തള്ളരുതെന്നും 6 മാസത്തിനകം കൃത്യമായ മാലിന്യ സംസ്കരണ പദ്ധതിക്കു നടപടിയെടുക്കണമെന്നും ആയിരുന്നു കോടതി നിർദേശം. ഇതോടെ 4 വർഷം നീണ്ട
ആദ്യ സമരം അവസാനിച്ചു. 1995ൽ സമരത്തിന്റെ മുഖം മാറി.
ശാസ്ത്രി ലെയ്നിലെ ഒരു വീട്ടിൽ കിണറ്റിൽ അകപ്പെട്ട ഗൃഹനാഥനും പുറത്തെത്തിക്കാൻ ഇറങ്ങിയവരും ഉൾപ്പെടെ 3 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു.
ഇതിനു പിന്നാലെ 1997ൽ തൃശൂർ മുനിസിപ്പാലിറ്റിയോട് ഇനി മാലിന്യനിക്ഷേപം അനുവദിച്ചുകൂടാ എന്ന് കോടതി ഉത്തരവിട്ടപ്പോൾ രണ്ടാം സമരവും സമരസമിതി അവസാനിപ്പിച്ചു.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവു തരപ്പെടുത്തി മാലിന്യ പ്ലാന്റ് പ്രവർത്തനം തുടർന്നപ്പോൾ സമരവും പുനരാരംഭിച്ചു. മാലിന്യം ഒലിച്ചിറങ്ങി വീടുകളിലേക്കും കിണറുകളിലേക്കും പരന്നതോടെ സമരസമിതി പ്രതിഷേധം ശക്തമാക്കി.
മാലിന്യം നാലും അഞ്ചും മലകളായി രൂപംകൊണ്ടു. ഹർത്താൽ, അനിശ്ചിതകാല സത്യഗ്രഹം എന്നിവ തുടങ്ങി. സമരം കേരളമാകെ ഏറ്റെടുത്തു.
ഇതിനിടെ മാലിന്യമല ഇടിഞ്ഞതും വലിയ പ്രതിഷേധത്തിലേക്കു നയിച്ചു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ലാംപ്സ് പദ്ധതി നടപ്പാക്കിയെങ്കിലും പിന്നീടു മുടങ്ങി.
പലകാലങ്ങളിൽ മാലിന്യമലയ്ക്കു തീപിടിച്ചിട്ടുണ്ടെങ്കിലും 2012 ജനുവരിയിലെ തീപിടിത്തം അതിരൂക്ഷമായി.ഒട്ടേറെ പേർ ആശുപത്രിയിലായി. ലാലൂർ സമരത്തിന്റെ ഐക്യദാർഢ്യ സമിതി കൺവീനറായിരുന്ന എം.പീതാംബരൻ നൽകിയ പരാതിയെ തുടർന്ന് ലാലൂരിൽ മാലിന്യം തള്ളരുതെന്ന് 2012 മാർച്ച് 19ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇതോടെ ലാലൂരിലേക്കുള്ള മാലിന്യം കൊണ്ടുവരൽ നിലച്ചു; ഒപ്പം 24 വർഷം നീണ്ട സമരപോരാട്ടങ്ങൾക്കും പരിസമാപ്തിയായി.
2019ൽ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

