കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദിനെ റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഷർഷാദിനെ കസ്റ്റഡിയിൽയെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇതിനായി മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകും.
കൊച്ചി സ്വദേശികളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കൊച്ചി സൗത്ത് പോലീസിന്റെ നടപടി. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഇതൊരു കടലാസ് കമ്പനിയാണെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പിന് കൂട്ടുനിന്ന കമ്പനിയുടെ സിഇഒ ചെന്നൈ സ്വദേശി ശരവണനു വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് മുഹമ്മദ് ഷർഷാദ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സിപിഎം നേതാക്കൾക്കെതിരെ ഇയാൾ പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത് വലിയ വിവാദമായിരുന്നു.
യുകെ ആസ്ഥാനമായുള്ള ഒരു വ്യവസായി സിപിഎം നേതാക്കളുടെ ബിനാമിയാണെന്നായിരുന്നു ഷർഷാദിന്റെ ആരോപണം. ഇതിനെതിരെ നേതാക്കൾ നിയമനടപടികൾ സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിലെ അറസ്റ്റ്. കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിശ്വാസവഞ്ചന ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

