കൊച്ചി ∙ അർജന്റീന മത്സരത്തിന്റെ പേരിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കു ഒരു മാസത്തേക്കു കൈമാറിയത് 3 പേർ ഒപ്പിട്ട കടലാസിന്റെ ബലത്തിൽ.
ഏതോ കരാറിന്റെ അനുബന്ധം എന്ന നിലയിൽ തയാറാക്കിയ കത്തിൽ ജിസിഡിഎ സെക്രട്ടറി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജനറൽ മാനേജർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ജിസിഡിഎ ആണ് ഇതു തയാറാക്കിയിരിക്കുന്നത്.
ജിസിഡിഎക്കു സ്പോൺസർ കമ്പനിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡുമായി ഒരു ബന്ധവും ഇല്ലെന്ന വാദം പൊളിക്കുന്നതാണ് ഇൗ രേഖ.
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24 നു ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് സ്റ്റേഡിയം കൈമാറിക്കൊണ്ടുള്ള കത്ത്. സ്റ്റേഡിയവും ചുറ്റുമുള്ള സ്ഥലവും ഉൾപ്പെടെ 31.11 ഏക്കർ സ്ഥലം സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെ സ്പോർട്സ് കേരള ഫൗണ്ടേഷനും തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും കൈമാറുന്നു എന്നാണ് ഒരു പേജ് കത്തിലെ വാചകങ്ങൾ.
സ്പോർട്സ് കേരള ഫൗണ്ടേഷനാണു ജിസിഡിഎ സ്റ്റേഡിയം കൈമാറിയതെന്നാണ് ഇതുവരെയുള്ള വാദം.
എന്നാൽ ജിസിഡിഎ സെക്രട്ടറി ഒപ്പിട്ട രേഖയിൽ സ്പോൺസർ കമ്പനി സ്റ്റേഡിയം ഏറ്റെടുക്കുന്ന കാര്യം പറയുന്നുണ്ടെന്നു മാത്രമല്ല അവരുടെ പ്രതിനിധി ഒപ്പിട്ടിട്ടുമുണ്ട്.
ജിസിഡിഎ സെക്രട്ടറി സ്റ്റേഡിയം കൈമാറുന്നു, സ്പോർട്സ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നു, സ്പോൺസർ കമ്പനി ഏറ്റെടുക്കുന്നു എന്നാണ് വാചകം.
നിയമപ്രകാരമല്ലാത്ത ഒരു രേഖയിൽ ഒപ്പിടാൻ ജിസിഡിഎ സെക്രട്ടറിക്ക് അനുമതിയില്ല. സ്റ്റേഡിയം കൈമാറുമ്പോൾ എന്താണ് നടപടിക്രമമെന്നു കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്.
അലോട്മെന്റ് ഓർഡറോ, കരാറോ ഇല്ലാതെ ഇത്തരമൊരു രേഖയിൽ ഒപ്പിടാൻ പാടില്ല. സ്റ്റേഡിയത്തിനുണ്ടാക്കുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നു നിശ്ചയിക്കാതെയും പരിപാടി നടത്തുമ്പോൾ ജിസിഡിഎയുടെ വിഹിതം എന്താണെന്നു നിശ്ചയിക്കാതെയുമാണ് ഉടമ്പടി.
വാടകയോ പ്രതിഫലത്തിന്റെ വിഹിതമോ വേണ്ടെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിൽ ആ ഉത്തരവു സംബന്ധിച്ച സൂചന ഇതിൽ വേണം.
അനധികൃത നിർമാണം ആരോപിച്ച് പരാതി
കലൂർ നെഹ്റു സ്റ്റേഡിയം കയ്യേറി അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് സ്പോൺസർ ആന്റോ അഗസ്റ്റിനും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ളയ്ക്കുമെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. പൊതു സ്ഥലം കയ്യേറി, പൊതു സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിർമാണ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തെന്നും ഇരുവർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണു പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

