സുൽത്താൻ ബത്തേരി: വയനാട്ടിൽ സിപ് ലൈൻ അപകടം നടന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണിതെന്നും ഇത് പ്രചരിപ്പിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ജനങ്ങളിൽ ഭീതി പരത്തുന്ന രീതിയിൽ വ്യാജ ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. ‘അഷ്കർ അലി റിയാക്ട്സ്’ എന്ന ഇൻസ്റ്റാഗ്രാം പേജിനെതിരെയാണ് വയനാട് സൈബർ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്നും എഐ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ കുറ്റകൃത്യമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വയനാടിന്റെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പ്രചാരണമായതിനാൽ ശക്തമായ നടപടിയുണ്ടാകും. വീഡിയോ പ്രചരിപ്പിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സൈബർ പോലീസ് ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അമ്മയും കുഞ്ഞും സിപ് ലൈനിൽ നിന്ന് തെന്നിമാറുന്നതും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സിസിടിവി ദൃശ്യങ്ങളോട് സാമ്യമുള്ള ഈ വീഡിയോ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോയിൽ ഒക്ടോബർ 27 എന്ന തീയതിയും രാവിലെ 9:41 എന്ന സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇന്നലെ വയനാട്ടിൽ സംഭവിച്ചത്, എല്ലാവരും ശ്രദ്ധിക്കുക, ഇത് ശരിയാണെങ്കിൽ ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ’ തുടങ്ങിയ മുന്നറിയിപ്പ് സന്ദേശങ്ങളോടെയാണ് പലരും ഇത് പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

