ആറ്റിങ്ങൽ∙ ശുദ്ധജല സംഭരണിയുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ. അന്വേഷണത്തിന്റെ ഭാഗമായി പമ്പ് ഓപ്പറേറ്ററെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടതായി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ജലസംഭരണിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും , വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഉപരോധ സമരം നടത്തി. വീഴ്ച വരുത്തിയ വർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ എസ്.
ബൈജു രേഖാമൂലം ഉറപ്പ് നൽകി.
ശുദ്ധജല സംഭരണിയുടെ മൂടി തുറന്ന് കിടന്നത് അധികൃതർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു . ഒരാഴ്ച മുൻപ് ടാങ്ക് പരിസരവും മുകൾഭാഗവും വൃത്തിയാക്കിയതായും മൂടി പുനഃസ്ഥാപിച്ചതായും വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ ടാങ്കിന്റെ മുകൾ ഭാഗം വൃത്തിയാക്കിയതും മൂടി സ്ഥാപിച്ചതും ഇന്നലെ രാവിലെയാണെന്ന് നാട്ടുകാർ സാക്ഷിപ്പെടുത്തുന്നു.
ജീവനക്കാരല്ലാതെ മറ്റാരെങ്കിലും ടാങ്കിന് മുകളിൽ കയറി മൂടി മാറ്റിയിട്ടതാകാം എന്നതാണ് ജീവനക്കാരുടെ വാദം .
പമ്പിങ് ഇല്ലാത്ത ദിവസം മൂടി നീക്കിയിട്ടതാകാം എന്നും ജീവനക്കാർ ഉന്നയിക്കുന്നു. എന്നാൽ ടാങ്കിന്റെ മൂടി തുറന്ന് കിടന്നത് ഗുരുതരമായ വീഴ്ചയാണെന്നും അധികൃതർ തന്നെ സമ്മതിക്കുന്നു.
മൂടി ഒരിക്കലും തുറന്നിടാനുള്ള സാധ്യത ഇല്ലെന്നും അധികൃതർ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംഭരണിയിൽ പുറത്തു നിന്നുള്ളവർ എത്തി മൂടി തുറന്നു എന്നത് അധികൃതർക്ക് സംഭവിച്ച വീഴ്ചയാണെന്നും , ടാങ്ക് തുറന്ന് കിടന്നതിനാൽ മാലിന്യം അടക്കം ടാങ്കിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയായിരുന്നെന്നും നാട്ടുകാർ മറുവാദം ഉന്നയിച്ചു .
സമീപത്തെ മരങ്ങളിൽ നിന്നും ഫലങ്ങളും ഇലകളും ടാങ്കിൽ പതിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.രണ്ട് ലക്ഷം ലീറ്റർ ജലം കൊള്ളുന്ന സംഭരണി ഭൂമിയുടെ നിരപ്പിന് സമാനമായാണ് നിർമിച്ചിരിക്കുന്നത്.
കിഴുവിലം പഞ്ചായത്തിലെ 3,4,5 വാർഡുകൾ ഒഴികെ മറ്റ് പതിനെട്ട് വാർഡുകളിലേക്കും ജലം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നും ആണ്.
എസ്റ്റിമേറ്റ് എവിടെ ?
ആറ്റിങ്ങൽ∙ എൻഇഎസ് ബ്ലോക്കിലെ ജല സംഭരണിയുടെ ഉൾവശത്തെ സിമന്റ് പാളികൾ ഇളകി മാറി കമ്പികൾ പുറത്തു വന്ന് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി രണ്ട് വർഷം മുൻപ് തയാറാക്കിയ എസ്റ്റിമേറ്റ് എവിടെ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. രണ്ട് വർഷം മുൻപ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
എസ്റ്റിമേറ്റ് തയാറാക്കി മുകളിൽ സമർപ്പിച്ചിട്ടുണ്ടെന്നും , വാർത്തയുടെ അടിസ്ഥാനത്തിൽ വീണ്ടും സമർപ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത്തരം ഒരു എസ്റ്റിമേറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ലഭിച്ചിട്ടില്ലെന്ന് അവിടുത്തെ ഉദ്യോഗസ്ഥർ പറഞ്ഞു..
9,97,010 രൂപയുടെ എസ്റ്റിമേറ്റാണ് അന്ന് തയാറാക്കിയത്. ഇത് വീണ്ടും പുനർ നിർണയിക്കേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
മനോരമ ഉയർത്തി കോൺഗ്രസ് സമരം
ആറ്റിങ്ങൽ∙ ജല സംഭരണിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും, ജോലിയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ് ഉപരോധിച്ചു.
കിഴുവിലം ഗ്രാമപ്പഞ്ചായത്തിന് സമീപത്തെ ശുദ്ധജല സംഭരണിയിലെ ശോച്യാവസ്ഥ സംബന്ധിച്ച് ഇന്നലെ മലയാള മനോരമയിൽ വന്ന വാർത്ത ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ.
എസ്.ശ്രീകണ്ഠൻ, മഞ്ചു പ്രദീപ് , ബി.എസ്. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രാവിലെ പത്തരയോടെ പ്രതിഷേധവുമായി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ എത്തിയെങ്കിലും എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തുടർന്ന് ജൂനിയർ സൂപ്രണ്ടിനെ ഉപരോധിച്ചു. തുടർന്ന് ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ എസ്.
ബൈജു പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വീഴ്ച വരുത്തിയർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുമെന്നും, ടാങ്കിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കാമെന്നും രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

