കോഴിക്കോട്∙ ഇതു നന്തി ഇരുപതാം മൈൽസ്. ദേശീയപാത സർവീസ് റോഡിന്റെ കിഴക്കുഭാഗം.
വാഹനങ്ങളും ആളുകളും തുടർച്ചയായി ഓടയിൽ വിഴുന്ന സ്ഥലം. കാര്യമായ മഴയില്ലാതിരുന്നിട്ടും ഇന്നലെയും ഇവിടെ വെള്ളക്കെട്ട് മാറിയിട്ടില്ല. ഇത്രയും അപകടങ്ങളുണ്ടായിട്ടും ആളുകൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടിട്ടും ഇവിടെ ആകെയുണ്ടായ നടപടി, കുറച്ച് ഇരുമ്പു ഡ്രമ്മുകൾ നിരത്തിയതു മാത്രമാണ്.
ആളുകൾ വീണ ഓടയിലാകട്ടെ, തെങ്ങോലയുടെ ‘അപായ മുന്നറിയിപ്പും’. ദേശീയപാത അധികൃതരുടെ അനാസ്ഥയുടെയും അവഗണനയുടെയും തെളിവുകളാണു നിർമാണം നടക്കുന്ന വെങ്ങളം – അഴിയൂർ ദേശീയപാതയുടെ പല ഭാഗങ്ങളിലും.
ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ടു കാരണം ദുരിതം അനുഭവിക്കുകയാണെന്നും ചെറിയ മഴയ്ക്കു പോലും വീടുകളിൽ വെള്ളം കയറുന്നതായും ഇരുപതാം മൈൽസുകാർ പറഞ്ഞു. ‘അടിക്കടി അപകടമുണ്ടാകുന്നുണ്ട്.
ഞാൻ കഴിഞ്ഞദിവസം ഓടയിൽ വീണു. അയൽപക്കത്തുള്ള കെ.കെ.അബ്ദുറഹ്മാൻ, ജിനിൻ ജാസ് എന്നിവരും കഴിഞ്ഞദിവസങ്ങളിൽ ഇതേ ഓടയിൽ വീണിരുന്നു.’ സ്ഥലവാസിയായ കെ.കെ.സാജിദ പറഞ്ഞു.
200 മീറ്ററോളം ഇവിടെ ഇന്നലെയും വെള്ളക്കെട്ടുണ്ട്. ‘റോഡ് നിർമാണം തുടങ്ങിയ ദിവസം മുതൽ ഇവിടെ വെള്ളക്കെട്ടാണ്. പ്രശ്നം വരുമ്പോൾ കുറേ ക്വാറി മാലിന്യം കൊണ്ടിടും.
വെള്ളക്കെട്ടിനു ശമനമൊന്നുമില്ല. താമിക്കുട്ടി, അനൂജ തുടങ്ങിയവരുടെ വീടുകളിലും വെള്ളക്കെട്ടുണ്ട്.
പുഷ്പ ഗംഗാധരന്റെ വീട്ടിൽ സ്ഥിരം വെള്ളക്കെട്ടാണ്. ജീവിതം ദുരിതമയമായി’– പോവതിവയൽക്കുനി വീട്ടിൽ രാധ, ലീല എന്നിവർ പറഞ്ഞു.
കുട്ടികൾക്ക് സ്കൂളിൽ പോകാനും ബുദ്ധിമുട്ടാണെന്നു സാജിദയും സുലൈഖയും പറഞ്ഞു.
‘പയ്യോളി ഹൈസ്കൂളിലേക്കു പോകണമെങ്കിൽ റോഡ് മുറിച്ചു കടക്കാൻ വഴിയില്ല. നന്തി ടൗണിൽ പോയി വേണം സ്കൂളിലേക്കു പോകാൻ.
നന്തി ടൗണിലേക്കു ബസുകാർ വിദ്യാർഥി കൺസഷൻ നൽകില്ല. 10 രൂപ വാങ്ങുന്നുണ്ട്.
നേരത്തേ ഒരു രൂപ കൊടുത്താൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്താമായിരുന്നു’– സാജിദ പറഞ്ഞു. നന്തിയിൽ ദേശീയപാതയുടെ ഇരുഭാഗത്തും സർവീസ് റോഡിനു വീതി കുറവാണെന്നു മാത്രമല്ല, കുഴി നിറഞ്ഞതുമാണ്.
പലയിടത്തും ടാറിങ് ഇല്ല. ഓടയ്ക്കു വേണ്ടിയെടുത്ത കുഴികൾ അപകടമുയർത്തും വിധം വെള്ളം നിറഞ്ഞു നിൽക്കുന്നു.
നന്തി ടൗണിലും റോഡ് തകർന്നു കിടപ്പാണ്.
ദുരിതം പൊയിൽക്കാവിലും
പൊയിൽക്കാവിൽ സർവീസ് റോഡിനു തീരെ വീതി കുറവാണ്. ഇവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്.
അണ്ടർപാസിൽ വെള്ളക്കെട്ടും. തിക്കോടിയിലാകട്ടെ, ദേശീയപാത നിർമാണം നിലച്ച മട്ടാണ്.
കല്ലും മണ്ണും ഇരുമ്പ് അവശിഷ്ടങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. വെള്ളക്കെട്ടുമുണ്ട്.
ദേശീയപാത നിർമിക്കുന്ന ഭാഗത്തിന്റെ ഇരുവശത്തൂ കൂടി, സർവീസ് റോഡ് വഴിയാണു ഗതാഗതം. പയ്യോളിയിൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഗതാഗതക്കുരുക്കിനിടയാക്കും വിധം റോഡ് താറുമാറായിക്കിടക്കുകയാണ്.
മഴ പെയ്താൽ വെള്ളക്കെട്ട് ഉറപ്പാണ്. അയിനിക്കാട്ട് റോഡ് നിറയെ കുഴികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

