പാലക്കാട് ∙ ‘‘ഇനി ഈ നെല്ല് എന്തു ചെയ്യും ? ഒന്നുണക്കിയെടുക്കാൻ പോലും മഴയത്തു സാധിക്കുന്നില്ല. വെയിലു കണ്ട് ഉണക്കാനിട്ടാൽ അതിനെക്കാൾ വേഗത്തിൽ മഴ എത്തും.’’ മുളപൊട്ടിത്തുടങ്ങിയ നെല്ലു കയ്യിലെടുത്ത് 88 വയസ്സുള്ള കർഷകൻ പി.ആർ.വിശ്വനാഥൻ ഇതു ചോദിക്കുമ്പോൾ ആർക്കും മറുപടിയില്ല.
സംഭരണത്തിലെ പ്രതിസന്ധി തീർന്നെങ്കിലും കർഷകർക്ക് ആശ്വാസം കുറവാണ്.
സംഭരണം വൈകിയതും മഴ കനത്തു പെയ്യുന്നതുമാണു കാരണം. കൊയ്തെടുത്ത നെല്ല് മഴ കൊള്ളാതിരിക്കാനായി മുകളിൽ ടാർപായ വിരിച്ചിരുന്നെങ്കിലും അവിടവിടെയായി വെള്ളം ഇറങ്ങി.
ഇതോടെ നെല്ലിൽ മുളപൊട്ടിത്തുടങ്ങി. അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാൽ ഉണക്കാനാകാതെ പലയിടത്തും നെല്ലു കൂട്ടിയിട്ടിരിക്കുകയാണ്.
ഇവിടെയൊക്കെ നെല്ലു മുളപൊട്ടി നശിക്കുന്ന സ്ഥിതിയാണ്.
സംഭരണം വൈകുന്നതിനാൽ ഇതിനകം തന്നെ പലതവണ നെല്ല് ഉണക്കേണ്ടിവന്നു. ഇതുവഴി അധികച്ചെലവും ഏറെയുണ്ട്.കുഴൽമന്ദം പെരുങ്കുന്നം പുത്തൻപുര വീട്ടിൽ പി.ആർ.വിശ്വനാഥൻ പരമ്പരാഗത കർഷകനാണ്.
10 ടണ്ണോളം നെല്ലാണ് ഇദ്ദേഹത്തിന്റെ മുറ്റത്തു സംഭരണം കാത്തു കൂട്ടിയിട്ടിരിക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ ഒന്നാംവിളയിൽ 33,790 കൃഷിക്കാരിൽ നിന്നായി 74,324 മെട്രിക് ടൺ നെല്ലാണു സംഭരിച്ചത്. ഇക്കുറി നെല്ലെടുപ്പ് ഒരു മാസത്തോളം വൈകിയതു കാരണം ഉൽപാദിപ്പിച്ചതിന്റെ പകുതിയോളം, കിലോയ്ക്ക് 10 രൂപവരെ നഷ്ടം സഹിച്ചു കർഷകർ വിറ്റുകഴിഞ്ഞു.
90% കൊയ്ത്തും പൂർത്തിയായി. കാലാവസ്ഥാ പ്രശ്നങ്ങളും രോഗങ്ങളും കാരണം ഇത്തവണ ഉൽപാദനം വളരെ കുറവാണ്.
കാഞ്ചന നെല്ല് ഏക്കറിന് 1500–1700 കിലോ മാത്രമേ ഉൽപാദനമുള്ളൂ. ജ്യോതി 1500, ഉമ 1200–1300 കിലോഗ്രാം വരെയാണു വിളവു ലഭിച്ചതെന്നു കർഷകർ പറയുന്നു.
ജില്ലയിൽ നിന്ന് ഒന്നാംവിളയ്ക്കു ശരാശരി 50,000 മെട്രിക് ടൺ നെല്ലാണു സപ്ലൈകോ ഇത്തവണ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിൽ പകുതിയോളം നെല്ലു പുറത്തു വിറ്റുകഴിഞ്ഞെന്നു കൃഷിക്കാർ പറയുന്നു.
ഒരേക്കർ, രണ്ടേക്കർ വരെ കൃഷിയുള്ളവരിൽ ഭൂരിഭാഗം പേരും കിട്ടിയ വിലയ്ക്കു വിറ്റു.ഈ കണക്കനുസരിച്ച് സപ്ലൈകോയ്ക്ക് ഇനി 25,000–30000 മെട്രിക് ടൺ നെല്ലാണു പ്രതീക്ഷിക്കാനാകുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

