എരുമേലി ∙ പാറമടയിൽ നിന്നുള്ള ഭാരലോറികൾ ഓടി സ്ഥിരമായി റോഡിൽ കുഴികൾ രൂപപ്പെടുന്ന റാന്നി റോഡിലെ കരിങ്കല്ലുമ്മൂഴി വളവിൽ കുഴി ഉടനടി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം. പൊതുമരാമത്തുവകുപ്പ് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊളിയാത്ത വിധം ടാർ ചെയ്യുകയോ പൂട്ടുകട്ട
സ്ഥാപിക്കുകയോ ചെയ്യണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർദേശിച്ചു. പാറമടകളിൽനിന്ന് അമിതലോഡുമായി ഇതുവഴി വരുന്ന ടോറസ് ലോറികൾ വഴി തിരിച്ചു വിടുന്നതിനു ആർടിഒ അധികൃതരും പൊലീസുമായി ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു.
നിരന്തരം അപകടങ്ങൾക്ക് കാരണമാകുകയും ഒട്ടേറെ പേർക്ക് വാഹനങ്ങളിൽനിന്ന് വീണു പരുക്കേൽക്കുകയും ചെയ്ത കരിങ്കല്ലുമ്മൂഴി ജംക്ഷനിലെ കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പരാതികൾ നൽകുകയും മാധ്യമങ്ങളിൽ നിരന്തരം വാർത്ത ആകുകയും ചെയ്തതോടെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. അപകടക്കുഴിക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കല്ലുമ്മൂഴിയിൽ പ്രതിഷേധ ധർണയും നടത്തിയിരുന്നു.
എരുമേലിയിൽ പ്രവർത്തിക്കുന്ന 2 പാറമടകളിൽ നിന്നു നൂറു കണക്കിനു ലോഡ് പാറയാണ് ഈ റോഡിലൂടെ കൊണ്ടുപോകുന്നത്.
അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി ഭാരമുള്ള പാറലോഡുകളാണു ലോറികളിൽ കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ എംഎൽഎയെ അറിയിച്ചു. ശബരിമല റോഡിൽ വരുന്ന ലോറികൾ റാന്നി റോഡിലേക്ക് തിരിക്കുമ്പോൾ മുൻചക്രങ്ങളിൽ ഭാരം അമർന്നാണു റോഡിലെ ടാറിങ് പൊളിയുന്നതെന്നു പരിസരവാസികളും പൊതുമരാമത്ത് വകുപ്പും ഉദ്യോഗസ്ഥരും പറയുന്നു.
3 മാസത്തിനകം 8 തവണയാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ കുഴി അടച്ചത്. വീണ്ടും ടോറസുകൾ ഓടുന്നതുമൂലം കുഴികൾ രൂപപ്പെടുകയാണ്.
ടോറസുകൾ വെൺകുറിഞ്ഞി റോഡ് വഴി തിരിച്ചുവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വെളിച്ചം ഇല്ലാത്തതും അപകടകാരണം
കരിങ്കല്ലുമ്മൂഴി ജംക്ഷനിൽ ജില്ലാ പഞ്ചായത്ത് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ലൈറ്റ് മാസങ്ങളായി കത്തുന്നില്ല.
ഇതുമൂലം വാഹന യാത്രക്കാർക്ക് റോഡിലെ കുഴി കാണാൻ കഴിയില്ല. റോഡ് പരിചയമില്ലാത്ത വാഹന ഡ്രൈവർമാർ വേഗത്തിൽ വരുമ്പോൾ കുഴിയിൽ ചാടി തെറിച്ചു വീഴുകയോ നിയന്ത്രണം വിടുകയോ ആണ്.
ഇവിടെ വെളിച്ചം ഉണ്ടെങ്കിൽ കുഴി കാണാൻ കഴിയുമെന്നും അങ്ങനെ അപകടം കുറയുമെന്നും പരിസരവാസികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

