കൽപറ്റ ∙ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചപ്പോഴും ഗോത്രവിഭാഗങ്ങളുടെ ദുരിതക്കയത്തിന് അറുതിയില്ലെന്ന ആക്ഷേപവുമായി ആദിവാസി സംഘടനകൾ രംഗത്ത്. നവംബർ ഒന്നിന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്ന ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു.
ഗോത്രവർഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ഭൂരിഭാഗവും ദൂരഹിതരും ഭവന രഹിതരും തൊഴിൽ രഹിതരുമാണ്.
നൂറുക്കണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്.ഇതെല്ലാം മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നാടകം കളിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓർഡിനേറ്റർ എം.ഗീതാനന്ദൻ പറഞ്ഞു. അതിദാരിദ്ര്യ പ്രഖ്യാപനത്തിന് മുൻപുണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇപ്പോഴും ഗോത്രവിഭാഗങ്ങളിൽപെട്ട പലരുടെയും ജീവിതം.
5433 കുടുംബങ്ങളെ വിവിധ വകുപ്പുകൾ ഒത്തു ചേർന്ന് 2454 മൈക്രോ പ്ലാനുകൾ തയാറാക്കി നടപ്പാക്കി നേട്ടം കൈവരിച്ചതെന്നാണു പ്രഖ്യാപനം.
952 കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭക്ഷണക്കിറ്റുകളും ആവശ്യക്കാർക്ക് പാകം ചെയ്ത ഭക്ഷണങ്ങളും ലഭ്യമാക്കി. സർവേയിലൂടെ ജില്ലയിൽ 2931 കുടുംബങ്ങളെയാണ് അതിദാരിദ്ര്യ കുടുംബമായി കണ്ടെത്തിയിരുന്നത്.
ഇവരുടെയെല്ലാം എല്ലാ മേഖലയിലുമുള്ള ജീവിത സാഹചര്യം മാറ്റിയെടുത്തുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, യാഥാർഥ്യം മറിച്ചാണെന്ന് ആദിവാസി സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പള്ളിച്ചിറ ഊരുകാർ ഇപ്പോഴും ഷെഡിൽത്തന്നെ
പുൽപള്ളി ∙ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചപ്പോഴും വെറും മണ്ണിൽ സ്വന്തമായി ഒരുക്കിയ ഷെഡിലാണ് പുൽപള്ളി പള്ളിച്ചിറ ഊരിലുള്ളവരുടെ താമസം.
ഇവർക്കായുള്ള വീട് പാതി നിർമാണം കഴിഞ്ഞപ്പോൾ നോക്കുകുത്തിയായി കൺമുന്നിൽ തന്നെയുണ്ട്. ആരും തിരിഞ്ഞ് നോക്കാത്തതിനാൽ ലിൻഡൽ പൊക്കമായ വീടുകൾ രണ്ട് വർഷമായി ഇങ്ങനെ കിടക്കുകയാണ്.
വെറും മണ്ണിൽ ചോർന്നൊലിക്കുന്ന ഷെഡിലാണു കുടുംബങ്ങളുടെ താമസം. പലരും കാലങ്ങളായി ഇവിടെയാണ് താമസം. മഴ പെയ്താൽ കിടക്കുന്ന സ്ഥലമടക്കം എല്ലായിടവും നനഞ്ഞു കുതിരും.
കുട്ടികളടക്കം നനഞ്ഞു കുതിർന്ന മണ്ണിലാണ് കിടക്കുന്നത്. ഇത്രയും ദുരിതസ്ഥിതി അനുഭവിക്കുന്ന ഊരുനിവാസികൾക്കു ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന് മുൻപോ ശേഷമോ കാര്യമായ സഹായങ്ങളെന്നും കിട്ടിയില്ലെന്നതാണ് വാസ്തവം.
ഇനിയും പരിഹാരമില്ലാതെ ആദിവാസികളിലെ പോഷകാഹാരക്കുറവ്
വയനാട്ടിൽ 1234 അരിവാൾ രോഗികളുണ്ട്. പണിയ, കുറിച്യ വിഭാഗങ്ങൾക്കിടയിൽ 2020 ൽ നടത്തിയ പഠനമനുസരിച്ച് 59 ശതമാനം കുട്ടികൾക്കും ഭാരക്കുറവുണ്ട്.
52.3 ശതമാനം കുട്ടികൾ വളർച്ച മുരടിച്ചവരാണ്. 2022 ൽ ജെസിഎംപിഎച്ച് (ഇന്റർനാഷനൽ ജേണൽ ഓഫ് കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത്) നടത്തിയ പഠനത്തിൽ 5 വയസ്സിന് താഴെയുള്ള 54.8 ശതമാനം കുട്ടികളിലും പോഷകാഹാര കുറവ് കണ്ടെത്തിയിരുന്നു.ഗ്രാമീണ മേഖലയിലെ കാർഷിക തൊഴിലുകൾ ഇല്ലാതായത് ദാരിദ്ര്യത്തിനും പോഷകാഹാര കുറവിനും കാരണമാണ്.
ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപ പോലും ലഭിക്കാത്തവരാണിവർ.
സൗജന്യറേഷന് സർക്കാരിനെ ആശ്രയിച്ചു ജീവിക്കുന്ന അതിദരിദ്രരാണിവർ. ശിശുമരണം വ്യാപകമായി നടന്ന അട്ടപ്പാടിയിലെയും സ്ഥിതി വ്യത്യസ്തമല്ല.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ നടത്തിയ പഠനമനുസരിച്ച് 48 ശതമാനം കുട്ടികൾക്കു ഭാരക്കുറവും 40 ശതമാനം കുട്ടികൾക്ക് വളർച്ച മുരടിച്ചവരുമാണ്. 91 ശതമാനം കുട്ടികൾക്കും 96 ശതമാനം കൗമാരക്കാരായ പെൺകുട്ടികൾക്കും 86 ശതമാനം ഗർഭിണികൾക്കും രക്തക്കുറവുണ്ട്. ഇവരിൽ 30 ശതമാനം പേരും ഭൂരഹിതരാണ്.
കാടാശ്ശേരിയിൽ ചോലനായ്ക്കരുടെ ദുരിത ജീവിതം
അമ്പലവയൽ ∙ ജില്ലയെ അതിദാരിദ്ര്യ മുക്തമാകുന്നതിന്റെ ഭാഗമായി 377 കുടുംബങ്ങൾക്ക് പുതിയ വീടും 139 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണവും സാധ്യമാക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴും ചോർന്നൊലിക്കുന്ന ഷെഡുകളിൽ മൂന്ന് നേരം ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിയുന്നവരും ഏറെ.
അതിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകളും വരെയുണ്ടെന്നതും ശ്രദ്ധേയമാണ്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന് മുൻപേ ശേഷമോ ഒരു മാറ്റവും വരാത്തവരാണ് കാടാശ്ശേരിയിലെ ഒരു ഷെഡിൽ താമസിക്കുന്ന 30 പേർ.
വനത്തിനുള്ളിൽ നിന്ന് എല്ലാ സൗകര്യവും നൽകാമെന്ന വാഗ്ദാനത്തിൽ പുറത്തെത്തിച്ച ചോലനായ്ക്ക വിഭാഗത്തിലെ 6 കുടുംബങ്ങൾ ഇപ്പോഴും അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഒരു ഷെഡിലാണ് കഴിയുന്നത്.
പല ദിവസങ്ങളിലും ഒരു നേരം മാത്രമാണ് ഇവിടെ പാചകം. 7 മാസമുള്ള കുരുന്ന് മുതൽ 60 വയസ് വരെയുള്ളവരാണു ഷീറ്റുകൾ കൊണ്ട് മേഞ്ഞ ചോർന്നൊലിക്കുന്ന ഒരു ഷെഡിൽ താമസിക്കുന്നത്.
ഇവിടേക്ക് കാര്യമായ സഹായങ്ങളൊന്നും എത്തിയിട്ടുമില്ല. വനവിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന ഇവരിൽ ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല.
സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്താണ് ഷെഡ് കെട്ടി താമസിക്കുന്നത്.
ജോലി കുറവായതിനാൽ ഭക്ഷണ വസ്തുക്കളും കാര്യമായി ലഭിക്കുന്നില്ല. ചെറിയ കുട്ടികൾക്ക് പോഷാകഹാരക്കുറവുമുണ്ട്.
പരപ്പൻപാറ വനത്തിനുള്ളിൽ താമസിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന ഭക്ഷണ വസ്തുക്കൾ ഇപ്പോൾ പേരിന് മാത്രമാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു. അതിദാരിദ്ര്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതിയ വീടുകൾ നൽകിയെന്നും വീടുകൾ പുനരുദ്ധാരണം നടത്തിയുമെന്നും അവകാശപ്പെടുമ്പോഴും ചോർന്നൊലിക്കുന്ന വീടുകൾ ഇപ്പോഴും ഒട്ടേറെയാണ്.
വയനാട്ടിൽ അങ്ങോളമിങ്ങോളമുള്ള ഉൗരുകളിൽ ചോർന്നൊലിക്കുന്നതും ഷെഡിൽ കഴിയുന്നതുമായ കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

