കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ മുഹമ്മദ് ഷമി തൻ്റെ മിന്നുന്ന ഫോം തുടരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലാകെ എട്ട് വിക്കറ്റുകളാണ് താരം നേടിയത്.
ഷമിയുടെ ബൗളിംഗ് മികവിൽ ബംഗാൾ 141 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ചു. 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 185 റൺസിന് പുറത്തായി.
ഇതോടെ ബംഗാൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെയും ബംഗാൾ വിജയിച്ചിരുന്നു, ആ മത്സരത്തിൽ ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഗുജറാത്തിനായി ഉർവിൽ പട്ടേൽ (109 നോട്ടൗട്ട്) സെഞ്ചുറി നേടി പൊരുതിയെങ്കിലും പിന്തുണ ലഭിച്ചില്ല. 45 റൺസെടുത്ത ജയ്മീത് പട്ടേലും ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചു. രണ്ടക്കം കടന്ന മറ്റൊരു താരം ആര്യ ദേശായി (13) ആണ്.
ഷമിക്ക് പുറമെ ബംഗാളിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. നേരത്തെ, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗാൾ, സുമന്ത് ഗുപ്ത (63), സുദീപ് കുമാർ ഗരാമി (56), അഭിഷേക് പോറൽ (51) എന്നിവരുടെ അർദ്ധസെഞ്ചുറികളുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ 279 റൺസെടുത്തിരുന്നു.
മറുപടി ബാറ്റിംഗിൽ ഗുജറാത്തിൻ്റെ ഒന്നാം ഇന്നിംഗ്സ് 167 റൺസിൽ അവസാനിച്ചു. 80 റൺസ് നേടിയ മനൻ ഹിംഗ്രാജിയക്ക് മാത്രമാണ് തിളങ്ങാനായത്.
ബംഗാളിനായി ഷഹബാസ് അഹമ്മദ് ആറും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ 112 റൺസിൻ്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗാൾ സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ സുദീപ് കുമാർ (54), അനുസ്തൂപ് മജുംദാർ (58) എന്നിവരുടെ മികവിൽ എട്ട് വിക്കറ്റിന് 214 എന്ന നിലയിൽ ബംഗാൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങളിലും മുഹമ്മദ് ഷമി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പ്രസ്താവനകൾക്കെതിരെ ഷമി പരസ്യമായി രംഗത്തെത്തിയിരുന്നു. ഷമിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് ടീമിൽ ഉൾപ്പെടുത്താത്തതെന്ന് അഗാർക്കർ സൂചിപ്പിച്ചിരുന്നു.
എന്നാൽ, തൻ്റെ കായികക്ഷമതയെക്കുറിച്ച് സംശയമുള്ളവർ ഈ മത്സരം കണ്ടാൽ മതിയെന്നായിരുന്നു ജാർഖണ്ഡിനെതിരായ മത്സരശേഷം ഷമി മാധ്യമങ്ങളോട് പ്രതികരിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും ഷമി നേരിട്ട് സംസാരിച്ചിരുന്നെങ്കിൽ മറുപടി നൽകാമായിരുന്നു എന്ന് അഗാർക്കറും പ്രതികരിച്ചിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

