കൊച്ചി ∙ ബാസും ഡ്രംസും ട്രംപറ്റും സാക്സഫോണും ഗിറ്റാറും ഒരുമിച്ചു ചേർന്ന മാസ്മരിക സംഗീതപ്രകടനം വിശേഷിപ്പിക്കാൻ സദസ്സിനു വാക്കുകളുണ്ടായില്ല. പകരം നിറഞ്ഞ കയ്യടിയായിരുന്നു.
മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി ചാവറ കൾചറൽ സെന്ററിൽ അരങ്ങേറിയ ജർമൻ സംഗീതസന്ധ്യയാണ് നഗരത്തിന് അവിസ്മരണീയ അനുഭവം സമ്മാനിച്ചത്. ഗോയ്ഥെ സെൻട്രത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മ്യൂണിക്കിൽ നിന്നുള്ള സംഗീത ബാൻഡായ ബക്ക് റോജർ ആൻഡ് സൈഡ് ട്രാക്കേഴ്സ് വിവിധ പാശ്ചാത്യ സംഗീതശാഖകളുടെ മിശ്രണമൊരുക്കിയാണു കാണികളെ ത്രസിപ്പിച്ചത്. ബ്ലൂസ്, സ്വിങ്, ഫോക്, റോക്ക് ആൻഡ് റോൾ എന്നിവയുടെ അവതരണം സദസ്സിന്റെ എനർജി ലെവൽ കൂട്ടി.
ലീഡ് ഗായകനായ ബക്ക് റോജറിന്റെ (റോളണ്ട്) നേതൃത്വത്തിൽ ക്രിസ് ജഗോദ, ഫ്ലോറിയൻ വുഷെക്, മാറിനസ് ബർജർ, മിഷേൽ, ലൂയിസ് ബർജർ, ലെന മേയർ എന്നിവരാണു വേറിട്ട
സംഗീതാനുഭവം ഒരുക്കിയത്. ‘അടിപൊളി’ എന്ന മലയാളം വാക്കു പഠിച്ചെത്തിയ ബാൻഡ് അംഗങ്ങൾക്കു കാണികളുടെ സന്തോഷം ആവേശമായി. ബാൻഡിന്റെ ഏഴംഗ സംഘമാണു സംഗീതപരിപാടിക്കായി കൊച്ചിയിലെത്തിയത്.
പരിപാടിക്കു തൊട്ടു മുൻപ് അവർ മനോരമയോടു സംസാരിച്ചു. ‘‘കഴിഞ്ഞ സമ്മറിലാണ് ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള സംസാരം തുടങ്ങിയത്.
പക്ഷേ, അന്നതു നടന്നില്ല. ഇവിടേക്കു വരുന്നതുവരെ ഞങ്ങളിൽ പലർക്കുമിതു വിശ്വസിക്കാനായില്ല’’, റോളണ്ട് പറഞ്ഞു.
കൊച്ചിയിൽനിന്നു തിരികെപ്പോകുമ്പോൾ ഇവർ കൂടെക്കൂട്ടുന്നതു വ്യത്യസ്തമായൊരു സംഗീതമാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു നടത്തിയ ബസ് യാത്രയ്ക്കിടെ സംഘത്തിലെ ബാസിസ്റ്റായ ഫ്ലോറിയൻ റിക്കോർഡ് ചെയ്ത ഹോൺ ശബ്ദം. ‘‘ഞങ്ങൾ ഏഴെട്ടു മണിക്കൂർ റോഡിലെ ഹോങ്കിങ് കേട്ടാണു വന്നത്, ഞങ്ങളുടെ ബസിനു തന്നെ രണ്ടുതരം ശബ്ദമുണ്ടായിരുന്നു.
നാട്ടിൽ ചെന്ന ശേഷം ഈ റിക്കോർഡിങ് ഉൾപ്പെടുത്തി സംഗീതം ചെയ്യണം’’
ബാൻഡ് എന്നതിനേക്കാൾ സംഗീതകാരന്മാരുടെ കൂട്ടായ്മയാണു ബക്ക് റോജർ ആൻഡ് സൈഡ് ട്രാക്കേഴ്സ് എന്നു പറയാനാണ് ഇവർക്കിഷ്ടം. ‘‘ ബാൻഡിന് 15 വയസ്സുണ്ട്.
ഞങ്ങളിൽ പലർക്കും മറ്റു ജോലികളുണ്ട്, സംഗീതം ഞങ്ങളെ ഒരുമിപ്പിക്കുന്നു. സാക്സഫോണിസ്റ്റായ ലെന പൈലറ്റ് കൂടിയാണ്.
മുപ്പതിലേറെപ്പേരുണ്ട് ഈ കൂട്ടായ്മയിൽ. ഒരു പരിപാടിയിൽ വരുന്ന അതേ ലൈനപ് അതുപോലെ ആവർത്തിക്കുന്നത് അപൂർവമാണ്’,
ചൂടു കൂടുതലാണെന്നതൊഴിച്ചാൽ കേരളം ഹൃദയം തൊടുന്ന അനുഭവമാണെന്നു സംഘം പറയുന്നു.
‘‘ഞങ്ങൾ ഹാപ്പിയാണ്. ഇന്നലെ ഞങ്ങൾ നഗരം കാണാനിറങ്ങി, മറൈൻ ഡ്രൈവിലും മറ്റും കറങ്ങിനടന്നു.
അവിടെ ഒരുകൂട്ടം െചറുപ്പക്കാർ ഇരുന്നു പാടുന്നതു കണ്ടു. സാധിക്കുമെങ്കിൽ ഒരു സ്ട്രീറ്റ് പെർഫോമൻസ് നടത്തണമെന്നുണ്ട്’’, ക്രിസും ലെനയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

