കൊച്ചി∙ മഹാരാജാസ് കോളജ് മൈതാനത്തു സജ്ജമായ ആസ്ട്രോ ടർഫ് എന്നാണു ഹോക്കി കളിക്കാർക്കും കുട്ടികൾക്കും പ്രയോജനപ്പെടുക? സെപ്റ്റംബർ 28നാണു ടർഫിന്റെ ഉദ്ഘാടനം നടന്നത്. പണി പൂർത്തിയായി 5 മാസത്തിനുശേഷം നടന്ന ഉദ്ഘാടനം കഴിഞ്ഞിട്ടു തന്നെ ഒരു മാസമാകുന്നു.
ടർഫ് സ്ഥാപിച്ച കമ്പനി നൽകുന്ന ഗാരന്റി 6 വർഷത്തേക്കാണ്. അതിൽ ആറു മാസം മൈതാനം ഉപയോഗിക്കാതെ കഴിഞ്ഞുപോയി.
ഇപ്പോൾ ടർഫ് ഉപയോഗിക്കുന്നതു മഹാരാജാസ് കോളജിന്റെ ഹോക്കി ടീം മാത്രമാണ്. സർക്കാർ ഖജനാവിൽനിന്ന് 9.51 കോടി രൂപ മുതൽമുടക്കി സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമിച്ച ടർഫിന്റെ ഉപയോഗം രണ്ടു ഹോക്കി ഒളിംപ്യന്മാർ പിറന്ന നാട്ടിൽ ഹോക്കിയുടെ പ്രചാരത്തിനും വളർച്ചയ്ക്കും വേണ്ടികൂടിയാകണ്ടേ? ഹോക്കി ടർഫിലേക്ക് എത്താനുള്ള വഴി ഇനിയും ശരിയാക്കിയിട്ടില്ല.
ഇതു കരാറിൽ പെടുന്നില്ലെന്നായിരുന്നു ഹൈദരാബാദിൽനിന്നുള്ള കരാർ കമ്പനിയുടെ വിശദീകരണം.
സമിതിയായില്ല ഇനിയും
ആസ്ട്രോ ടർഫിന്റെ പരിപാലനത്തിനായി മേൽനോട്ട സമിതി വേണം.
ടർഫ് മറ്റു വിദ്യാലയങ്ങളിലെയോ സ്ഥാപനങ്ങളിലെയോ കളിക്കാർക്കു മത്സരത്തിനോ പരിശീലനത്തിനോ അനുവദിക്കുന്നതു തീരുമാനിക്കേണ്ടതു സമിതിയാണ്. അതിനു വേണ്ട
ഫീസും വിദ്യാർഥികൾക്ക് ഇളവ് നൽകുന്നെങ്കിൽ അതും നിശ്ചയിക്കേണ്ടതും സമിതി തന്നെ. സമിതി രൂപീകരണയോഗം 27നു നടക്കുമെന്നാണു സൂചന. ആസ്ട്രോ ടർഫിന്റെ പരിപാലനത്തിനു വലിയ തുക ഓരോ മാസവും ആവശ്യമായി വരും.
ടർഫ് നിശ്ചിത ഇടവേളകളിൽ നനയ്ക്കണം. അതിനായി സ്ഥാപിച്ച 50 എച്ച്പി ശേഷിയുള്ള മോട്ടറിന്റെ പരിപാലനത്തിനും വൈദ്യുതി ചാർജ് അടയ്ക്കാനും വരുമാനം വേണം.
ടർഫ് നനയ്ക്കാനും മേൽനോട്ടത്തിനും സുരക്ഷയ്ക്കുമെല്ലാമായി കുറഞ്ഞതു മൂന്നു ജീവനക്കാരെയെങ്കിലും നിയമിക്കണം. ഇവർക്കു വേതനം നൽകാനും വേണം വരുമാനം.
‘വേണം പ്രായോഗിക വരുമാന മാർഗം’
പരിപാലനത്തിനുള്ള തുക കണ്ടെത്താൻ പ്രായോഗിക മാർഗങ്ങൾ വേണമെന്നു മുൻ കേരള ഹോക്കി താരം സുനിൽ ഇമ്മട്ടി പറയുന്നു.
നിലവിൽ മഹാരാജാസ് കോളജിലെ ഫുട്ബോൾ ടർഫിന്റെയും സിന്തറ്റിക് ട്രാക്കിന്റെയും മേൽനോട്ടം നടത്തുന്ന സമിതിക്കുതന്നെ ഹോക്കി ടർഫിന്റെ പരിപാലനച്ചുമതലയും നൽകുന്നതു നന്നാകും. ഹോക്കി ടർഫിൽ നിന്നുള്ള വരുമാനത്തിൽ നിന്നു മാത്രം അതിന്റെ പരിപാലനം സാധ്യമാകുമെന്നു തോന്നുന്നില്ല.
ഡിസംബറിൽ ഇന്റർ കൊളീജിയറ്റ് മത്സരങ്ങൾ നടക്കുകയാണ്. അതെങ്കിലും പുതിയ ടർഫിൽ നടക്കണം.
ടർഫ് നനയ്ക്കാൻ വെള്ളമടിക്കുന്ന മോട്ടർ കഴിഞ്ഞ ദിവസം തകരാറായിരുന്നു. എല്ലാ ടർഫുകളിലും രണ്ടാമതൊരു മോട്ടർകൂടി ഉണ്ടാകും. ഇവിടെ അതില്ല.
ഒരു ടൂർണമെന്റ് നടക്കുമ്പോഴാണു മോട്ടർ കേടാകുന്നതെങ്കിൽ എന്തു ചെയ്യും? നനയ്ക്കാതെ ടർഫിൽ കളി നടക്കുകയുമില്ല–ഇമ്മട്ടി പറയുന്നു.
‘കം ആൻഡ് പ്ലേ’ സംവിധാനമൊരുക്കാം: പി.ആർ.ശ്രീജേഷ്
ഒരു മണിക്കൂർ ‘കം ആൻഡ് പ്ലേ’ സംവിധാനം കൊണ്ടുവരുന്നതു നല്ലൊരു വരുമാന മാർഗമാകുമെന്ന് ഒളിംപ്യൻ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ് അഭിപ്രായപ്പെട്ടു. ദിവസത്തിൽ ഒരു മണിക്കൂർ ആർക്കു വേണമെങ്കിലും വന്നു കളിക്കാം, പരിശീലിക്കാം.
ടർഫിൽ കളിക്കാനുപയോഗിക്കുന്ന ഷൂസും മറ്റുമാകണം ധരിക്കുന്നതെന്ന് ഉറപ്പാക്കണം. ചെളിയായ ബൂട്ട് ഉപയോഗിച്ചും മറ്റും ടർഫിലേക്കു പ്രവേശനം അനുവദിക്കരുത്. സ്കൂൾ കുട്ടികൾക്കാണു മുൻഗണന നൽകേണ്ടത്.
സ്കൂളുകളുമായി ധാരണയിലെത്തി നിശ്ചിത ഫീസ് സ്കൂളുകളിൽനിന്നു വാങ്ങാം. ജോലി ചെയ്യുന്നവരും മറ്റു വരുമാനമാർഗമുള്ളവരും കളിക്കാനെത്തുമ്പോൾ ഫീസ് ഈടാക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

