കോട്ടയം ∙ കോട്ടയം സംസാരിച്ചത് രാഷ്ട്രപതിയെക്കുറിച്ച്. ട്രാഫിക് നിയന്ത്രണം മുതൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ വരെ നഗരത്തിൽ സംസാരവിഷയമായി.
രാവിലെ മുതൽ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു ചർച്ചകൾ. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പുപ്രകാരം ഉച്ചയോടെ സ്കൂൾ വിട്ടുതുടങ്ങി.
ഓഫിസുകളിൽനിന്നു പലരും മടങ്ങി. ഉച്ചയോടെ നഗരത്തിലെ തിരക്കു കാര്യമായി കുറഞ്ഞു.
തട്ടുകടകളും രാഷ്ട്രപതിയുടെ വാഹനവ്യൂഹം പോകുന്ന വഴിയോരത്തെ ഓട്ടോ സ്റ്റാൻഡുകളും അടഞ്ഞുകിടന്നു.
വൈകിട്ട് നാലോടെ ഗതാഗത നിയന്ത്രണം പൊലീസ് കടുപ്പിച്ചതോടെ മുൻകൂട്ടി അറിയിച്ചത് അനുസരിച്ചുള്ള വഴികളിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുതുടങ്ങി. സെൻട്രൽ ജംക്ഷനിലെ വൺവേ ഒഴിവാക്കി പാമ്പാടി ഭാഗത്തേക്കുള്ള ബസുകളും വിട്ടുതുടങ്ങി. വൈകിട്ട് 5ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാഷ്ട്രപതി എത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.
എന്നാൽ ആളുകൾ 4നു തന്നെ പരേഡ് ഗ്രൗണ്ട് പരിസരത്ത് തടിച്ചുകൂടി. ഹെലികോപ്റ്ററുകൾ പലയാവർത്തി വട്ടമിട്ടുപറന്നതു കാത്തിരുന്നവർക്ക് കൗതുകമായി.
കലക്ടറേറ്റ്, കോടതി ജീവനക്കാരിൽ പലരും വീടുകളിലേക്കു മടങ്ങുന്നതിനു പകരം പരേഡ് ഗ്രൗണ്ടിനു സമീപത്തെ മതിലിന് അരികിൽ കാത്തുനിന്നു.
രാഷ്ട്രപതി എത്തുന്നതിനു തൊട്ടു മുൻപു റോഡരികിലെ സാധനങ്ങൾ പൊലീസ് മാറ്റിച്ചു. കുമരകം ജംക്ഷനു സമീപം മീൻ ഐസ് ചെയ്തിരുന്ന ബോക്സും മറ്റു സാധനങ്ങളുമാണ് സുരക്ഷയുടെ ഭാഗമായി മാറ്റിയത്. അറിയിച്ചതിലും നേരത്തേ 4.50ന് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ കോട്ടയത്ത് എത്തി.
തുടർന്ന് കുമരകത്തേക്ക്. കാത്തുനിന്നവരെ വാഹനത്തിലിരുന്നു രാഷ്ട്രപതി കൈകൂപ്പി, പിന്നീട് കൈവീശി കാട്ടി യാത്ര തുടർന്നു. 5.30നു നഗരത്തിലെ ഗതാഗത ക്രമീകരണം സാധാരണനിലയിലായി.
ഹെലിപ്പാഡിലെ വെള്ളക്കെട്ട് ഒപ്പിയെടുത്തു
കോട്ടയം ∙ രാഷ്ട്രപതി എത്തുന്നതിനു മുൻപ് പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡിൽ കെട്ടിക്കിടന്ന വെള്ളം ഒരുവിധത്തിലാണ് ഒപ്പിയെടുത്തത്.
ശബരിമല ദർശനത്തിനെത്തിയപ്പോൾ പ്രമാടത്തെ ഹെലിപാഡിൽ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നത് സുരക്ഷാവീഴ്ചയെന്ന പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ട് യന്ത്രസഹായത്തോടെയും തുണികൊണ്ടും ഒപ്പിയെടുത്തു നീക്കിയത്.
ഹെലികോപ്ടർ ടയറുകൾ തെന്നിനീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു.
പൊലീസ് കമാൻഡോകളെ ഒഴിവാക്കി
കോട്ടയം ∙ ആയുധങ്ങളുമായി നിന്ന പൊലീസ് കമാൻഡോകളെ പരേഡ് ഗ്രൗണ്ടിൽനിന്നു പുറത്താക്കി. എകെ 47 തോക്കും പിസ്റ്റളുമായി നിന്ന കേരള പൊലീസിന്റെ കമാൻഡോകളെയാണ് രാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂർ മുൻപ് നീക്കിയത്.
രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്നായിരുന്നു നടപടി.
വലച്ച് തെരുവുനായ
കോട്ടയം ∙ പൊലീസിനെ വലച്ച് തെരുവുനായ. പരേഡ് ഗ്രൗണ്ടിലെത്തിയ തെരുവുനായയെ പുറത്തേക്ക് മാറ്റാൻ പൊലീസ് വിഷമിച്ചു. നായ അഗ്നിരക്ഷാ സേന വാഹനത്തിനടിയിൽ കയറി.
സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് നായയെ പരേഡ് ഗ്രൗണ്ടിനു പുറത്തേക്ക് ഓടിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

