മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴത്ത് ടാറിങ് പുനരാരംഭിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. പാലത്തോടു ചേർന്നു രണ്ടു തട്ടായി കിടക്കുന്ന റോഡിലെ പഴയ ടാറിങ് നീക്കുന്ന ജോലികൾ ആണ് ആരംഭിച്ചത്.
പാലത്തിലൂടെ ഒരു വശത്തേക്കു മാത്രം ഗതാഗതം അനുവദിച്ച ശേഷമായിരുന്നു ജോലികൾ ആരംഭിച്ചത്. എന്നാൽ എംസി റോഡിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചതോടെ പലവട്ടം ജോലികൾ നിർത്തിവച്ചു.
ജോലികൾ രാത്രി നടത്താതെ പകൽ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നു.
ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപേ റോഡ് നവീകരണം പൂർത്തിയാക്കണം എന്ന ശക്തമായ നിർദേശം ഉണ്ടായ സാഹചര്യത്തിലാണ് നിലച്ചു കിടന്ന ജോലികൾ പുനരാരംഭിച്ചത്. പാലത്തിനു സമീപം രൂപപ്പെട്ട
കുഴി മൂടിയതിനു സമീപം പാലത്തിലെ പഴയ ടാറിങ് പൊളിച്ചു നീക്കുന്ന ജോലി പൂർത്തിയായാൽ ഇവിടെ മെറ്റലിട്ടു നിരത്തി നിരപ്പാക്കുകയും ചെയ്യും. തുടർന്നാണ് ടാറിങ് ആരംഭിക്കുക.
പിഒ ജംക്ഷനിലും ടാറിങ് നടത്തും. എന്നാൽ ഇതിനിടയിൽ മഴ ശക്തമായാൽ ടാറിങ് നീണ്ടു പോകാനും സാധ്യത ഉണ്ടെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ റോഡരികിൽ സുരക്ഷാ ഉറപ്പാക്കാൻ ഇരുമ്പ് ഹാൻഡ് റെയിൽ സ്ഥാപിക്കുന്ന ജോലികൾ തുടരുന്നുണ്ട്.
ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. റോഡരികിൽ പാർക്കിങ് അനുവദിക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉയർത്തുന്നുണ്ട്.
എന്നാൽ ഇത് റോഡ് വികസനത്തിന്റെ ഗുണഫലം ഇല്ലാതാക്കുമെന്നും ഇത്തരം ആവശ്യങ്ങളിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും ആവശ്യമുണ്ട്. ഹാൻഡ് റെയിൽ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റോഡ് ടാറിങ് നടന്ന നഗരത്തിലെ ചില സ്ഥലങ്ങളിൽ പുതുതായി ചില ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ഒരുക്കാൻ യൂണിയനുകളുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ടിബി ജംക്ഷനിൽ ഇത്തരത്തിൽ മാടപ്പറമ്പിൽ കോംപ്ലക്സിനു സമീപം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ തുടങ്ങി. റോഡ് കയ്യേറിയുള്ള ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

