തൊടുപുഴ ∙ ഇടുക്കി ഗവ. നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഔദ്യോഗിക ചർച്ചായോഗമെന്ന മട്ടിൽ ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ യോഗം ചേർന്നത് വിവാദമാകുന്നു.
‘കലക്ടറുടെ മീറ്റിങ്ങില്ല, സി.വി.വർഗീസ് സാറിന്റെ ഓഫിസിൽ മീറ്റിങ്ങുണ്ട്’ എന്ന് നഴ്സിങ് കോളജ് പ്രിൻസിപ്പൽ പിടിഎ എക്സിക്യൂട്ടീവിന്റെ വാട്സാപ് ഗ്രൂപ്പിലിട്ട അറിയിപ്പ് പുറത്തുവന്നു.
കഴിഞ്ഞ 17നു രാത്രി 10.34നാണ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ജിജി ജോൺ ഗ്രൂപ്പിൽ സന്ദേശം അയച്ചത്. പിറ്റേന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ചെറുതോണിയിലെ ഓഫിസിൽ നടന്ന യോഗത്തിൽ സെക്രട്ടറി സി.വി.വർഗീസ് വിദ്യാർഥികളെയും പിടിഎ ഭാരവാഹികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയതാണ് വിവാദമായത്.
സ്ഥാപനത്തിലെ ഒരു വിഷയം ചർച്ച ചെയ്യുന്നതിനു യോഗ്യനായ വ്യക്തി സി.വി.വർഗീസ് ആണെന്നു തോന്നുകയാണെങ്കിൽ നഴ്സിങ് കോളജ് പ്രിൻസിപ്പലിന് സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും രാജി വയ്ക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രിൻസിപ്പലിനെ സർക്കാർ പുറത്താക്കണമെന്നും ഡീൻ പറഞ്ഞു.
അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒരു യോഗവും വിളിച്ചു ചേർത്തിട്ടില്ലെന്നും പിടിഎ പ്രസിഡന്റും വിദ്യാർഥികളുമാണ് ഓഫിസിൽ വന്ന് കാണാൻ സമയം ചോദിച്ചതെന്നും സി.വി.വർഗീസ് പറഞ്ഞു.
ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു വിദ്യാർഥികൾ നടത്തിയ സമരം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ചയുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് അവസാനിപ്പിച്ചത്. കലക്ടറുടെ യോഗമില്ലെന്നും സിപിഎം ഓഫിസിലാണ് യോഗമെന്നും പ്രിൻസിപ്പൽ അവസാന നിമിഷം പിടിഎ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
അതേസമയം, കോളജിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കരുതിയാണ് യോഗത്തിൽ പങ്കെടുത്തതെന്ന് പിടിഎ എക്സിക്യൂട്ടീവ് അംഗം പി.ആർ.രാജിമോൾ പറഞ്ഞു.
ഇപ്പോൾ ഒരു സ്കൂൾ കെട്ടിടത്തിലാണ് നഴ്സിങ് വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരു മുറിയിൽ 12 മുതൽ 18 വരെ വിദ്യാർഥികൾ താമസിക്കുന്നു.
ശുചിമുറി സൗകര്യം കുറവായതിനാൽ വിദ്യാർഥികൾ ക്യൂ നിന്നാണ് ശുചിമുറി ഉപയോഗിക്കുന്നത്. നഴ്സിങ് കോളജിനായി പൈനാവിൽ പണിത കെട്ടിടത്തിൽ ഇടുക്കി മെഡിക്കൽ കോളജിലെ ജീവനക്കാരാണ് താമസിക്കുന്നത്. ഇവരെ ഇവിടെനിന്നു മാറ്റാതിരിക്കുന്നതിനു കാരണം ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പലാണെന്നും രാജിമോൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

