ആലുവ∙ കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതി–2 പ്രകാരം നഗരസഭയിലെ പഴക്കംചെന്ന ഭൂഗർഭ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് അനുവദിച്ച 3.57 കോടി രൂപയുടെ പദ്ധതി 2 സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം അനിശ്ചിതത്വത്തിൽ. ജല അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മിലാണ് ഭിന്നത.
ആദ്യമായല്ല, ഇരു വകുപ്പുകളും തമ്മിലുള്ള ശീതസമരം മൂലം ആലുവയിൽ പൈപ്പിടൽ മുടങ്ങുന്നത്. നഗരത്തിലെ പമ്പ് കവല–ആർഎസ് റോഡ്, പമ്പ് കവല–മാർവർ കവല, ബാങ്ക് കവല–മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ആർഎസ് റോഡ്–സീനത്ത് കവല റോഡുകളിൽ ഡിഐ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയാണ് സ്തംഭിച്ചത്.
പൈപ്പ് എത്തിയിട്ടു മാസങ്ങളായി. ജല അതോറിറ്റി ടെൻഡർ നടപടികളും പൂർത്തിയാക്കി.
പക്ഷേ, റോഡ് കുഴിക്കാൻ പിഡബ്ല്യുഡി അനുമതി നൽകുന്നില്ല. അടുത്തയിടെ റോഡ് ബിഎംബിസി ടാറിങ് നടത്തി എന്നതാണ് കാരണം.
ഇനി ഉടനെ കുത്തിപ്പൊളിച്ചാൽ റോഡ് തകരും. റോഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എംഎൽഎ വിളിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൈപ്പുകൾ ഇട്ട
ശേഷമേ ടാറിങ് നടത്താവൂ എന്നു ജല അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിരുന്നതായി അവർ പറയുന്നു. എന്നാൽ, പിഡബ്ല്യുഡി പരിഗണിച്ചില്ല.
70 വർഷം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളിലൂടെയാണ് നിലവിൽ നഗരസഭയിൽ ജലവിതരണം നടത്തുന്നത്.
വെള്ളത്തിന്റെ മർദം കൂടുമ്പോൾ പൈപ്പുകൾ പൊട്ടുന്നതു പതിവാണ്. മർദം കുറച്ചാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടില്ല.
10 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകിയിട്ടും പിഡബ്ല്യുഡി വഴങ്ങിയില്ലെന്നാണ് പരാതി. കാലാവസ്ഥ അനുകൂലമായി വന്നതു കൊണ്ടാണ് പെട്ടെന്നു ടാറിങ് നടത്തിയതെന്നാണ് പിഡബ്ല്യുഡി അധികൃതരുടെ വാദം.
മഴ പിടിച്ചാൽ പണി നടക്കില്ല. ജല അതോറിറ്റിക്കു പൈപ്പിടാൻ റോഡ് കൈമാറിയാൽ പണി യഥാസമയം തീർക്കില്ലെന്നും പരാതിയുണ്ട്.
റോഡ് തകർന്നു കിടക്കുന്നതിന്റെ പഴി കേൾക്കേണ്ടി വരിക പിഡബ്ല്യുഡി ഉദ്യോഗസ്ഥരാണ്. ആലുവ–പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ പൈപ്പിടാൻ ജല അതോറിറ്റി മാസങ്ങൾ എടുത്തതിന്റെ പേരുദോഷം ഇപ്പോഴും മാറിയിട്ടില്ലെന്നും പിഡബ്ല്യുഡി അധികൃതർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

