കൊച്ചി∙ നിർമാണ നിയന്ത്രണ പരിധി 20 മീറ്ററാക്കി കുറച്ചു നിയമം വന്നിട്ടും തീര മാനേജ്മെന്റ് അതോറിറ്റിയുടെ വീഴ്ചമൂലം തീരവാസികൾക്കു വീടു നിർമിക്കാൻ ഇപ്പോഴും 50 മീറ്റർ നിർമാണ നിരോധന മേഖല. വീടു നിർമാണത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറു കണക്കിന് ആളുകളാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
2019ൽ പ്രഖ്യാപിച്ച തീരപരിപാലന നിയമത്തിനു തീര മാനേജ്മെന്റ് പ്ലാൻ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. തീര മാനേജ്മെന്റ് പ്ലാനിനൊപ്പം സിആർസെഡ് 2വിൽ ഭൂവിനിയോഗ ഭൂപടം കൂടി വേണമെന്നാണു തീര മാനേജ്മെന്റ് അതോറിറ്റിയുടെ നിലപാട്.
അതീവ പരിസ്ഥിതി ദുർബല മേഖല തീരുമാനിക്കാൻ തീര മാനേജ്മെന്റ് പ്ലാൻ മാത്രം കണക്കാക്കിയാൽ പോരാ എന്ന് മാനേജ്മെന്റ് പ്ലാനിൽ തന്നെ എഴുതിവച്ചിരിക്കുന്നതിനാലാണ് കോസ്റ്റൽ ലാൻഡ് യൂസ് മാപ്പ് ആവശ്യമായി വരുന്നത്. ദ്വീപുകൾക്കും മാനേജ്മെന്റ് പ്ലാനിനൊപ്പം ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ വേണമെന്നു നിർദേശിച്ചിരുന്നു.
രണ്ടും ഇതുവരെ തയാറാക്കിയിട്ടില്ല. എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി 1035 തീര ദ്വീപുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ഇവിടെ 20 മീറ്ററിനു പകരം 50 മീറ്ററാണ് ഇപ്പോൾ ദൂര പരിധി ബാധകമായിട്ടുള്ളത്. 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങൾക്കു തന്നെ അനുമതി നൽകാമെന്നു 2019 ലെ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഇൗ തടസ്സങ്ങൾ മൂലം അപേക്ഷകൾ തീര മാനേജ്മെന്റ് അതോറിറ്റിയുടെ പരിശോധനയ്ക്ക് അയക്കേണ്ടി വരുന്നു.
2019 ലെ തീര പരിപാലന നിയമത്തിനു മാനേജ്മെന്റ് പ്ലാൻ തയാറാക്കിയത് കഴിഞ്ഞ ഒക്ടോബറിൽ മാത്രമാണ്.
2011 ലെ വിജ്ഞാപന പ്രകാരമുള്ള നിബന്ധനകളായിരുന്നു അതുവരെ ബാധകം. കോസ്റ്റൽ ലാൻഡ് യൂസ് മാപ്പും ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് മാപ്പും തയാറാക്കാത്തതു മൂലം വീണ്ടും 2011 ലെ നിബന്ധനകൾ തന്നെ തുടരുന്ന സാഹചര്യമാണ് ഇപ്പോൾ.
2 പ്ലാനുകളും തയാറാക്കാൻ കഴിഞ്ഞ മാർച്ചിൽ ചേർന്ന തീര മേഖല മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സിആർസെഡ് 2, 3എ വിഭാഗങ്ങളിൽ പെടുന്നവരെയാണ് ഇതു കൂടുതലായും ബാധിക്കുക. സിആർസെഡ് 2 നഗര മേഖലയാണെങ്കിലും കണ്ടലുകളുടെ സാന്നിധ്യമുണ്ടെങ്കിൽ അത് സിആർസെഡ് 1 ലേക്കു മാറും.
ഇത്തരം അപേക്ഷകളിൽ മുനിസിപ്പാലിറ്റിയോ, കോർപറേഷനോ കെട്ടിട
നിർമാണത്തിനു അനുമതി നൽകിയാലും ഉപഗ്രഹ ചിത്രത്തിൽ കണ്ടൽ ചെടികൾ ഉണ്ടെന്നു കണ്ട് തീര മാനേജ്മെന്റ് അതോറിറ്റി അനുമതി നിഷേധിക്കും. സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ ചിത്രങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കരുതെന്നാണു തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്.
തീരമേഖലയിലെ പഞ്ചായത്തുകൾ സിആർസെഡ് 3 എ, 3ബി വിഭാഗങ്ങളിലാണ്. ഇതിൽ കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകൾക്കാണു നിർമാണ നിയന്ത്രണ പരിധി 20 മീറ്ററാക്കിയത്. ജനസംഖ്യ കുറവുള്ള 3ബി വിഭാഗത്തിലെ പഞ്ചായത്തുകൾക്ക് ഇപ്പോഴും 50 മീറ്റർ തന്നെയാണു നിർമാണ നിയന്ത്രണം.
സംയോജിത ദ്വീപ് മാനേജ്മെന്റ് പ്ലാൻ ഇല്ലാത്തതിനാൽ 3എയിലെ നിർമാണങ്ങൾക്കും 50 മീറ്റർ തന്നെ പാലിക്കേണ്ടിവരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

