ചേർത്തല ∙ വയലാറിലൂടെ അഥവാ, വയലാറിലേക്കുള്ള യാത്രയിൽ ഗാനരചയിതാക്കളായ വയലാർ ശരത്ചന്ദ്ര വർമയും രാജീവ് ആലുങ്കലും ചലച്ചിത്രഗാന നിരൂപകൻ ഡോ. സജിത്ത് ഏവൂരേത്തും കൈകോർത്തു.
അവർ വയലാറിന്റെ പാട്ടുകളിലെ ആഴവും ഉന്നതിയും കൗതുകങ്ങളും പങ്കുവച്ചു, ഒന്നിച്ചു പാടി. കോളജ് വിദ്യാർഥികളും വയലാർ ആരാധകരും ഉൾപ്പെട്ട
സദസ്സ് അനുയാത്ര ചെയ്തു. മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായി, വയലാർ രാമവർമയുടെ 50ാം ചരമവാർഷികം പ്രമാണിച്ച് എസ്എൻ കോളജിൽ നടത്തിയ ‘ചന്ദ്രകളഭം’ പരിപാടി അനുവാചകരുടെ സ്മരണാഞ്ജലിയായി.
വയലാറെന്ന അച്ഛനെ വലിയ പരിചയമില്ലാത്ത താൻ ആ നഷ്ടം മറക്കുന്നത് വയലാറിനെ സ്നേഹിക്കുന്ന ആളുകളുടെ നടുവിലിരിക്കുമ്പോഴാണെന്നു വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു.
‘എനിക്കു മരണമില്ല’ എന്ന് അദ്ദേഹം എഴുതി. കവിയോടുള്ള ഈ സമൂഹത്തിന്റെ സ്നേഹം അതു ശരിവയ്ക്കുന്നു.
ചിലപ്പോഴൊക്കെ വയലാറിന്റെ പേരിലുള്ള പ്രശസ്തി ഭാരമാകുകയും ചെയ്യും. ശിപായിലഹളയുടെ നൂറാം വാർഷിക പരിപാടിക്കായി അദ്ദേഹം എഴുതിയ ബലികുടീരങ്ങളേ… എന്ന പാട്ടിൽ താമര എന്ന വാക്കുള്ളതിനാൽ ഇടതു വേദികളിൽനിന്ന് അത് ഒഴിവാക്കിയതു വേദനാജനകമായിരുന്നു.
ആ താമര വിരിയലിന്റെ അർഥമറിയാതെ, ഒഴുക്കുവെള്ളത്തിൽ താമര വിരിയില്ലല്ലോ എന്നു ചിലർ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയലാറിന്റെ അന്ത്യവിശ്രമസ്ഥലമായ രാഘവപ്പറമ്പിലേക്കു 42 വർഷമായി തീർഥാടനം നടത്തുന്നയാളാണു താനെന്നും അതിന്റെ ഗുരുത്വം ഗാനരചനയിൽ തനിക്കുണ്ടെന്നും രാജീവ് ആലുങ്കൽ. പുതിയ തലമുറ ഒരിക്കലെങ്കിലും അവിടെ പോകണം.
വയലാറിനെ ഇന്നും സ്നേഹിക്കുന്നവർ അവിടെ വന്നു കരയുന്നതു കാണാം. സാമൂഹിക വിഷയങ്ങൾ പാട്ടുകളിൽ കൊണ്ടുവരിക മാത്രമല്ല, വയലാർ ധീരമായി അത്തരം വിഷയങ്ങളിൽ ഇടപെടുകയും ചെയ്തു. മനുഷ്യപുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല എന്നു വയലാർ എഴുതിയ ശേഷമാണു കെ.ആർ.ഗൗരിയമ്മയും കൂട്ടരും ഭൂപരിഷ്കരണത്തെപ്പറ്റി ചിന്തിച്ചതെന്നും പറഞ്ഞു.
വയലാറിന്റെ പല ഗാനങ്ങളും പ്രവചനസ്വഭാവമുള്ളവയാണെന്നും കാലത്തിനപ്പുറം സത്യദർശനം ചെയ്ത പ്രവാചകനാണ് അദ്ദേഹമെന്നും ഡോ.
സജിത്ത് ഏവുരേത്ത് പറഞ്ഞു. ഏറ്റവും ശാസ്ത്രബോധമുള്ള കവിയുമാണു വയലാർ.
അദ്ദേഹത്തിന്റെ എഴുത്തിൽ കാളിദാസന്റെ സ്വാധീനം ഏറെയുണ്ടായിരുന്നു. ഒട്ടേറെ പുതിയ കൽപനകളും പ്രയോഗങ്ങളും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂവരും ചേർന്നു വയലാറിന്റെ ‘പത്മതീർഥമേ ഉണരൂ…’ എന്ന ഗാനം ആലപിച്ചാണു പരിപാടി ഉദ്ഘാടനം ചെയ്തത്.
എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി.ബിന്ദു, മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സാക്കിർ ഹുസൈൻ, ചീഫ് റിപ്പോർട്ടർ ജിതിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
കോളജ് അധ്യാപകരായ ഡോ. ഷീജ ജോർജ്, ഡോ.
എൻ.സവിത, വിദ്യാർഥികളായ എം.പി.മേഘ, എസ്.വൈഷ്ണവി, എസ്.ഭവ്യശ്രീ മാലിക, പി.പി.അഭിരാമി എന്നിവർ വയലാർ ഗാനങ്ങളുടെ നൃത്തശിൽപങ്ങൾ അവതരിപ്പിച്ചു. ബി.ഹരികുമാറും ദിൽജീന സൂസൻ ജോണും വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു.
പാട്ടുപോലെ ഒഴുകി വയലാർ കഥകൾ…
ചേർത്തല ∙ മക്കളുടെ പേരുകൾ പല പാട്ടുകളിലായി ഉൾപ്പെടുത്തിയ വയലാർ, മകനെ അടുത്തിരുത്തി എഴുതിയ പാട്ട് എക്കാലത്തെയും ഹിറ്റായത്, ‘ചെമ്മീനി’ലെ പാട്ടുകളെല്ലാം തുടങ്ങുന്നത് അഭിസംബോധനയോടെയാണെന്ന കൗതുകകരമായ കണ്ടെത്തൽ, വയലാർ സ്കൂൾ പഠനം നിർത്തിപ്പോയപ്പോൾ ശകാരിച്ച പ്രധാനാധ്യാപകൻ പിന്നീട് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചതിന്റെ അത്രയൊന്നും അറിയപ്പെടാത്ത കഥ– കൗതുകങ്ങൾ നിറഞ്ഞ വയലാർ കഥകൾ പാട്ടുപോലെ ഒഴുകുകയായിരുന്നു ഹോർത്തൂസ് ചന്ദ്രകളഭത്തിൽ.
വയലാറെന്ന കവിയെ എങ്ങനെ നോക്കിക്കാണുന്നു എന്നു വയലാർ ശരത്ചന്ദ്ര വർമയോടു ഡോ.
സജിത്ത് ഏവൂരേത്തിന്റെ ചോദ്യം. കുഴപ്പിക്കുന്ന ചോദ്യമെന്ന ആമുഖത്തോടെ അധികം പരിചയമില്ലാത്ത വയലാറെന്ന അച്ഛനെപ്പറ്റിയും ഒരു സമൂഹമാകെ ഏറ്റെടുത്ത കവിയെയും പറ്റി മകൻ വിവരിച്ചു.
വയലാറിന്റെ 25ാം ചരമവാർഷികത്തിൽ മകൻ എഴുതിയ ‘സത്യത്തിന് 25 വയസ്സായി’ എന്ന കവിത ഓർത്തുചൊല്ലി രാജീവ് ആലുങ്കൽ.
വയലാറിന്റെ സ്വാധീനം പാട്ടെഴുത്തിൽ എത്രത്തോളമെന്നു ഡോ. സജിത്ത് ചോദിച്ചതു രാജീവിനോട്.
‘പണ്ടൊക്കെ തുലാം അഞ്ചോ ആറോ ആകുമ്പോൾ എന്റെ അച്ഛൻ സങ്കടപ്പെടുന്നതു കണ്ട ഞാൻ കരുതിയതു വയലാർ ഞങ്ങളുടെ ബന്ധുവാണെന്നാണ്’– രാജീവിന്റെ മറുപടി.
അച്ഛനെപ്പോലെ വയലാറിനെയോർത്തു കരയുന്ന എത്രയോ പേരുണ്ട്. രാഘവപ്പറമ്പിൽ ചെന്നാൽ ഇന്നും ആ കരച്ചിൽ കാണാം.
വയലാറിന്റെ സ്മൃതികുടീരത്തിൽ ക്ഷേത്രത്തിലെപ്പോലെ വലം വയ്ക്കുകയും കാണിക്കയിടുകയും ചെയ്യുന്നതു വരെ ആരാധന വളരുന്നതിന്റെ ഓർമകൾ ശരത്ചന്ദ്ര വർമയ്ക്കു പറയാനുണ്ടായിരുന്നു. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ഖുറാനൊപ്പം വയലാറിന്റെ കൃതികൾ വച്ചിരിക്കുന്നതും ഒരിക്കൽ കണ്ടു.
പത്മതീർഥമേ ഉണരൂ എന്ന പാട്ടിനോടുള്ള ഇഷ്ടത്തിൽനിന്ന് ശരത്ചന്ദ്ര വർമ ആ വരികളുടെ അന്തരാർഥങ്ങളിലേക്കു നീന്തി.
ഇരുട്ടിനു ശേഷം വരുന്ന വെളിച്ചത്തെ അതിഥിയായി സ്വീകരിക്കുന്ന പാട്ടാണത്. മടുത്തു മയങ്ങുന്ന ഭാരതപൗരന് ഉണരാനും ഉയർന്നു പറക്കാനുമുള്ള പാട്ട്.
വയലാർ ആസ്വാദകർക്കു പരിചയപ്പെടുത്തിയ അപൂർവ പദങ്ങളെപ്പറ്റിയുമുണ്ടായി ചർച്ച.
ചക്രവർത്തിനി എന്ന വാക്ക് വയലാർ എഴുതുന്നതു വരെ ഉണ്ടായിരുന്നില്ലെന്ന് ഒഎൻവി പറഞ്ഞതു രാജീവ് ഓർത്തു. വസുന്ധര എന്ന വാക്കിനെയും ചന്ദ്രകളഭം ചാർത്തി എന്ന പാട്ടിൽ അതിന്റെ സ്ഥാനത്തെയും ഡോ.സജിത്തും രാജീവും രണ്ടുവിധം വർണിച്ചു.
അവനവന്റെ ഉള്ളിൽനിന്നാണ് ആദ്യം വെളിച്ചമുണ്ടാകേണ്ടതെന്നാണു വയലാർ ഭക്തിഗാനങ്ങളിൽ ‘നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ നിൻ പ്രസാദം ചാലിച്ചു നെറ്റിയിലിട്ട്’ എന്നാണെഴുതിയത്.
അഴുക്കുകളെ പുറത്തുകളഞ്ഞ് മനസ്സിനെ മനോഹര ശിൽപമാക്കണമെന്നാണു ഭക്തിഗാനങ്ങളിലും മറ്റുള്ളവയിലും വയലാർ പറഞ്ഞത്. ശബരിമലയിൽ തങ്കസൂര്യോദയം, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു തുടങ്ങിയ പാട്ടുകൾ അരനൂറ്റാണ്ടിനു ശേഷവും കാലികപ്രസക്തമാണെന്നു രാജീവ് പറഞ്ഞു.
അന്നൊക്കെ പാട്ടുകൾക്കു സിനിമയുമായല്ല, സമൂഹവുമായാണു കൂടുതൽ ബന്ധമെന്നു തോന്നിയിട്ടുണ്ട്.
വയലാർ ശരത്ചന്ദ്ര വർമ സിനിമയിൽ പാട്ടെഴുതി തുടങ്ങിയ കാലത്ത് ആ വരികളുടെ ഭംഗി കണ്ടപ്പോൾ ഇതൊക്കെ വയലാറിന്റെ പഴയ ഡയറിയിൽനിന്ന് അടിച്ചുമാറ്റിയതാണോ എന്നു സംശയിച്ചിട്ടുണ്ടെന്ന ഡോ. സജിത്തിന്റെ ആരാധന ചേർന്ന നർമത്തിൽ സദസ്സിനൊപ്പം ശരത്ചന്ദ്ര വർമയും പൊട്ടിച്ചിരിച്ചു.
പിന്നെ മനസ്സിലായി, വയലാറെന്ന വലിയ ഒഴുക്കിൽനിന്നുണ്ടായ അരുവികളാണു മകന്റെ പാട്ടുകളെന്ന്.
മക്കളുടെ പാട്ടുകൾ വയലാർ സ്വാഭാവിക ഭംഗിയോടെയാണു പാട്ടുകളിൽ ഉപയോഗിച്ചത്. ഇന്ദുലേഖേ ഇന്ദുലേഖേ ഇന്ദ്രസദസ്സിലെ നൃത്തലോലേ, നദികളിൽ സുന്ദരി യമുന എന്നിവ പെൺമക്കളുടെ പേരുകൾ ചേർന്ന പാട്ടുകളാണ്.
ശരത്ചന്ദ്രനെന്ന് അതേപടി ഉപയോഗിച്ചില്ലെങ്കിലും ശാരദേന്ദുകല ചുറ്റിനും എന്നെഴുതിയപ്പോൾ താനും ഉൾപ്പെട്ടെന്നു ശരത്ചന്ദ്ര വർമ. അനുജത്തി സിന്ധുവിന്റെ പേര് അച്ഛൻ ഉപയോഗിച്ചില്ലെന്നു പറഞ്ഞ് കാനം ഇജെയുടെ ‘ഉഷസ്സിൽ നീയൊരു തുഷാരബിന്ദു, മനസ്സിൽ നീയൊരു വികാരസിന്ധു’ എന്ന പാട്ടു പാടി നടന്നിട്ടുണ്ട്.
‘ചെമ്മീനിലെ നാലു പാട്ടുകളും തുടങ്ങുന്നത് അഭിസംബോധനയോടെയാണെന്ന കൗതുകമാണു ഡോ.
സജിത്ത് ചൂണ്ടിക്കാട്ടിയത്: കടലിനക്കരെ പോണോരേ, മാനസമൈനേ, പുത്തൻ വലക്കാരേ, പെണ്ണാളേ പെണ്ണാളേ… മാറ്റത്തിനു വേണ്ടിയുള്ള എഴുത്തായിരുന്നു വയലാറിന്റേതെന്നും ശരത്ചന്ദ്ര വർമ പറഞ്ഞു. ചലനം ചലനം ചലനം മാനവജീവിത പരിണാമത്തിൻ മയൂരസന്ദേശം എന്ന പാട്ടൊക്കെ ഉദാഹരണം.
പ്രണയഗാനങ്ങളിൽ മിക്കതും പുരുഷൻമാരുടേതായിരുന്നു. പക്ഷേ, പെൺമനസ്സിൽ കയറിയിരുന്നും പ്രേമഗാനങ്ങളെഴുതിയിട്ടുണ്ട്.
രാജശിൽപീ നീയെനിക്കൊരു… ഉദാഹരണം.
അമ്മ വയലാറിനു വലിയ വികാരമായിരുന്നെന്നു രാജീവ്. പഴയ മദിരാശിയിൽനിന്നു കത്തയച്ചിരുന്നത് ‘അമ്മ, വയലാർ’ എന്ന വിലാസത്തിലായിരുന്നു.
പോസ്റ്റ്മാന് അറിയാമായിരുന്നു അത് ആർക്കുള്ളതാണെന്ന്. അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര്, ദൈവമാര് എന്നാണു വയലാർ എഴുതിയത്.
‘ചട്ടക്കാരി’യിൽ പാട്ടെഴുതിയതു വയലാറാണെങ്കിലും പുതിയ ‘ചട്ടക്കാരി’യിൽ എഴുതാൻ ഭാഗ്യം കിട്ടിയതു മകനല്ല, രാജീവിനാണെന്നു ഡോ. സജിത്ത് പറഞ്ഞപ്പോൾ ശരത്ചന്ദ്ര വർമയുടെ ഫലിതം: അച്ഛൻ പ്രണയിച്ച പെണ്ണിനെ മകനും പ്രണയിക്കേണ്ടെന്നു കരുതിയാകും.
ആയിരം പാദസരങ്ങൾ കിലുങ്ങി എന്ന പാട്ടെഴുതുമ്പോൾ അടുത്തിരുന്നതിന്റെ ഓർമ കണ്ണു നനയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമെന്നു ശരത്ചന്ദ്ര വർമ.
ആലുവ ഗെസ്റ്റ് ഹൗസിലായിരുന്നു അച്ഛന്റെ എഴുത്ത്. ഞാൻ ബോർഡിങ്ങിൽനിന്ന് എത്തിയപ്പോൾ അടുത്തിരുത്തി.
കേട്ടാൽ എപ്പോഴും കണ്ണു നിറയുന്ന പാട്ട്. എങ്കിലും ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി എന്ന വരി കേൾക്കുമ്പോൾ ചിരിക്കുകയും ചെയ്യും.
പഠിച്ച സ്കൂളിൽനിന്നു വയലാറിനു ശകാരവും ആദരവും കിട്ടിയ കഥ പറഞ്ഞതു രാജീവാണ്.
ചേർത്തലയിലെ സ്കൂളിലെ പഠിപ്പു നിർത്തിയപ്പോൾ ‘നീയൊരു ക്ഷത്രിയനാണോടാ’ എന്നു പ്രധാനാധ്യാപകൻ അരിശത്തോടെ ചോദിച്ചു. വർഷങ്ങൾക്കു ശേഷം അക്കാദമി അവാർഡ് നേടിയെത്തിയ വയലാറിനോട് ‘ഇരിക്ക് തിരുമേനീ’ എന്നു പറഞ്ഞതും അതേയാൾ.
അന്നു പോയതുകൊണ്ടാണു ഞാൻ വയലാറായത് എന്നായിരുന്നു പഴയ വിദ്യാർഥിയുടെ മറുപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

