കൂടരഞ്ഞി∙ പെരുമ്പൂള കൃഷിയിടത്തിലെ പൊട്ടക്കിണറ്റിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കിണറിനുള്ളിൽ വനം വകുപ്പു സ്ഥാപിച്ച ക്യാമറ പരിശോധിച്ചാണ് സാന്നിധ്യം ഉറപ്പിച്ചത്.
എന്നാൽ പെട്ടെന്നുള്ള വെളിച്ചത്തിന്റെ പ്രതിഫലനം കൊണ്ട് ജീവി പുലിയോ കടുവയോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇരയായി വച്ച മാംസം ജീവി എടുത്തിട്ടുണ്ട്.
ഇന്നലെ വനപാലകർ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു.
വിഡിയോ ക്യാമറയും രാത്രിക്കാഴ്ചയുള്ള സ്റ്റിൽ ക്യാമറയും സ്ഥാപിച്ചു. സമീപത്ത് തീറ്റയായി കോഴിയെയും വച്ചിട്ടുണ്ട്.
സ്ഥലത്ത് ആർആർടി സംഘവും സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരും ക്യാംപ് ചെയ്യുന്നുണ്ട്. കിണറ്റിലെ ജീവി ഏതെന്ന് സ്ഥിരീകരിച്ചാൽ മയക്കു വെടിവച്ച് കൂട്ടിലാക്കി കൊണ്ടുപോകാനുള്ള നീക്കമാണ് വനപാലകർ നടത്തുന്നത്.
കിണറിനടിയിൽ വലിയ ഗുഹ ഉള്ളതാണ് ജീവിയെ കണ്ടെത്താൻ തടസ്സം നേരിടുന്നതെന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി.പ്രേം ഷമീർ അറിയിച്ചു.
മഴ ശക്തിപ്പെട്ടത് ക്യാമറയുടെ കാഴ്ച മറയ്ക്കുന്നുണ്ട്. പകൽ കിണറിനു പുറത്ത് ശബ്ദം ഉള്ളതിനാൽ രാത്രി ഗുഹയിൽ നിന്നു ജീവി പുറത്ത് വരാനുള്ള സാധ്യതയാണ് വനപാലകർ കാണുന്നത്.
ബുധനാഴ്ച രാവിലെയാണ് പെരുമ്പൂള കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറ ഇല്ലാത്ത പൊട്ടക്കിണറ്റിൽ കടുവയ്ക്ക് സമാനമായ ജീവിയെ പരിസരവാസികളായ 2 പേർ കണ്ടത്. ആൾ പെരുമാറ്റം കിണറിനു പുറത്ത് ഉണ്ടായതോടെ ജീവി കിണറ്റിനുള്ളിലെ ഗുഹയിലേക്കു കയറി പോകുകയായിരുന്നു.
പടക്കം പൊട്ടിച്ച് ജീവിയെ പുറത്തു കൊണ്ടുവരാൻ വനപാലകർ ശ്രമിച്ചെങ്കിലും കിണറിനുള്ളിൽ വിശാലമായ ഗർത്തം ഉള്ളതിനാൽ ജീവി പുറത്തേക്ക് വന്നില്ല. തുടർന്നാണ് ക്യാമറ സ്ഥാപിച്ച് പരിശോധന ആരംഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]