അമ്പലപ്പുഴ ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഏക സഹോദരി പറവൂർ കിഴക്ക് വെന്തലത്തറയിൽ ആഴിക്കുട്ടി(95) അന്തരിച്ചു. ഇന്നലെ പുലർച്ചെ വിഎസിന്റെ കുടുംബവീടായ വെന്തലത്തറ വീട്ടിലായിരുന്നു അന്ത്യം. അവശനിലയിൽ ഓർമ നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന ആഴിക്കുട്ടിയെ വിഎസിന്റെ വിയോഗം അറിയിച്ചിരുന്നില്ല.
വിഎസ് അന്തരിച്ച് മൂന്നു മാസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സഹോദരിയുടെ മരണം. സംസ്കാരം നടത്തി.
ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.
മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ.
ഓർമയായി, അണ്ണന്റെ ആഴിക്കുട്ടി
അമ്പലപ്പുഴ∙ ഓലപ്പുരയ്ക്കുള്ളിൽ, വസൂരി വന്ന് നൊന്തു മരിക്കാറായി കിടക്കുന്ന അമ്മയെ ഓലപ്പഴുതിലൂടെ വി.എസ്.അച്യുതാനന്ദൻ എന്ന കൊച്ചുകുട്ടി കാണുമ്പോൾ അച്ഛന്റെ വിരൽത്തുമ്പ് പിടിച്ച് ഒരു വയസ്സുകാരി ആഴിക്കുട്ടിയുമുണ്ടായിരുന്നു. അമ്മയും അച്ഛനും മരിച്ച ശേഷം ആഴിക്കുട്ടിക്ക് ആശ്രയം അണ്ണന്മാരായിരുന്നു.
അതിൽ ഏറ്റവും പ്രിയം വി.എസ്. അച്യുതാനന്ദനോടായിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദനും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന പറവൂർ കിഴക്ക് വെന്തലത്തറ വീട്ടിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച സഹോദരി ആഴിക്കുട്ടി താമസിച്ചിരുന്നത്. ഏതു തിരക്കിനിടയിലും തിരുവോണ നാളിൽ കുടുംബസമേതം ആലപ്പുഴ വേലിക്കകത്ത് വീട്ടിലെത്തിയിരുന്ന വിഎസ് കുടുംബവീട്ടിലെത്തി ആഴിക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കുമായിരുന്നു.
ആരോഗ്യനില മോശമായതോടെ വിഎസിന്റെ ആലപ്പുഴയിലേക്കുള്ള വരവ് നിലച്ചപ്പോഴും ആഴിക്കുട്ടിക്കുള്ള അണ്ണന്റെ ഓണസമ്മാനം മുടങ്ങാതെയെത്തി. വിഎസ് ഓർമയാകുന്നതിന്റെ തൊട്ടുമുൻപുള്ള ഓണം വരെ ആ പതിവ് മുടങ്ങിയില്ല.
ഈ വർഷം വിഎസ് ഓർമയായതിനു ശേഷമുള്ള ആദ്യ ഓണത്തിന് വിഎസിന്റെ കുടുംബം ഓണക്കോടിയെത്തിച്ചു. വിഎസിന്റെ ജീവിതത്തിലുടനീളം ക്യാമറക്കണ്ണുകൾ ആഴിക്കുട്ടിയെ തിരഞ്ഞു.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിനു സീറ്റ് നിഷേധിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ വാർത്തയറിഞ്ഞ ആഴിക്കുട്ടി പൊട്ടിക്കരഞ്ഞു. അമ്മ മരിച്ച ശേഷം താനിങ്ങനെ കരയുന്നത് ആദ്യമാണെന്നു പറഞ്ഞു.
അണികളുടെ പ്രതിഷേധം കണക്കിലെടുത്ത് വിഎസിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. മത്സരിച്ച് വിജയിച്ച വിഎസ് മുഖ്യമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞ കാണാൻ അവശതകൾ മറന്ന് ആഴിക്കുട്ടി തിരുവനന്തപുരത്തെത്തി.
വിഎസിനെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ ആഴിക്കുട്ടി ടെലിവിഷൻ കാണുന്നത് പതിവായിരുന്നു. കിടപ്പിലാവുന്നതുവരെ ആഴിക്കുട്ടിക്ക് വിഎസിന്റെ വിശേഷങ്ങൾ എന്നുമറിയണമായിരുന്നു.
എന്നും തിരുവനന്തപുരത്തേക്കു ഫോണിൽ വിളിപ്പിക്കും. വിഎസിന്റെ മകൻ അരുൺകുമാർ വിവരങ്ങൾ അറിയിക്കും.
പക്ഷേ, ഈ വർഷം ജൂണിൽ വി.എസ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതും ജൂലൈയിൽ ഓർമയായതും ആഴിക്കുട്ടിയെ അറിയിച്ചിരുന്നില്ല. അപ്പോഴേക്കും ഓർമകളും ആഴിക്കുട്ടിയോടു യാത്ര പറഞ്ഞു തുടങ്ങിയിരുന്നു. ആഴിക്കുട്ടിയുടെ അന്ത്യകർമങ്ങളിൽ വിഎസിന്റെ മകൻ അരുൺകുമാറും കുടുംബവും പങ്കെടുത്തു.
സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ,എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ,മുൻ മന്ത്രി ജി.സുധാകരൻ, കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു,സി.എസ്.സുജാത, സി.കെ.സദാശിവൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]