വള്ളികുന്നം ∙ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ പിടികൂടി. പൊലീസിനെ കബളിപ്പിച്ച് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന തഴവ പാവുമ്പ തെക്കുംമുറി ആനന്ദഭവനത്തിൽ അനന്തനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം കട്ടച്ചിറ ആരൂർ ദുർഗ ക്ഷേത്രത്തിലാണ് അവസാനമായി മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച് രണ്ട് ഓട്ട് ഉരുളികളും ക്ഷേത്ര വളപ്പിനു പുറത്തെ സ്റ്റോർ റൂമിന്റെ പൂട്ട് പൊളിച്ച് വലിയ ഓട്ടുരുളിയും രണ്ട് കിലോ വരുന്ന ഓട്ടുമണിയും നാല് ചെറിയ നിലവിളക്കുകളുമാണ് കവർന്നത്.
കായംകുളം, കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിലെ മുൻകാലങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളിലെ പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷണ മുതലുകൾ കണ്ടെത്തുകയുമായിരുന്നു.
നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമരക്കുളത്ത് നിന്നും 1989ൽ സ്കൂട്ടർ മോഷ്ടിച്ച കേസിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതോടെ പ്രതിക്ക് എതിരെ കോടതി ലോങ് പെൻഡിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് വള്ളികുന്നം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം എസ്എച്ച്ഒ ടി.എൽ.ജയൻ, സിവിൽ പൊലീസ് ഓഫിസർ എം.അഖിൽകുമാർ എന്നിവരുടെ നിരന്തര അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

